കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലായി മാറുകയാണ്. ഈ വർഷത്തെ ഏറ്റവും കടുത്ത മിസൈൽ-ഡ്രോൺ ആക്രമണമാണ് റഷ്യ യുക്രെയ്ൻ തലസ്ഥാനമായ കീവിന് നേരെ നടത്തിയത്. ആക്രമണത്തിൽ 31-ലധികം പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ അതിരൂക്ഷമായ മിസൈൽ-ഡ്രോൺ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ മാറ്റുന്ന പ്രക്രിയ ഇന്നും തുടരുകയാണ്. 74 മിസൈലുകളും 496 ഡ്രോണുകളും ഉപയോഗിച്ച് ആണ് റഷ്യ ആക്രമണം നടത്തിയത്. അതിനു പകരമായി ഇന്ന് പുലർച്ചെ യുക്രെയ്ൻ നടത്തിയ ശക്തമായ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ റഷ്യൻ അധിനിവേശ പ്രദേശമായ ക്രിമിയയിലെ പ്രധാന സബ്‌സ്റ്റേഷനുകൾ തകർത്തു. ഇതേത്തുടർന്ന് ഉപദ്വീപിലെ വലിയൊരു ഭാഗം പൂർണ്ണമായി ഇരുട്ടിലാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ക്രിമിയയിലെ സൈനിക താവളത്തിൽ നിർത്തിയിട്ടിരുന്ന റഷ്യൻ യുദ്ധവിമാനം യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ തകർന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
റഷ്യൻ അതിർത്തി നഗരമായ ബെൽഗൊറോഡിന് നേരെ യുക്രെയ്ൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നഗരത്തിലെ ജല-വൈദ്യുത വിതരണ ശൃംഖലകൾ തകർന്നു. കഴിഞ്ഞ രാത്രി റഷ്യയുടെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലെ എണ്ണ സംഭരണ ശാലകൾക്ക് നേരെയും യുക്രെയ്ൻ വൻ ഡ്രോൺ ആക്രമണം നടത്തി. റഷ്യയിലെ എണ്ണ ഉൽപ്പാദന ശേഷിയുടെ 42.74 ശതമാനവും തങ്ങൾ ഇതിനകം തകർത്തതായി യുക്രെയ്ൻ അവകാശപ്പെട്ടു.
ഡൊനെറ്റ്സ്ക് മേഖലയിലെ തന്ത്രപ്രധാന നഗരമായ കോൺസ്റ്റാന്റിനോവ്ക (Kostiantynivka) പൂർണ്ണമായി പിടിച്ചെടുത്തെന്ന പുടിന്റെ വാദം തള്ളിയ യുക്രെയ്ൻ സൈന്യം, നഗരം ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും റഷ്യൻ കാലാൾപ്പടയുമായി ശക്തമായ തെരുവ് യുദ്ധം തുടരുകയാണെന്നും വ്യക്തമാക്കി. ഇരുരാജ്യങ്ങളും പരസ്പരം വിട്ടുവീഴ്ചയില്ലാതെ ആക്രമണം ശക്തമാക്കിയതോടെ യുദ്ധം അതിന്റെ ഏറ്റവും നിർണായക ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
റഷ്യ-യുക്രെയ്ൻ പൂർണ്ണതോതിലുള്ള യുദ്ധം ആരംഭിച്ചിട്ട് ഇപ്പോൾ 4 വർഷവും 4 മാസവും പിന്നിട്ടു. നിലവിലെ യുദ്ധഘട്ടം ഇതിനകം തന്നെ 1,590-ലധികം ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇത് നാല് വർഷത്തിലേറെ നീണ്ടുനിന്ന ഒന്നാം ലോകമഹായുദ്ധത്തിന്റെ (1,568 ദിവസങ്ങൾ) ആകെ ദൈർഘ്യത്തെക്കാൾ കൂടുതലാണ്. ഇരുപക്ഷത്തുമായി ഇതിനകം 20 ലക്ഷത്തിലധികം (2 മില്യൺ) സൈനികർക്ക് ജീവാപായമോ ഗുരുതരമായ പരിക്കുകളോ സംഭവിച്ചതായാണ് യുഎസ് തിങ്ക് ടാങ്കായ CSIS വ്യക്തമാക്കുന്നത്.
യുക്രെയ്ന്റെ തുടർച്ചയായ ആക്രമണങ്ങൾ കാരണം റഷ്യയിലെ എണ്ണ ഉൽപ്പാദന ശേഷി പകുതിയോളമായി കുറഞ്ഞു. ഇതേത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉൽപ്പാദകരായ റഷ്യയിൽ കടുത്ത പെട്രോൾ-ഡീസൽ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പ്രതിസന്ധി മറികടക്കാൻ ഇന്ത്യയിൽ നിന്നടക്കം ഇന്ധനം ഇറക്കുമതി ചെയ്യാൻ റഷ്യ നിർബന്ധിതരായിരിക്കുകയാണ്. ഈ വർഷത്തെ ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം റഷ്യയുടെ സൈനിക നഷ്ടം വളരെ കൂടുതലാണ്. ഒരു യുക്രെയ്ൻ സൈനികൻ കൊല്ലപ്പെടുമ്പോൾ പകരം എട്ട് റഷ്യൻ സൈനികർ എന്ന അനുപാതത്തിലാണ് (8:1) റഷ്യയ്ക്ക് നാശനഷ്ടം ഉണ്ടാകുന്നത് എന്നാണ് റിപ്പോർട്ടുകൾ.
മോസ്കോ ലക്ഷ്യമാക്കി യുക്രെയ്ൻ ഡ്രോണുകൾ; കത്തിയെരിഞ്ഞ് എണ്ണ ശുദ്ധീകരണ ശാല, വിമാനത്താവളങ്ങൾ അടച്ചു.

