മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ കപോത്‌ന്യയിലെ (Kapotnya) പ്രധാന എണ്ണശുദ്ധീകരണശാലയിൽ വൻ തീപിടിത്തമുണ്ടായി. രണ്ട് വർഷത്തിനിടെ മോസ്കോ നേരിട്ട ഏറ്റവും വലിയ വ്യോമാക്രമണമാണിത്. ഈ ഒരൊറ്റ ആഴ്ചയിൽ രണ്ടാം തവണയാണ് ഈ എണ്ണശുദ്ധീകരണശാല യുക്രെയ്ൻ ആക്രമിക്കുന്നത്. മോസ്കോയിലെ ഇന്ധന വിപണിയുടെ 35%-40% ശതമാനവും നിയന്ത്രിക്കുന്നത് ഈ പ്ലാന്റാണ്.
എണ്ണ ശുദ്ധീകരണ ശാലയ്ക്ക് സമീപമുള്ള നഗരത്തിലെ റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു. രാത്രിയിലുടനീളം വിവിധ റഷ്യൻ പ്രദേശങ്ങളിലായി 555 യുക്രെയ്ൻ ഡ്രോണുകളെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി റഷ്യൻ അധികൃതർ അറിയിച്ചു. ‘വ്യോമപ്രതിരോധ സേന വലിയ തോതിലുള്ള ആക്രമണത്തെ പ്രതിരോധിക്കുന്നത് തുടരുകയാണ്. എങ്കിലും ചില ഡ്രോണുകൾക്ക് മോസ്കോ എണ്ണ ശുദ്ധീകരണ ശാലയിലേക്ക് എത്തിപ്പെടാൻ സാധിച്ചു’- മോസ്കോ മേയർ സെർജി സോബിയാനിൻ പറഞ്ഞു. ആക്രമണത്തിൽ ഒരു ഷോപ്പിംഗ് മാളിനും കേടുപാടുകൾ സംഭവിച്ചതായി അദ്ദേഹം അറിയിച്ചു.
സുരക്ഷാ കാരണങ്ങളാൽ മോസ്കോയിലെ പ്രധാന വിമാനത്താവളങ്ങളായ ഷെറെമെറ്റീവോ (Sheremetyevo), ഡൊമോഡെഡോവോ, വ്നുക്കോവോ, ഷുക്കോവ്സ്കി എന്നിവടങ്ങളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും റഷ്യ താൽക്കാലികമായി നിർത്തിവെച്ചു. ആക്രമണത്തിൽ 16-ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ചില പാർപ്പിട സമുച്ചയങ്ങൾക്കും ഷോപ്പിങ് സെന്ററുകൾക്കും കേടുപാടുകൾ സംഭവിച്ചു.
യുക്രെയ്നിലെ ചരിത്രപ്രസിദ്ധമായ കീവ്-പെചെർസ്ക് ലാവ്റ (Kyiv-Pechersk Lavra) പള്ളിക്ക് നേരെ റഷ്യ കഴിഞ്ഞ ദിവസം നടത്തിയ വിനാശകരമായ മിസൈൽ ആക്രമണത്തിനുള്ള “അർഹമായ മറുപടി” യാണിതെന്ന് യുക്രെയ്നിയൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി വ്യക്തമാക്കി. “യുക്രെയ്ൻ കത്തുമ്പോൾ മോസ്കോയും കത്തും” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മോസ്കോ ആക്രമണത്തിന് തൊട്ടുപിന്നാലെ റഷ്യൻ സൈന്യം യുക്രെയ്നിയൻ നഗരങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടു. ഇതിന്റെ ഭാഗമായി യുക്രെയ്നിലേക്ക് 200-ലധികം ഡ്രോണുകളും നിരവധി ബാലിസ്റ്റിക് മിസൈലുകളും റഷ്യ തൊടുത്തുവിട്ടതായി റിപ്പോർട്ടുകളുണ്ട്.

