Friday, June 19, 2026
Home » സമുദ്ര മിഷന്‍, ഫിലിം സിറ്റി, യുവാക്കൾക്കും സംരംഭകർക്കും അവസരം; പുതുയുഗ കേരളം ലക്ഷ്യമിട്ട് ബജറ്റ്
സമുദ്ര മിഷന്‍, ഫിലിം സിറ്റി, യുവാക്കൾക്കും സംരംഭകർക്കും അവസരം; പുതുയുഗ കേരളം ലക്ഷ്യമിട്ട് ബജറ്റ്

സമുദ്ര മിഷന്‍, ഫിലിം സിറ്റി, യുവാക്കൾക്കും സംരംഭകർക്കും അവസരം; പുതുയുഗ കേരളം ലക്ഷ്യമിട്ട് ബജറ്റ്

by Editor

തിരുവനന്തപുരം: പുതുയുഗ കേരളം ലക്ഷ്യമിട്ട് വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. വ്യവസായനിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും ഭൂമിലഭ്യതാ നിയമങ്ങള്‍ കാലോചിതമാക്കാനുമുള്ള പദ്ധതികളാണ് ബജറ്റ് രേഖയിലുള്ളത്. സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ വന്‍ കുറവുണ്ടായെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശന്‍ ബജറ്റ് അവതരിപ്പിച്ചത്. സര്‍ക്കാരിന് മേലുള്ള ബാധ്യത കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയുടെയും ഉള്‍പ്പെടെ 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണവും ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാല്‍ ഇതിലും കൂടുതല്‍ ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താൻ കഴിയുന്ന പദ്ധതികൾക്കായി സർക്കാർ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തുമെന്ന് ബജറ്റ് അവതരണ വേളയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. നിലവിൽ നിക്ഷേപകർ ഭൂമി തേടി വരുമ്പോൾ വിശാലമായ ഭൂമി ഉപയോഗിക്കപ്പെടാതെ കിടക്കുകയോ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുകയോ ആണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സമഗ്രമായ ലാൻഡ് മാനേജ്മെന്റ് നയം സർക്കാർ രൂപീകരിക്കും. സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പു വരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കും. ഇതിനായി മുൻകാലങ്ങളിൽ പ്രസക്തമായിരുന്ന ഭൂനിയമങ്ങൾ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. വാണിജ്യ സംരംഭങ്ങൾക്കായി ഭൂമി പരിവർത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കും. വലിയ പദ്ധതികൾക്കായി ലാൻഡ് പൂളിങ് ഫ്രെയിം വർക്ക് അവതരിപ്പിക്കും. ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയ ബദ്ധിതവുമാക്കും. ഇതിനായി കിൻഫ്ര, ഇൻകെൽ എന്നി സർക്കാർ ഏജൻസികളെ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ ലോകോത്തര ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാൻ നോളജ് വാലി പദ്ധതി നടപ്പാക്കും. വയനാട്ടിൽ ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും സ്ഥാപിക്കും. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് 1477 കോടി രൂപ ബജറ്റിൽ വകയിരുത്തി. റാഗിംഗ് തടയാൻ സിദ്ധാർഥന്റെ പേരിൽ സ്റ്റുഡന്റ് ആക്ട്, സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്നും പ്രഖ്യാപനം. ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് 100 കോടി രൂപ. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് 1477 കോടി രൂപയും ബജറ്റിൽ വകയിരുത്തി. പെൺകുട്ടികളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ഗേൾ ഫ്രണ്ട്ലി ക്യാമ്പസുകൾ ഒരുക്കും. ആർത്തവ ശുചിത്വ സംരംഭം നടപ്പാക്കും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയുടെ വികസനത്തിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം നാട്ടിൽ നൽകാനായി കേരള നോളജ് വാലി പദ്ധതി. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സർവ്വകലാശാല ബില്ലിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തുമെന്നും പ്രഖ്യാപിച്ചു.

കേരളത്തിന്റെ സ്ഥാനം ലോക മാരിടൈം ഭൂപടത്തില്‍ രേഖപ്പെടുത്താനുള്ള സമഗ്ര പദ്ധതിയായ ‘മിഷന്‍ സമുദ്ര’ ബജറ്റിൽ പ്രഖ്യാപിച്ചു. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷന്‍-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ കൊണ്ടുവരും. കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് 400 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. വിഴിഞ്ഞത്തെ ബന്ധിപ്പിച്ചുകൊണ്ട് അഴീക്കൽ ബേപ്പൂർ തുറമുഖ വികസനവും ഇതിൽ ഉൾപ്പെടുന്നു. കേരളത്തെ തുറമുഖ നഗരമാക്കി റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, നിർമ്മാണ മേഖലകൾ, ഗ്രീൻഫീൽഡ് സിറ്റി, എന്നിവ ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയാണ് കേരളം ലക്ഷ്യമിടുന്നത് എന്ന് വി ഡി സതീശൻ പറഞ്ഞു.

കിഫ്ബി അഴിച്ചുപണിയുമെന്ന സൂചന നൽകിക്കൊണ്ട്, അതിന്റെ നടത്തിപ്പ് പഠിക്കാൻ കമ്മിറ്റിയെ വെക്കുമെന്നും ബജറ്റ് പറയുന്നു. ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കും. അതോടൊപ്പം തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളജും തുടങ്ങും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് സതേൺ കേരള എക്കണോമിക് കോറിഡോറും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാക്ക ജില്ലകളായ കാസർകോടിനും വയനാടിനും ഇടുക്കിക്കുമായി പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിൻ്റെ വാഗ്‌ദാനമായ ഇന്ദിരാഗാരൻ്റിയിലെ പ്രിയദർശനി സൗജന്യ യാത്രയ്ക്കായി കെഎസ്ആർടിസിക്ക് 600 കോടി അനുവദിച്ചു.

ഇന്ദിരാഗ്യാരണ്ടിയിലെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. എംഎസ്എംഇ സംരംഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന കേരള എംഎസ്എംഇ ഗ്രോത്ത് സ്‌കീം, വണ്‍ കേരള കരുതല്‍ മിഷന്‍, ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍, കേരള ഹെല്‍ത്ത് ആന്റ് ലൈഫ് സയന്‍സ് സിറ്റി, വയോജനങ്ങള്‍ക്ക് ആവശ്യമായ സ്ഥാപനങ്ങള്‍, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉള്‍പ്പെടുന്ന ‘സില്‍വര്‍ ഇക്കോണമി’, അന്താരാഷ്ട്ര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവയും പ്രഖ്യാപിച്ചു.

മലബാറില്‍ ലോക നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കും. ബ്രാന്‍ഡ് കേരളം, കേരള അര്‍ബന്‍ ഗ്രോത്ത് മിഷന്‍, ജെ സി ഡാനിയേല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി, എം ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് കള്‍ച്ചറല്‍ പാര്‍ക്ക്, സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ തൃശൂരില്‍ പുതിയ സംഗീത അക്കാദമി, പാചകകലാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്റര്‍, പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഫര്‍ണിച്ചര്‍ ഹബ്ബ്, തിരുവനന്തപുരം- കോഴിക്കോട് ലൈറ്റ് മെട്രോ, ജെന്‍സി സ്റ്റാര്‍ട് അപ് തുടങ്ങിയവയാണ് മറ്റ് പദ്ധതികള്‍.

റബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്നും 250 രൂപയായി വര്‍ദ്ധിപ്പിക്കും. വനിതകള്‍ക്കായി ‘കൃഷി സഖി – വനിതാ കര്‍ഷക വികസന പരിപാടി, തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയര്‍ത്തും, ഉരുള്‍പൊട്ടലിലുണ്ടായ വിലങ്ങാടിന്റെ പുനര്‍നിര്‍മ്മിതിക്ക് ‘വിലങ്ങാട് പാക്കേജ്’, സ്ത്രീ തൊഴിലാളികള്‍ കൂടുതലുള്ള കശുവണ്ടി, കയര്‍, കൈത്തറി അടക്കമുള്ള പരമ്പരാഗത വ്യവസായങ്ങള്‍ക്ക് വേതന സഹായം(Income support scheme) നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. തോട്ടം മേഖലയില്‍ കൂടുതല്‍ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാവുന്ന വിധത്തില്‍ ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവരും. അര്‍ത്തുങ്കല്‍ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കും.

Send your news and Advertisements

You may also like

error: Content is protected !!