Friday, July 10, 2026
Home » തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ വിൽക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ എതിർത്ത് ഇസ്രായേൽ

തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ വിൽക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ എതിർത്ത് ഇസ്രായേൽ

by Editor

ജെറുസലേം: അമേരിക്കന്‍ നിര്‍മ്മിത എഫ്-35 (F-35) യുദ്ധവിമാനങ്ങള്‍ തുര്‍ക്കിക്ക് വില്‍ക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായി എതിര്‍ത്തു. ഈ നീക്കം പശ്ചിമേഷ്യയിലെ സൈനിക സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്നും ഇസ്രായേലിന്റെ വ്യോമാധിപത്യത്തിന് ഭീഷണിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ മാധ്യമങ്ങൾക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അങ്കാറയിൽ നടക്കുന്ന നാറ്റോ (NATO) ഉച്ചകോടിക്കിടെ തുർക്കിക്ക് മേലുള്ള യു.എസ് ഉപരോധങ്ങൾ നീക്കുമെന്നും എഫ്-35 വിമാനങ്ങൾ നൽകുന്നത് പരിഗണിക്കുമെന്നും ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ഈ ശക്തമായ പ്രതികരണം. ഇസ്രായേലിനെ ഇല്ലാതാക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുന്ന റജബ് ത്വയ്യിബ് എർദോഗന്റെ ഭരണത്തിൻ കീഴിലുള്ള തുർക്കിയെ വിശ്വസ്തനായ ഒരു പങ്കാളിയായി കാണാനാകില്ലെന്ന് CNN-നോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. തുർക്കിയിലെ നിലവിലെ ഭരണകൂടം അമേരിക്കയെ വെറുക്കുന്ന ‘മുസ്ലിം ബ്രദർഹുഡ്’ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടതാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി.

അതേസമയം ട്രംപുമായി തനിക്ക് ഭിന്നതകളില്ലെന്നും പ്രധാന വിഷയങ്ങളില്‍ തങ്ങള്‍ ഒരേ നിലപാടിലാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ‘അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റാണ്, യുഎസിന് നല്ലത് ചെയ്യുന്നു. ഞാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ്, എന്റെ രാജ്യത്തിന് നല്ലത് ഞാനും ചെയ്യുന്നു’ എന്നായിരുന്നു നെതന്യാഹുവിന്റെ വിശദീകരണം. ഡൊണാൾഡ് ട്രംപിന് എർദോഗനുമായി വ്യക്തിപരമായ സൗഹൃദമുണ്ടാകാം, എന്നാൽ അത് തുർക്കിയെ അമേരിക്കയുടെ ഒരു നല്ല സഖ്യകക്ഷിയാക്കുന്നില്ലെന്ന് നെതന്യാഹു ഓർമ്മിപ്പിച്ചു. ആവശ്യാനുസരണം അമേരിക്കയ്ക്ക് മുന്നിൽ പുഞ്ചിരിക്കുകയും എന്നാൽ ഉള്ളിൽ അമേരിക്കൻ വിരുദ്ധത സൂക്ഷിക്കുകയും ചെയ്യുന്ന തന്ത്രപരമായ നിലപാടാണ് തുർക്കിയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തുർക്കി ഭരണകൂടം ഹമാസിനെ പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്നും, രാജ്യത്തെ രാഷ്ട്രീയ എതിരാളികളെയും മാധ്യമപ്രവർത്തകരെയും ജയിലിലടയ്ക്കുന്ന എർദോഗൻ ഒരിക്കലും ഒരു മാതൃകാ സഖ്യകക്ഷിയല്ലെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. തുർക്കിക്ക് അധിനിവേശപരമായ ആഗ്രഹങ്ങളുണ്ടെന്നും, പഴയ “ഓട്ടോമൻ സാമ്രാജ്യം പുനഃസ്ഥാപിക്കാൻ” തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അവർ പരസ്യമായി പറയുന്നുണ്ടെന്നും മറ്റൊരു അഭിമുഖത്തിൽ നെതന്യാഹു ആരോപിച്ചിരുന്നു. എർദോഗൻ അടുത്തിടെ ഇസ്രായേലിനെതിരെ നടത്തിയ കടുത്ത പ്രസ്താവനകളോട് പ്രതികരിക്കവേ, അദ്ദേഹം ആദ്യം “ശാന്തനാകണം” എന്നും ഓട്ടോമൻ ഭരണത്തിന്റെ കാലം കഴിഞ്ഞുവെന്ന് മനസ്സിലാക്കണമെന്നും നെതന്യാഹു മറ്റൊരു ചാനലിൽ നൽകിയ അഭിമുഖത്തിൽ പരിഹസിച്ചു.

2019-ൽ റഷ്യയിൽ നിന്ന് എസ്-400 (S-400) മിസൈൽ പ്രതിരോധ സംവിധാനം വാങ്ങിയതിനെ തുടർന്നാണ് തുർക്കിയെ എഫ്-35 പദ്ധതിയിൽ നിന്ന് യു.എസ് ഒഴിവാക്കിയതും ഉപരോധം ഏർപ്പെടുത്തിയതും. എന്നാൽ തുർക്കി വളരെ വിശ്വസ്തരായ സഖ്യകക്ഷിയാണെന്നും അവർക്ക് വിമാനങ്ങൾ നൽകുന്നത് ആലോചിക്കുമെന്നുമാണ് ട്രംപ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങളെ നെതന്യാഹു അപലപിച്ചു. ഇതിന് പിന്നിൽ കുറച്ചു ‘കുറ്റവാളികളായ യുവാക്കൾ’ ആണെന്നും, ഇത്തരം നിയമം കൈയിലെടുക്കുന്ന രീതികൾ ഇസ്രായേൽ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിനെതിരെയുള്ള ആഗോളതലത്തിലെ ജനവികാരം വർദ്ധിക്കുന്നതിന് കാരണം സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങളാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി.

Send your news and Advertisements

You may also like

error: Content is protected !!