ഗാസ സിറ്റി: ഗാസയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തുടരുന്ന ഹമാസിന്റെ സിവിൽ ഭരണം അവസാനിപ്പിക്കുന്നതായി ഹമാസ് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗാസയുടെ ഭരണം പൂർണമായും സിവിലിയൻ തലത്തിലേക്ക് മാറ്റുന്നതിനും യുദ്ധാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിച്ച ‘നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ‘ എന്ന ടെക്നോക്രാറ്റിക് (വിദഗ്‌ധ) സമിതിക്ക് ഭരണച്ചുമതല കൈമാറുന്നതിൻ്റെ ഭാഗമായാണ് ഈ നിർണായക നടപടി. യുഎസ് മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഈ നിർണായക രാഷ്ട്രീയ ഭരണമാറ്റം.
ഗാസയുടെ സിവിൽ ഭരണച്ചുമതല വഹിച്ചിരുന്ന ‘ഗവൺമെന്റ് എമർജൻസി കമ്മിറ്റി’ ഹമാസ് പിരിച്ചുവിടുകയും ഇതിന്റെ തലവൻ മുഹമ്മദ് അൽ ഫറ ഔദ്യോഗികമായി രാജിവെക്കുകയും ചെയ്തു. യുഎസ് പിന്തുണയോടെ രൂപീകരിച്ച നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ (NCAG) ഇനിമുതൽ ഗാസയിലെ ദൈനംദിന സിവിൽ കാര്യങ്ങൾ നിയന്ത്രിക്കും. മുൻ ഫലസ്തീൻ മന്ത്രി അലി ഷാത്താണ് ഈ സമിതിയുടെ തലവൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സമിതിയായ ‘ബോർഡ് ഓഫ് പീസ്‘ ആയിരിക്കും ഈ യുദ്ധാനന്തര ഭരണമാറ്റ പ്രക്രിയകൾക്ക് മേൽനോട്ടം വഹിക്കുക എന്നാണ് സൂചന.
ഭരണമാറ്റം നടപ്പിലാക്കുമ്പോഴും ഹമാസിൻ്റെ നിരായുധീകരണം, സുരക്ഷാ സംവിധാനങ്ങളുടെ നിയന്ത്രണം തുടങ്ങിയ നിർണായക വിഷയങ്ങളിൽ ചർച്ചകൾ സജീവമായി തുടരുകയാണ്. പുതിയ ഭരണ സംവിധാനത്തിന്റെ പ്രവർത്തന രീതികളും അധികാരപരിധിയും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.
2007 മുതൽ ഗാസയുടെ സമ്പൂർണ നിയന്ത്രണം കൈയ്യാളിയിരുന്ന ഹമാസിൻ്റെ ഈ പിന്മാറ്റം മേഖലയിലെ ഭരണപരമായ പുനസംഘടനയ്ക്കും ജനങ്ങളുടെ പുനരധിവാസത്തിനും വഴിതുറക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ സിവിൽ ഭരണം ഒഴിഞ്ഞെങ്കിലും തങ്ങളുടെ സൈനിക വിഭാഗത്തെ പിരിച്ചുവിടാനോ ആയുധങ്ങൾ താഴെവെക്കാനോ ഹമാസ് തയ്യാറായിട്ടില്ല. ഹമാസിന്റെ ഈ നീക്കം അന്താരാഷ്ട്ര സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു ‘നാടകം’ മാത്രമാണെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തി.

