ഫോറസ്റ്റ് ബീച്ച്: വടക്കൻ ക്വീൻസ്‌ലൻഡിലെ ഫോറസ്റ്റ് ബീച്ചിൽ ലോഹഗോളങ്ങൾ അടിഞ്ഞതിനെത്തുടർന്ന് പ്രദേശവാസികൾക്കിടയിൽ കടുത്ത ആശങ്ക. വലിയ വെള്ളി നിറത്തിലുള്ള ലോഹ ഗോളങ്ങളും ക്യാനിസ്റ്ററുകളുമാണ് (Metallic spheres/Canisters) തീരത്തടിഞ്ഞത്. ‘സ്പേസ് ബോൾസ്‘ എന്ന് നാട്ടുകാർ വിശേഷിപ്പിക്കുന്ന ഈ വസ്‌തുക്കൾ ബഹിരാകാശത്ത് നിന്ന് പതിച്ച അവശിഷ്ട്‌ടങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്‌ച മുതൽ ഇതുവരെ ആറ് ഗോളങ്ങളാണ് തീരത്ത് കണ്ടെത്തിയത്.
ക്വീൻസ്‌ലാൻഡിലുള്ള ഫോറസ്റ്റ് ബീച്ചിൽ കണ്ടെത്തിയ തിരിച്ചറിയപ്പെടാത്ത ലോഹക്കഷണങ്ങൾ ഒരു വിദേശ റോക്കറ്റിന്റെ അവശിഷ്ടങ്ങളാകാൻ (Space Debris) സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയൻ സ്പേസ് ഏജൻസി (ASA) സ്ഥിരീകരിച്ചു. ബഹിരാകാശത്ത് നിന്ന് അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിച്ച ഒരു വിദേശ ബഹിരാകാശ വാഹനത്തിന്റെ പ്രഷർ വെസ്സലുകളാണ് (Pressure vessels) ഇവയെന്നാണ് നിഗമനം.
റോക്കറ്റുകളിലും സാറ്റലൈറ്റുകളിലും ഉപയോഗിക്കുന്ന മാരക വിഷാംശമുള്ളതും കാൻസറിന് കാരണമായേക്കാവുന്നതുമായ ഹൈഡ്രസീൻ പ്രൊപ്പല്ലന്റ് (Hydrazine propellant) എന്ന ഇന്ധനം ഈ ടാങ്കുകളിൽ അവശേഷിക്കുന്നുണ്ടാകാം എന്ന് അധികൃതർ ആശങ്കപ്പെടുന്നു. ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം ഭയന്ന് ക്വീൻസ്‌ലാൻഡ് ഫയർ ഡിപ്പാർട്ട്‌മെന്റിലെ പ്രത്യേക ശാസ്ത്ര സംഘവും പോലീസും ചേർന്ന് ബീച്ചിൽ 50 മീറ്റർ പരിധിയിൽ സുരക്ഷാ മേഖല പ്രഖ്യാപിച്ചു. ഹസ്മത് (Hazmat) സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച ഉദ്യോഗസ്ഥരാണ് ഇവ പ്രത്യേക ഡ്രമ്മുകളിലാക്കി മാറ്റിയത്.
ഓസ്‌ട്രേലിയൻ സ്പേസ് ഏജൻസി അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികളുമായി സഹകരിച്ച് ഇത് ഏത് രാജ്യത്തിന്റെ റോക്കറ്റ് അവശിഷ്ടമാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. തീരപ്രദേശങ്ങളിൽ ഇത്തരം അജ്ഞാത വസ്തുക്കൾ ഇനിയും കാണപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അവയിൽ തൊടുകയോ നീക്കം ചെയ്യുകയോ ചെയ്യാതെ ഉടനടി അടിയന്തര വിഭാഗത്തെ (Triple Zero – 000) വിവരം അറിയിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

