ഒമാൻ തീരത്ത് വാണിജ്യ കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ, അമേരിക്കയുടെ നിലപാടിനെതിരെ വിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ. ഒരു തന്ത്രപരമായ പങ്കാളിയും സുഹൃത്തുമായ രാജ്യം ഇത്രയധികം നിസ്സംഗത കാണിക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. കൊല്ലപ്പെട്ട ജീവനക്കാരെക്കുറിച്ച് ഒരു ഖേദപ്രകടനമോ അനുശോചനമോ അറിയിക്കാൻ പോലും അമേരിക്ക തയ്യാറായില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായിരുന്നിട്ടും നിരപരാധികളായ ഇന്ത്യക്കാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറാകാത്ത അമേരിക്കയെ ‘പ്രതികരണമില്ലാത്ത സുഹൃത്ത്‘ എന്നാണ് തരൂർ വിശേഷിപ്പിച്ചത്. ഉപരോധം ലംഘിച്ചു എന്ന് പറയുന്ന ഒരു വാണിജ്യ കപ്പലിനെ തടയാൻ മിസൈൽ ആക്രമണം നടത്തി ജീവനക്കാരെ കൊല്ലുകയല്ലാതെ, കപ്പലിന്റെ എൻജിൻ പ്രവർത്തനരഹിതമാക്കുക തുടങ്ങിയ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കാമായിരുന്നില്ലേ എന്ന് തരൂർ ചോദ്യമുന്നയിച്ചു.
ഗൾഫ് മേഖലയിലൂടെ കടന്നുപോകുന്ന മിക്ക വാണിജ്യ കപ്പലുകളിലും ഇന്ത്യൻ നാവികരാണുള്ളത്. അവരെല്ലാവരും ഇനി അമേരിക്കൻ മിസൈലുകളുടെ ഇരകളാകാൻ പോവുകയാണോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഈ വിഷയത്തിലുള്ള ഇന്ത്യയുടെ ശക്തമായ ആശങ്ക അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയെ നേരിട്ട് അറിയിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നതായും തരൂർ വ്യക്തമാക്കി.
ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ ‘സെറ്റബെലോ’ (Settebello) എന്ന കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഉപരോധ നടപടികൾ ലംഘിച്ചതിനാണ് കപ്പലിന് നേരെ ആക്രമണം നടത്തിയതെന്നാണ് അമേരിക്കൻ വാദം. സംഭവത്തിൽ ഇന്ത്യ അമേരിക്കയെ നയതന്ത്രപരമായി പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരം നടപടികൾ ന്യായീകരിക്കാനാകാത്തതാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് വ്യക്തമാക്കിയിരുന്നു.

