Wednesday, July 8, 2026
Home » ഇന്‍ഡോനേഷ്യയില്‍ മോദിക്ക് രാജകീയ സ്വീകരണം; പ്രതിരോധ ഇടപാടിൽ പുതിയ ചരിത്രം.
ഇന്‍ഡോനേഷ്യയില്‍ മോദിക്ക് രാജകീയ സ്വീകരണം; പ്രതിരോധ ഇടപാടിൽ പുതിയ ചരിത്രം.

ഇന്‍ഡോനേഷ്യയില്‍ മോദിക്ക് രാജകീയ സ്വീകരണം; പ്രതിരോധ ഇടപാടിൽ പുതിയ ചരിത്രം.

by Editor

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള ആറു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍ഡോനേഷ്യയിലെത്തി. ജക്കാര്‍ത്തയില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ നേരിട്ട് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. നാല് ഇന്‍ഡോനേഷ്യന്‍ മന്ത്രിമാരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു. പരമ്പരാഗത ആചാരപരമായ സ്വീകരണവും ഗാര്‍ഡ് ഓഫ് ഓണറും മോദിക്ക് ഒരുക്കിയിരുന്നു. ഇന്‍ഡോനേഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ എഫ്-16, സുഖോയ്-30 യുദ്ധവിമാനങ്ങള്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് ആകാശ അകമ്പടിയൊരുക്കിയതും ശ്രദ്ധേയമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ ഇന്തോനേഷ്യ സന്ദര്‍ശനം പ്രതിരോധം, സാങ്കേതികവിദ്യ, നിര്‍ണായക ധാതുക്കള്‍, സമുദ്ര ബന്ധം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യ-ഇന്തോനേഷ്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

പ്രതിരോധ രംഗത്ത്, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആസ്ട്ര എയര്‍-ടു-എയര്‍ മിസൈലുകള്‍ വാങ്ങാന്‍ ഇന്തോനേഷ്യ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് നേരത്തെ വാങ്ങിയ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ശേഖരം വികസിപ്പിക്കാനും ഇന്തോനേഷ്യ തീരുമാനിച്ചിട്ടുണ്ട്. തീരപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യ അധിക കോസ്റ്റല്‍ ഡിഫന്‍സ് ബാറ്ററികള്‍ നല്‍കുമെന്നാണ് വിവരം. ഇന്‍ഡോ-പസഫിക് മേഖലയിലെ സമുദ്രസുരക്ഷയില്‍ ഇത് ഇന്തോനേഷ്യയുടെ കരുത്ത് വര്‍ധിപ്പിക്കും. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷ.

സമുദ്ര ബന്ധം ശക്തിപ്പെടുത്തുന്നതിനായി മലാക്ക കടലിടുക്കിന് സമീപമുള്ള തന്ത്രപ്രധാനമായ സബാങ് തുറമുഖം സംയുക്തമായി വികസിപ്പിക്കാനും ഇന്ത്യയും ഇന്തോനേഷ്യയും ധാരണയിലെത്തും. ഇന്ത്യയുടെ ഗ്രേറ്റ് നിക്കോബാർ തുറമുഖ പദ്ധതിയിൽ നിന്ന് ഏകദേശം 100 മൈൽ മാത്രം അകലെയുള്ള സബാങ് തുറമുഖ വികസനം ഇൻഡോ-പസഫിക് മേഖലയിലെ തന്ത്രപ്രധാന സഹകരണം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.

നിര്‍ണായക ധാതുക്കളുടെ വിതരണ ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇന്തോനേഷ്യയില്‍ സ്റ്റീല്‍, നിക്കല്‍, റെയര്‍ എര്‍ത്ത് പെര്‍മനന്റ് മാഗ്‌നറ്റുകള്‍ എന്നിവയുടെ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യ നിക്ഷേപം നടത്തും. തിരഞ്ഞെടുപ്പ് സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ മാതൃക സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഇന്തോനേഷ്യയ്‌ക്കായി പ്രത്യേക ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വികസിപ്പിക്കുന്നതിന് ഇന്ത്യ സാങ്കേതിക പിന്തുണ നല്‍കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്തോനേഷ്യയുടെ പരമോന്നത ദേശീയ ബഹുമതി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്തോനേഷ്യയുടെ പരമോന്നത ദേശീയ ബഹുമതി സമ്മാനിച്ചു. വിദേശ രാഷ്ട്രത്തലവന്മാർക്കും ഭരണാധികാരികൾക്കും ഇന്തോനേഷ്യ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ‘ബിന്താങ് റിപ്പബ്ലിക് ഇൻഡൊനീഷ്യ ആദിപൂർണ’ പുരസ്‌കാരമാണ് മോദിക്ക് സമ്മാനിച്ചത്. ഇന്തോനേഷ്യയുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും ഉഭയകക്ഷി ബന്ധങ്ങൾ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ നേതൃത്വപരമായ സംഭാവനകളെ മാനിച്ചാണ് ഈ പരമോന്നത ബഹുമതി നൽകുന്നതെന്ന് ഇന്തോനേഷ്യൻ സർക്കാർ അറിയിച്ചു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ജക്കാര്‍ത്തയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഈ പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് നടന്ന ഔദ്യോഗിക ചടങ്ങില്‍ അദ്ദേഹം പ്രധാനമന്ത്രി മോദിക്ക് പുരസ്‌കാരം സമ്മാനിച്ചു.

ആറ് ദിവസത്തെ വിദേശ പര്യടനത്തിനായിട്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി തിങ്കളാഴ്‌ച ഡൽഹിയിൽനിന്നും പുറപ്പെട്ടത്. ഇന്തൊനീഷ്യ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര. ഇന്തോ-പസിഫിക് മേഖലയിൽ ഇന്ത്യയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനും വ്യാപാര ബന്ധം ശക്തമാക്കുന്നതിനും മേഖലയിലെ രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്.

ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി; ഓസ്ട്രേലിയൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.

Send your news and Advertisements

You may also like

error: Content is protected !!