ന്യൂഡൽഹി: നർമ്മദാ നദീജല പദ്ധതിയുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന തർക്കങ്ങൾക്ക് 2026 ജൂലൈ 7-ന് ചരിത്രപരമായ പരിഹാരമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നിർണായകമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പതിറ്റാണ്ടുകളായി പരിഹാരമില്ലാതെ തുടർന്ന സാമ്പത്തിക-ഭരണപരമായ തർക്കങ്ങൾക്കാണ് ഈ ഏകദിന തീർപ്പാക്കൽ (One-time settlement) കരാറിലൂടെ ശാശ്വത പരിഹാരമുണ്ടായത്.
സർദാർ സരോവർ പദ്ധതിയുടെ നിർമ്മാണച്ചെലവ് പങ്കിടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ തമ്മിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തർക്കങ്ങൾ നിലനിന്നിരുന്നു. ഇത് ഒറ്റത്തവണ തീർപ്പാക്കലിലൂടെ പൂർണ്ണമായി പരിഹരിച്ചു. അണക്കെട്ടുകളും ജലസംഭരണികളും നിർമ്മിച്ചപ്പോൾ വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം, ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാരം എന്നിവയിലെ തർക്കങ്ങളിൽ നാല് സംസ്ഥാനങ്ങളും ഏകാഭിപ്രായത്തിലെത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിരവധി ഘട്ടങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിലാണ് ധാരണയായത്. കരാർ നിലവിൽ വന്നതോടെ നർമ്മദാ പദ്ധതിയുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാര വിതരണത്തിനും വേഗം കൈവരും. സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുകയും പദ്ധതിയുടെ ശേഷിക്കുന്ന വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുപോകുകയും ചെയ്യും.
സംസ്ഥാനാന്തര ജലവിഭവ തർക്കങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ഇടപെടലുകളുടെ ഭാഗമായാണ് ഈ ധാരണയും നിലവിൽ വന്നത്. ഇതിന് മുമ്പ് ഹിമാചൽ പ്രദേശ്–ഉത്തരാഖണ്ഡ് മേഖലകളുമായി ബന്ധപ്പെട്ട കിഷൗ അണക്കെട്ട് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനും രാജസ്ഥാൻ–ഹരിയാന ജലവിഹിത തർക്കത്തിൽ പുരോഗതി കൈവരിക്കുന്നതിനും കേന്ദ്രം നിർണായക ഇടപെടൽ നടത്തിയിരുന്നു.
ജലസേചനവും വൈദ്യുതി ഉൽപ്പാദനവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു 1961 ഏപ്രിൽ 5 ന് ആണ് നർമ്മദാ നദീജല പദ്ധതിയുടെ പ്രധാന ഭാഗമായ ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിന് തറക്കല്ലിട്ടത്. അന്ന് മുതൽ തന്നെയാണ് തർക്കങ്ങളുടെയും തുടക്കം. നർമ്മദാ നദിയിലെ ജലത്തിന്റെ എത്ര വിഹിതം വീതം ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് ലഭിക്കണമെന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഗുജറാത്ത് സർക്കാർ ജലലഭ്യത കൂട്ടാനായി അണക്കെട്ടിന്റെ ഉയരം പരമാവധി വർദ്ധിപ്പിക്കാൻ ആഗ്രഹിച്ചു. എന്നാൽ അണക്കെട്ടിന്റെ ഉയരം കൂടുമ്പോൾ തങ്ങളുടെ സംസ്ഥാനങ്ങളിൽ കൂടുതൽ ഭൂമി വെള്ളത്തിനടിയിലാകുമെന്ന് മധ്യപ്രദേശും മഹാരാഷ്ട്രയും ഭയന്നു.
പദ്ധതിയുടെ നിർമ്മാണച്ചെലവും അതിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിഹിതവും എങ്ങനെ വീതം വെയ്ക്കണം എന്നതിലും സംസ്ഥാനങ്ങൾ തമ്മിൽ ധാരണയിലെത്താൻ സാധിച്ചില്ല. തർക്കം രൂക്ഷമായപ്പോൾ കേന്ദ്രസർക്കാർ 1969 -ൽ ‘നർമ്മദാ ജലത്തർക്ക ട്രൈബ്യൂണൽ’ (NWDT) രൂപീകരിച്ചു. പത്ത് വർഷത്തെ പഠനങ്ങൾക്ക് ശേഷം ട്രൈബ്യൂണൽ വിധി പുറപ്പെടുവിക്കുകയും അണക്കെട്ടിന്റെ ഉയരം 455 അടിയായി നിശ്ചയിച്ച് ജലം പങ്കിടാൻ വ്യവസ്ഥ ചെയ്യുകയും ചെയ്തു. എങ്കിലും പുനരധിവാസവും സാമ്പത്തിക ബാധ്യതകളും സംബന്ധിച്ച തർക്കങ്ങൾ പിന്നീട് തുടർന്നുകൊണ്ടേയിരുന്നു.
ഇതുകൂടാതെ ജനകീയ പ്രതിരോധവും സാമൂഹിക തർക്കങ്ങളും ഉടലെടുത്തു. മുപ്പതിലധികം വലിയ അണക്കെട്ടുകൾ ഉൾപ്പെടുന്ന ഈ പദ്ധതി മൂലം ലക്ഷക്കണക്കിന് ആളുകൾക്ക് (പ്രത്യേകിച്ച് ആദിവാസികൾക്കും കർഷകർക്കും) സ്വന്തം മണ്ണ് നഷ്ടപ്പെട്ടു. എന്നാൽ ഇവർക്ക് കൃത്യമായ നഷ്ടപരിഹാരമോ പുനരധിവാസമോ നൽകാൻ സർക്കാരുകൾ തയ്യാറായില്ല. വൻതോതിൽ വനഭൂമിയും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും വെള്ളത്തിനടിയിലാകുന്നത് വലിയ പാരിസ്ഥിതിക ആഘാതങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ഈ സാമൂഹിക-പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെയാണ് 1985-ൽ മേധാ പട്കറുടെ നേതൃത്വത്തിൽ ചരിത്രപ്രസിദ്ധമായ നർമ്മദാ ബച്ചാവോ ആന്ദോളൻ (Save Narmada Movement) എന്ന ജനകീയ സമരം ആരംഭിച്ചത്. മേധാ പട്കർ, ബാബ ആംതേ എന്നിവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട നർമ്മദാ ബച്ചാവോ ആന്ദോളൻ (NBA) കുടിയൊഴിപ്പിക്കലിനെതിരെയും പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെയും ശക്തമായ പോരാട്ടം നടത്തി.
ഈ നീണ്ട ചരിത്രപരമായ തർക്കങ്ങൾക്കാണ് ഇപ്പോൾ പുതിയ ധാരണാപത്രത്തിലൂടെ പൂർണ്ണമായ വിരാമമായിരിക്കുന്നത്. ഇത് ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ കർഷകർക്കും പൊതുജനങ്ങൾക്കും ജല-വൈദ്യുതി സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സഹായകരമാകും.

