Friday, June 19, 2026
Home » മാഞ്ഞുപോയ ചന്ദനക്കൂട്ട്; എസ്. രമേശൻ നായർ
മാഞ്ഞുപോയ ചന്ദനക്കൂട്ട്; എസ്. രമേശൻ നായർ

മാഞ്ഞുപോയ ചന്ദനക്കൂട്ട്; എസ്. രമേശൻ നായർ

വിനോദ് കട്ടച്ചിറ

by Editor

അറുന്നൂറിലധികം സിനിമാഗാനങ്ങളും മൂവായിരത്തിലധികം ഭക്തിഗാനങ്ങളുംകൊണ്ട് മലയാളമണ്ണിനെ ധന്യമാക്കിയൊരു പുണ്യജന്മമായിരുന്നു എസ്. രമേശൻനായർ. സാധാരണക്കാരനുപോലും മനസ്സിലാകുന്ന രീതിയിൽ അക്ഷരങ്ങളെ വരികളിൽ ലളിതമായിവിന്യസിച്ച ഗാനരചയിതാവ്.

കവിതയുടെകാലം കഴിഞ്ഞിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് “ഗുരുപൗർണ്ണമി“യിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയെടുത്ത കവി. 5 വർഷമാകുന്നു അദ്ദേഹത്തിന്റെ വേർപാടിന്‌.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടില്‍ സബ്എഡിറ്ററും, ആകാശവാണിയിൽ പ്രോഗ്രാം നിർമ്മാതാവുമൊക്കെയായി സാഹിത്യ രംഗത്തും, കലാരംഗത്തും ഒരുപോലെനിറഞ്ഞുനിന്ന വ്യക്തിത്വം. സരയൂതീര്‍ത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, സൂര്യഹൃദയം, അഗ്രേപശ്യാമി, ആള്‍രൂപം, സ്ത്രീപര്‍വ്വം, വികടവൃത്തം, ശതാഭിഷേകം, കളിപ്പാട്ടങ്ങള്‍, ഉറുമ്പുവരി തുടങ്ങിയ മനോഹരങ്ങളായ അദ്ദേഹത്തിന്റെ കവിതകളിലെല്ലാം മലയാളമണ്ണിന്റെ ഗന്ധമേറിനിന്നിരുന്നു.

കാലങ്ങളായി കേരളംമുഴുവൻ ഏറ്റുപാടുന്ന
“വിഘ്‌നേശ്വരാജന്മ നാളികേരം…..”
“നെയ്യാറ്റിൻകരവാഴും കണ്ണാ നിൻമുന്നിലൊരു….”
“തുയിലുണരുക തുയിലുണരുക കരിമലവാസാ….”
“വടക്കുംനാഥന് സുപ്രഭാതംപാടും….”
“ആയിരംനാവുള്ളോരനാന്തതേ….”
“രാധതൻപ്രേമത്തോടാണോ…..”
“യമുനയിൽ ഖരഹരപ്രിയയായ്…..”
“ചന്ദനചർച്ചിത നീലകളേബരം…..”
“ഗുരുവായൂരപ്പാ നിൻമുന്നിൽ….”
തുടങ്ങിയ ഭക്തിഗാനങ്ങളൊക്കെ രചിച്ചത് എസ്. രമേശൻനായരായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഭക്തിഗാനങ്ങൾ.

പത്താമുദയം എന്നചിത്രത്തിനുവേണ്ടിയെഴുതിയ “മംഗളംപാടുന്ന സംഗീതം…” എന്ന ആദ്യ ഗാനം തന്നെ ഹിറ്റായിരുന്നു.
“വനശ്രീമുഖംനോക്കി…..”
“നീയെൻകിനാവോ…..”
“ചന്ദനംമണക്കുന്ന പൂന്തോട്ടം….”
“ഒരുപൂവിരിയുന്ന സുഖമറിഞ്ഞു….”
“ശരപ്പൊളിമാലചാർത്തി….”
“പൂവരശിൻ കുടനിവർത്തി…..”
“മനസ്സ് ഒരുമാന്ത്രികക്കൂട്….”
“ദേവസംഗീതം നീയല്ലേ….”
“മയിലായ് പറന്നുവാ….”
“പൂമുഖവാതിൽക്കൽ സ്നേഹം….” തുടങ്ങിയ നൂറുകണക്കിന്ഹിറ്റുകളാണ് പിന്നീട് അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞത്.

കവിതയിലും, പാട്ടുകളിലും ഒരുതരത്തിലുമുള്ള പരീക്ഷണവും എസ്. രമേശൻ നായർ നടത്തിയിരുന്നില്ല. നമ്മുടെ ചരിത്രപരമായ കലാപൈതൃകത്തിന്റെ മണ്ണിൽ ഉറച്ച അക്ഷരച്ചുവടുകൾ വയ്ക്കുകമാത്രമാണ് അദ്ദേഹം ചെയ്തിരുന്നത്. അതുകൊണ്ട്തന്നെ അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞതൊക്കെ പൊന്നിന്റെ ശോഭയോടെ കാലത്തിന്റെ പൂമുഖവാതിൽക്കൽ എന്നും തിളങ്ങിനിൽക്കും.
സ്മരണാഞ്ജലി. !

വിനോദ് കട്ടച്ചിറ

Send your news and Advertisements

You may also like

error: Content is protected !!