വയനാട് കള്ളാടി തുരങ്കപാതാ നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ ഏഴായി. കള്ളാടിയിലെ ദുരന്ത ഭൂമിയിൽ ഇന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ ഏഴായി ഉയർന്നു. ഇന്ന് കണ്ടെത്തിയതിൽ മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. രാഹുൽ ശർമ, മുഹമ്മദ് ഇമ്രാൻ, അസറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ് കുമാർ സിങ്, ഝാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.
കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. 4 സോണുകളായിട്ടാണ് തിരച്ചിൽ നടത്തുന്നത്. ദുരന്തഭൂമിയിലെ പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഇന്ന് കൂടുതൽ ഊർജിതമാക്കി. പുഴയിൽ വീണുകിടന്ന ബസ്സും മറ്റ് വാഹനഭാഗങ്ങളും നീക്കം ചെയ്തതോടെ ജലനിരപ്പ് താഴുകയും വെള്ളം തെളിയുകയും ചെയ്തത് പരിശോധന എളുപ്പമാക്കിയിട്ടുണ്ട്. എൻ.ഡി.ആർ.എഫിന്റെ രണ്ട് ടീമുകൾ, ഫയർഫോഴ്‌സ്, പോലീസ്, സിവിൽ ഡിഫൻസ്, വോളൻ്റിയർമാർ എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. പരിശോധനയ്ക്കായി കഡാവർ ഡോഗ്‌സിനെയും ഉപയോഗിക്കുന്നുണ്ട്.
തുരങ്കപ്പാത നിർമാണ സ്‌ഥലത്തുനിന്ന് 200 മീറ്റർ ചുറ്റളവിലാണ് മണ്ണിടിച്ചിലുണ്ടായത്. പത്തടിയോളം ഉയരത്തിൽ മീനാക്ഷി പാലത്തിനു സമീപം മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. താഴെയുള്ള ഇരുവശങ്ങൾ, പാലത്തിന്റെ മുകൾ ഭാഗം, മണ്ണിടിച്ചിലുണ്ടായ ഭാഗം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തിരച്ചിൽ. മണ്ണിനടിയിൽ ആളുകൾ അകപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനായി സ്പോട് ലൊക്കേഷൻ ക്യാമറകളും ഉപയോഗിക്കുന്നുണ്ട്.
ചൂരൽമലയ്ക്കു പിന്നാലെ കള്ളാടിയും; മൂന്നുപേർ മരിച്ചു, 5 പേരെ കാണാതായി.

