ടെൽ അവീവ്: അമേരിക്ക മാത്രമാണ് ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ഒരേയൊരു രാജ്യമായുള്ളൂ എന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രസ്താവനയെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി. ‘ഞങ്ങൾക്ക് വേറെയും ചില സുഹൃത്തുക്കളുമുണ്ട്. ഉദാഹരണത്തിന് ഇന്ത്യയെന്ന ‘ചെറിയ’ രാജ്യം. അവിടെ 140 കോടി ജനങ്ങളുണ്ട്, അവിടെ നിന്ന് ഞങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്’ എന്ന് നെതന്യാഹു വ്യക്തമാക്കി.
‘ഇസ്രയേലിന്റെ ഏറ്റവും അടുത്തതും ശക്തവുമായ സഖ്യകക്ഷി ഒരുപക്ഷേ അമേരിക്കയായിരിക്കാം. എന്നാൽ അവർ മാത്രമല്ല ഞങ്ങൾക്കൊപ്പമുള്ളത്. ഇസ്രയേലിൻ്റെ ഏറ്റവും ശക്തരായ അന്താരാഷ്ട്ര പങ്കാളികളിലൊന്ന് ഇന്ത്യയാണ്’ – നെതന്യാഹു വ്യക്തമാക്കി. ഇറാനുമായുള്ള പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമാധാന കരാറിനെ വിമർശിക്കുന്നതിന് പകരം അതിനെ പിന്തുണയ്ക്കാൻ ഇസ്രയേലിനോട് വാൻസ് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഫോക്‌സ് ന്യൂസിന്റെ ‘സൺഡേ ബ്രീഫിംഗ്‘ അഭിമുഖത്തിൽ നെതന്യാഹുവിൻ്റെ നിർണായക പ്രതികരണം.
വാൻസുമായി നല്ല പ്രവർത്തന ബന്ധം പുലർത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ നെതന്യാഹു’ അമേരിക്ക മാത്രം സഖ്യകക്ഷി’ എന്ന പരാമർശം തള്ളിക്കളഞ്ഞു. ‘അദ്ദേഹവും ഞാനും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്, പക്ഷേ അതിനർത്ഥം അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളോടും ഞാൻ യോജിക്കുന്നു എന്നല്ല‘- നെതന്യാഹു പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിൽ ഇന്ത്യക്കാരിൽ നിന്ന് ഇസ്രായേലിന് അനുകൂലമായി വലിയ രീതിയിലുള്ള പിന്തുണയും സന്ദേശങ്ങളും പ്രവാഹമായി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയ്ക്ക് പുറമെ ലോകത്തിലെ പല പ്രമുഖ നേതാക്കളും തന്നെ വ്യക്തിപരമായി വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ടെന്നും, സൈനിക-സൈബർ മേഖലകളിൽ ഇസ്രായേലിന്റെ സഹായം അവർ തേടുന്നുണ്ടെന്നും നെതന്യാഹു അവകാശപ്പെട്ടു.
ട്രംപ് ഭരണകൂടത്തിൻ്റെ ഇറാനുമായുള്ള സമാധാന കരാറിനെ ന്യായീകരിക്കുന്നതിനിടയിൽ വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിലും പിന്നീട് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലും യുഎസ്-ഇറാൻ ധാരണാ പത്രത്തെ പരസ്യമായി ആക്രമിക്കുന്നതിന് പകരം അമേരിക്കയുടെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് വാൻസ് ഇസ്രയേൽ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

