കീവ്: യുക്രെയ്‌ന് നേരെ റഷ്യയുടെ അതിരൂക്ഷമായ ആക്രമണം. യുക്രെയ്ന് നേരെ റഷ്യ എഴുപതോളം മിസൈലുകളും 611 ഡ്രോളുകളും ആണ് ഇന്ന് പ്രയോഗിച്ചത്. ആക്രമണത്തിൽ ഒൻപതിലധികം പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. യുക്രെയ്ന്റെ തലസ്ഥാനമായ കീവിലെ ആയിരത്തിലധികം വർഷം പഴക്കമുള്ള യുനെസ്കോ പൈതൃക കേന്ദ്രമായ ‘കീവ്-പെചെർസ്ക് ലാവ്‌റ’ (Kyiv-Pechersk Lavra) സന്യാസിമഠ സമുച്ചയത്തിന് നേരെ ആക്രമണമുണ്ടാവുകയും അവിടുത്തെ പ്രധാന കത്തീഡ്രലിന് തീപിടിക്കുകയും ചെയ്തു.
ഖാർകീവ് (Kharkiv) നഗരത്തിൽ ആദ്യ ആക്രമണത്തിന് ശേഷം തീപിടിത്തം അണയ്ക്കാൻ ശ്രമിക്കുകയായിരുന്ന 5 രക്ഷാപ്രവർത്തകർ, റഷ്യ നടത്തിയ രണ്ടാമത്തെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. യുക്രെയ്ന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തമായി പ്രതിരോധിച്ചതായും റഷ്യ വിക്ഷേപിച്ചതിൽ വലിയൊരു പങ്ക് ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടതായും യുക്രെയ്ൻ സൈന്യം അറിയിച്ചു. എന്നാൽ റഷ്യ തൊടുത്ത 34 ബാലിസ്റ്റിക് മിസൈലുകളിൽ 15 എണ്ണം മാത്രമേ തടയാൻ കഴിഞ്ഞുള്ളൂ എന്ന് യുക്രെയ്ൻ വ്യോമസേന വ്യക്തമാക്കി. ബാക്കി വന്ന മിസൈലുകൾ ജനവാസ മേഖലകളിലും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളിലും പതിക്കുകയായിരുന്നു.
സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾക്ക് നേരെയുള്ള റഷ്യയുടെ ഈ ആക്രമണത്തെ ഫ്രാൻസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും UNESCO-യും കടുത്ത ഭാഷയിൽ അപലപിച്ചു. എന്നാൽ തങ്ങൾ സിവിലിയൻ കേന്ദ്രങ്ങളെയല്ല, മറിച്ച് യുക്രെയ്ന്റെ സൈനിക വ്യവസായ കേന്ദ്രങ്ങളെയും ഡ്രോൺ നിർമ്മാണ ശാലകളെയുമാണ് ലക്ഷ്യമിട്ടതെന്ന് റഷ്യൻ അധികൃതർ പ്രസ്താവിച്ചു. ചരിത്രപ്രസിദ്ധമായ സന്യാസിമഠത്തിന് കേടുപാടുകൾ സംഭവിച്ചത് യുക്രെയ്ന്റെ തന്നെ പാട്രിയറ്റ് പ്രതിരോധ മിസൈൽ തകർന്നു വീണതാണെന്നും റഷ്യ ആരോപിക്കുന്നു.
യുക്രെയ്ൻ ഇന്നലെ റഷ്യയിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ കടുത്ത ഡ്രോൺ ആക്രമണം നടത്തിയിരുന്നു. മോസ്കോയ്ക്ക് തെക്കുള്ള ടൂള മേഖലയിലെ റഷ്യയിലെ ഏറ്റവും വലിയ രാസവസ്തു നിർമ്മാണ ശാലകളിലൊന്നായ ‘അസോട്ട് കെമിക്കൽ പ്ലാന്റ്’ (Azot Chemical Plant) യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ തകർത്തു. ഇവിടെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതുകൂടാതെ യാരോസ്ലാവ് റീജിയൻ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെയും വോൾഗോഗ്രാഡ് മേഖലയിലെ എണ്ണ പമ്പിംഗ് സ്റ്റേഷന് നേരെയും യുക്രെയ്ൻ ഡ്രോണുകൾ ഉപയോഗിച്ചു ആക്രമണം നടത്തിയിരുന്നു.
റഷ്യയുടെ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി വന്ന നിരവധി ഡ്രോണുകൾ തങ്ങൾ വെടിവെച്ചിട്ടതായി മോസ്കോ മേയർ സെർജി സൊബയാനിൻ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി യുക്രെയ്ൻ തൊടുത്ത 249 വ്യോമ വസ്തുക്കൾ (ഡ്രോണുകളും മിസൈലുകളും) തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ വിഭാഗത്തിൽപ്പെട്ട എണ്ണക്കപ്പൽ പിടിച്ചെടുത്ത് ബ്രിട്ടീഷ് സേന.

