യെമെനിലെ തുറമുഖ നഗരമായ ഹൊദെയ്ദയ്ക്ക് തെക്കുള്ള ഹയ്സ് ജില്ലയിലുണ്ടായ ഹൂതി വിമതരുടെ ആക്രമണത്തിൽ ഔദ്യോഗിക സർക്കാരിന്റെ ഭാഗമായ 14 സൈനികർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ 23 സൈനികർക്ക് പരിക്കേറ്റു. 2022-ൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തലിനു ശേഷം സമീപവർഷങ്ങളിൽ യെമെനിലുണ്ടാകുന്ന ഏറ്റവും രക്തരൂഷിതമായ ആക്രമണങ്ങളിലൊന്നാണിത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആക്രമണത്തിൻ്റെ ആദ്യഘട്ടത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ചില ഭാഗങ്ങൾ ഹൂതികൾ പിടിച്ചെടുത്തെങ്കിലും ശനിയാഴ്‌ച പുലർച്ചെയോടെ ശക്തമായ പ്രത്യാക്രമണം നടത്തിയ സൈന്യം ഇവ തിരിച്ചുപിടിച്ചു. ഹൂതികളുടെ ഭാഗത്തും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇറാൻ വിമാനം തങ്ങളുടെ പരിധിയിൽ ഇറങ്ങുന്നത് തടഞ്ഞുവെന്ന് ആരോപിച്ച്, യെമെൻ സർക്കാരിനെ പിന്തുണയ്ക്കുന്ന സൗദി അറേബ്യയുടെ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്ന് ഹൂതികൾ വെള്ളിയാഴ്ച ഭീഷണി മുഴക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ വൻ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇറാന്റെ ഒരു സിവിൽ വിമാനം യെമെൻ തലസ്ഥാനമായ സനായിൽ ഇറങ്ങുന്നത് തടയാൻ സൗദി അറേബ്യൻ യുദ്ധവിമാനങ്ങൾ ശ്രമിച്ചുവെന്ന് ഹൂതികൾ ആരോപിച്ചു. സൗദി സഖ്യം തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായും അവർ അവകാശപ്പെട്ടു.
ഹൊദെയ്ദയിലെ തന്ത്രപ്രധാനമായ ഹയ്സ് (Hays) നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൂതികൾ കനത്ത വെടിവെപ്പോടെ കരമാർഗ്ഗം മുന്നേറ്റം നടത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരിൽ ഭൂരിഭാഗവും ഹൂതികളുടെ സ്നൈപ്പർ (Sniper) യൂണിറ്റുകളുടെ വെടിയേറ്റാണ് മരിച്ചതെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഹൂതികൾ സ്വന്തം ജനങ്ങൾക്കെതിരെ നടത്തുന്ന അതിക്രമങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സൗദിക്കെതിരെ പ്രസ്താവനകൾ ഇറക്കുന്നതെന്ന് സൗദി സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഏത് നീക്കത്തിനും ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

