Monday, July 6, 2026
Home » ആയത്തുല്ല അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; ടെഹ്റാനിൽ ജനസാഗരം.
ആയത്തുല്ല അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; ടെഹ്റാനിൽ ജനസാഗരം.

ആയത്തുല്ല അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; ടെഹ്റാനിൽ ജനസാഗരം.

by Editor

ടെഹ്‌റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ ബഹുദിന ഔദ്യോഗിക ശവസംസ്കാര ചടങ്ങുകൾ ഇറാനിൽ പുരോഗമിക്കുകയാണ്. 2026 ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ യുദ്ധസാഹചര്യങ്ങൾ കാരണം നാല് മാസത്തോളം വൈകിയ ചടങ്ങുകൾ, താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

ചടങ്ങുകളിൽ പങ്കെടുക്കാനായി ഇറാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ദശലക്ഷക്കണക്കിന് ജനങ്ങളാണ് തലസ്ഥാന നഗരമായ ടെഹ്റാനിലേക്ക് ഒഴുകിയെത്തുന്നത്. ലോകമെമ്പാടുമുള്ള ഷിയാ മുസ്ലിംകളുടെ പ്രധാന ആത്മീയ നേതാവായിരുന്ന ഖമനേയിയുടെ ശവസംസ്കാര ചടങ്ങിനോടനുബന്ധിച്ച് ഇറാനിൽ ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ പ്രതിനിധികൾക്കായി വെള്ളിയാഴ്ച നടന്ന പ്രത്യേക ചടങ്ങിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തതായി ഇറാൻ അറിയിച്ചു.

ടെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ലയിൽ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള ചടങ്ങുകൾ ആണ് ശനി ഞായർ ദിവസങ്ങളിൽ നടക്കുന്നത്. ഖമനേയിക്കൊപ്പം ആക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ മകൾ, കൊച്ചുമകൾ ഉൾപ്പെടെയുള്ള നാല് കുടുംബാംഗങ്ങളുടെ ഭൗതികശരീരങ്ങളും ഇവിടെ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. ടെഹ്റാൻ നഗരത്തിൽ വൻ ജനാവലിയെ സാക്ഷിനിർത്തി പ്രധാന വിലാപയാത്ര നാളെയാണ്. ചൊവ്വാഴ്ച്ച ഭൗതികശരീരം ഷിയാ മുസ്ലിങ്ങളുടെ പ്രധാന പുണ്യനഗരമായ കോമിലേക്ക് (Qom) കൊണ്ടുപോകുകയും അവിടെ പ്രത്യേക പ്രാർത്ഥനകൾ നടക്കുകയും ചെയ്യും.

ബുധനാഴ്ച്ച ഇറാഖ് സർക്കാരിന്റെയും ജനങ്ങളുടെയും അഭ്യർത്ഥനപ്രകാരം മൃതദേഹം ഇറാഖിലെത്തിക്കും. ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫ്, കർബല എന്നിവിടങ്ങളിലെ പ്രശസ്തമായ ഷിയാ തീർത്ഥാടന കേന്ദ്രങ്ങളിൽ വിലാപയാത്രകൾ നടക്കും. ജൂലൈ 9 വ്യാഴാഴ്ച്ച ഖമനേയിയുടെ ജന്മനാടായ മഷ്ഹദിലെ പ്രശസ്തമായ ഇമാം റെസ മസ്ജിദിൽ (Imam Reza Shrine) ഭൗതികശരീരം ഔദ്യോഗികമായി സംസ്കരിക്കും.

ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന ജനലക്ഷങ്ങൾക്കായി ഇറാൻ സർക്കാർ വിപുലമായ യാത്രാ-ഭക്ഷണ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിലാപയാത്രയിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് ആളുകൾ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത മുദ്രാവാക്യങ്ങൾ വിളിക്കുകയും പ്രതികാരത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഖമനേയിയുടെ പിൻഗാമിയായി ചുമതലയേറ്റ അദ്ദേഹത്തിന്റെ മകനും പുതിയ പരമോന്നത നേതാവുമായ മുജ്തബ ഖമനേയി സുരക്ഷാ കാരണങ്ങളാൽ പൊതുചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

ഇറാൻ – അമേരിക്ക ചർച്ച ദോഹയിൽ അവസാനിച്ചു; ചർച്ചയിൽ പുരോഗതി ഉണ്ടെന്ന് ജെഡി വാൻസ്

Send your news and Advertisements

You may also like

error: Content is protected !!