ഇംഗ്ലീഷ് ചാനലിൽവെച്ച് റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ വിഭാഗത്തിൽപ്പെട്ട എണ്ണക്കപ്പൽ പിടിച്ചെടുത്ത് ബ്രിട്ടീഷ് സേന. ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായാണ് റഷ്യൻ നിഴൽ കപ്പലിന് നേരെ ഇത്തരമൊരു സൈനിക നടപടി ഉണ്ടാകുന്നത്. ഹെലികോപ്റ്ററുകളിൽ പറന്നിറങ്ങിയ ബ്രിട്ടീഷ് റോയൽ മറീൻസാണ് കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ദൗത്യത്തിന് റോയൽ എയർഫോഴ്സും രണ്ടു നാവികസേനാ കപ്പലുകളും പിന്തുണ നൽകി.
ഉപരോധം ലംഘിക്കുന്ന റഷ്യൻ കപ്പലുകൾക്കെതിരെ ബ്രിട്ടൻ നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള കപ്പൽ പിടിച്ചെടുക്കൽ നടപടിയാണിത്. അന്താരാഷ്ട്ര ജലപാതയായ ഇംഗ്ലീഷ് ചാനലിലൂടെ കടന്നുപോകവെയാണ് നാടകീയമായ ഈ നീക്കമുണ്ടായത്. യുക്രൈൻ യുദ്ധത്തിനുള്ള റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ തടയുന്ന ദൗത്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.
പിടിച്ചെടുത്ത കപ്പൽ ഇംഗ്ലണ്ടിൻ്റെ തെക്കൻ തീരത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി, ഇവിടെ കപ്പൽ കടുത്ത നിരീക്ഷണത്തിലായിരിക്കും. ആഭ്യന്തര-അന്തർദേശീയ നിയമങ്ങൾ പൂർണമായും പാലിച്ചാണ് നടപടിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധങ്ങൾ മറികടക്കാൻ റഷ്യ ഉപയോഗിക്കുന്ന പഴയതും കൃത്യമായ രേഖകളില്ലാത്തതുമായ കപ്പലുകളുടെ കൂട്ടമാണ് ‘ഷാഡോ ഫ്ലീറ്റ്’. ഇൻഷുറൻസ് സുരക്ഷയോ കൃത്യമായ ഉടമസ്ഥാവകാശ രേഖകളോ ഇല്ലാതെയാണ് ഇവ സർവീസ് നടത്തുന്നത്. യുക്രെയ്ൻ അധിനിവേശത്തിന് ആവശ്യമായ പണം കണ്ടെത്താൻ റഷ്യൻ എണ്ണ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കുകയാണ് ഇവയുടെ ലക്ഷ്യം.

