Monday, June 15, 2026
Home » ലബനൻ തലസ്ഥാനത്ത്‌ ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം; വിമർശിച്ച് ട്രംപ്, സമാധാന ചർച്ചകൾ വീണ്ടും പ്രതിസന്ധിയിൽ.

ലബനൻ തലസ്ഥാനത്ത്‌ ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം; വിമർശിച്ച് ട്രംപ്, സമാധാന ചർച്ചകൾ വീണ്ടും പ്രതിസന്ധിയിൽ.

by Editor

ബെയ്റൂട്ട്: ലബനൻ തലസ്ഥാനത്ത്‌ ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം. തലസ്ഥാനമായ ബെയ്റൂട്ടിൻ്റെ തെക്കൻ മേഖലയിലുള്ള ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനം വ്യോമാക്രമണത്തിൽ തകർത്തതായി ഇസ്രയേൽ വ്യോമസേന അവകാശപ്പെട്ടു. അതേസമയം ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായകമായ സമാധാനക്കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ ആക്രമണം ഉണ്ടായത്. ഇതോടെ പശ്ചിമേഷ്യൻ മേഖലയിലെ സമാധാന ചർച്ചകൾ പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്.

ബെയ്റൂട്ടിൽ നടന്ന ആക്രമണം തികച്ചും അനാവശ്യമായിരുന്നുവെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘ഇന്ന് രാവിലെ ബെയ്റൂട്ടിൽ ഈ ആക്രമണം നടക്കാൻ പാടില്ലായിരുന്നു. പ്രത്യേകിച്ച് ഇറാനുമായുള്ള സമാധാന കരാറിനോട് നമ്മൾ വളരെ അടുത്ത് നിൽക്കുന്ന ഈ സുപ്രധാന ദിവസത്തിൽ ഇത് ഒഴിവാക്കേണ്ടതായിരുന്നു.‘ -ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഭീഷണികളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ട്രംപ്, എന്നാൽ ഇസ്രയേൽ തിരിച്ചടിച്ച രീതി വളരെ ചെറുതും അർത്ഥശൂന്യവുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരുന്ന കരാറിലേക്ക് കാര്യങ്ങൾ അടുക്കുകയാണെന്നും അതിനാൽ ലെബനനിൽ ഇസ്രയേലോ, ഇസ്രയേലിനെതിരെ ഹിസ്ബുള്ളയോ ഇനി ആക്രമണം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബെയ്റൂട്ടിൻ്റെ തെക്കൻ മേഖലയിലുള്ള ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനം വ്യോമാക്രമണത്തിൽ തകർത്തതായി ഇസ്രയേൽ വ്യോമസേന അറിയിച്ചു. ആക്രമണത്തിൻ്റെ നിർണായക ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യം തങ്ങളുടെ ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെ പുറത്തുവിട്ടു. ദാഹിയ മേഖലയിലെ ഒരു കെട്ടിടത്തിന് നേരെ ഇസ്രയേൽ യുദ്ധ വിമാനങ്ങൾ മിസൈൽ വർഷിക്കുന്നതും വലിയ സ്ഫോടനത്തോടെ കെട്ടിടം നിലംപൊത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

ഹിസ്ബുള്ളയ്ക്ക് ശക്തമായ സ്വാധീനമുള്ള ദാഹിയയിലെ ഒരു അപ്പാർട്ട്മെൻ്റിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ലബനൻ്റെ ഔദ്യോഗിക വാർത്താ ഏജൻസി സ്ഥിരീകരിച്ചു. കെട്ടിടത്തിന് സമീപത്തെ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്ന സമയത്തായിരുന്നു മിസൈലാക്രമണം. ഇതേത്തുടർന്ന് തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ സന്നദ്ധ പ്രവർത്തകർ തിരച്ചിൽ നടത്തുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്‌തു. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 15 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ലെബനൻ സിവിൽ ഡിഫൻസ് ഏജൻസി സ്ഥിരീകരിച്ചു.

തകർത്ത കെട്ടിടം ഹിസ്ബുള്ളയുടെ കമാൻഡ് സെൻ്ററായാണ് പ്രവർത്തിച്ചിരുന്നതെന്ന് ഇസ്രയേൽ വ്യോമസേന അവകാശപ്പെട്ടു. ഇസ്രയേൽ പൗരന്മാർക്കും തെക്കൻ ലബനനിൽ നിലയുറപ്പിച്ചിട്ടുള്ള ഇസ്രയേൽ പ്രതിരോധ സേനയ്ക്കുമെതിരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ഉപയോഗിച്ചിരുന്ന കേന്ദ്രമാണിതെന്ന് ഇസ്രയേൽ വ്യക്തമാക്കുന്നു. ഞായറാഴ്‌ച ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണ് ഇതെന്നും വ്യോമസേന കൂട്ടിച്ചേർത്തു.

ഈ ആക്രമണത്തോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയരുകയാണ്. ലെബനനിലെ ആക്രമണത്തിന് പ്രതികാരമായി ഇറാൻ ഏത് സമയത്തും മിസൈൽ ആക്രമണം നടത്തിയേക്കാമെന്ന വിലയിരുത്തലിൽ ഇസ്രയേൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അമേരിക്കയുടെ സമാധാന ശ്രമങ്ങളെ ഇസ്രയേൽ ആക്രമണം ബാധിച്ചതോടെ യു.എസിനെതിരെ ഇറാനും രംഗത്തെത്തി. അമേരിക്കയ്ക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാൻ ശേഷിയില്ലെന്നാണ് ഇസ്രയേൽ ആക്രമണം തെളിയിക്കുന്നതെന്ന് ഇറാനിയൻ പാർലമെൻ്റ് സ്‌പീക്കർ മുഹമ്മദ് ഘാലിബാഫ് എക്‌സിൽ കുറിച്ചു. ബെയ്റൂട്ട് ആക്രമണത്തിന് ശക്തമായ സൈനിക മറുപടി നൽകുമെന്ന് ഇറാന്റെ സൈനിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സമാധാന കരാറിന് തൊട്ടടുത്ത് എത്തിയെന്ന് ഇറാന്‍; അരഗ്ചിയുടെ പോസ്റ്റ് ഷെയർ ചെയ്ത് ട്രംപ്

Send your news and Advertisements

You may also like

error: Content is protected !!