അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ രൂപീകരണത്തിന്റെ ഘട്ടങ്ങൾ പൂർണ്ണതയിലേക്ക് അടുക്കുന്നതായി സൂചന. സമാധാന കരാറിന് തൊട്ടടുത്ത് എത്തിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അറിയിച്ചു. അബ്ബാസ് അരഗ്ചി എക്സിൽ (X) പങ്കുവെച്ച കുറിപ്പ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു. ധാരാണാപത്രം നാളെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വെച്ച് ഒപ്പിടുമെന്നാണ് സൂചന.
ഇരുരാജ്യങ്ങളും തമ്മിലുള്ള ‘ഇസ്ലാമാബാദ് ധാരണാപത്രം’ ഇതിനുമുൻപ് ഒരിക്കലും ഇത്രയടുത്ത് എത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. കരാർ അന്തിമമാകുന്നതുവരെ അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് മാധ്യമങ്ങൾ തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്നലെ ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ധാരണാപത്രം അന്തിമമല്ലെന്ന് അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ധാരണാപത്രം പുറത്തു വന്നതില്‍ ട്രംപ് രോഷം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു അരഗ്ചിയുടെ പ്രതികരണം. ധാരണാപത്രം ഒപ്പിട്ടശേഷം കരാര്‍ നടപ്പാക്കുന്നതിനും മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി 60 ദിവസത്തെ സമയപരിധി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കരാറിന്റെ ആദ്യപടിയായി ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും തുറന്നു നൽകുമെന്നാണ് യുഎസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇറാന്റെ ആണവ സമ്പുഷ്ടീകരണവും ആണവ പദ്ധതികളും സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ ഈ 60 ദിവസത്തെ ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുക. സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ വെച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഉടൻ തന്നെ ഈ ധാരണാപത്രത്തിൽ ഒപ്പുവെച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
ധാരണാപത്രത്തിന്റെ കരട് ഇരുരാജ്യങ്ങളും അംഗീകരിച്ചതായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എക്‌സില്‍ കുറിച്ചു. കരാര്‍ അന്തിമമാക്കാനുള്ള ശ്രമം തുടരുകയാണെന്നും ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി. ഇറാന്‍ – യു എസ് സമാധാനകരാര്‍ ഒപ്പിടാന്‍ ആതിഥേയത്വം വഹിക്കാന്‍ തയാറാണെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളുമായും ബന്ധപ്പെട്ടു വരികയാണെന്നും സ്വിസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാനുമായി സമാധാന ഉടമ്പടിയിലെത്തിയതായി ട്രംപ്; ആക്രമണം നിർത്തിവെച്ചു.

