Saturday, June 13, 2026
Home » ഇറാനുമായി സമാധാന ഉടമ്പടിയിലെത്തിയതായി ട്രംപ്; ആക്രമണം നിർത്തിവെച്ചു.
അമേരിക്ക ഇറാൻ ഇസ്രായേൽ യുദ്ധം

ഇറാനുമായി സമാധാന ഉടമ്പടിയിലെത്തിയതായി ട്രംപ്; ആക്രമണം നിർത്തിവെച്ചു.

by Editor

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. ഇറാനുമായി സമാധാന ഉടമ്പടി ഉടൻ ഒപ്പിടുമെന്നും ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും ട്രംപ് പറഞ്ഞു. ഞങ്ങൾ ഇറാനുമായി സമാധാന ഉടമ്പടിയിലെത്തി, ഉടമ്പടി ഒപ്പിടുന്ന ദിവസം തന്നെ ഹോർമുസ് തുറക്കും. ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോൾ സമാധാന ഉടമ്പടിയിൽ ഈയാഴ്‌ച തന്നെ ഒപ്പിട്ടേക്കുമെന്നും ട്രംപ് പറഞ്ഞു.

ഇറാനെതിരെ നടത്താനിരുന്ന കടുത്ത വ്യോമാക്രമണങ്ങളാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പെട്ടെന്ന് റദ്ദാക്കിയത്. ഖാർഗ് ദ്വീപ് (Kharg Island) അടക്കമുള്ളവ ലക്ഷ്യമിട്ടുള്ള നടപടികളാണ് നിർത്തിവെച്ചത്. ഇറാനിലെ ഉന്നത നേതൃത്വവുമായി ചർച്ച നടന്നെന്നും ആ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇന്ന് രാത്രി ഇറാനെതിരെ നിശ്ചയിച്ചിരുന്ന ആക്രമണങ്ങൾ റദ്ദാക്കിയിരിക്കുന്നെന്നും ട്രംപ് പറഞ്ഞു. ഒപ്പുവെക്കാനിരിക്കുന്ന ഈ ഉടമ്പടി പ്രകാരം ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുകയോ വാങ്ങുകയോ ഇല്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി.

അതേസമയം സമാധാന കരാർ പൂർണ്ണമായി ഒപ്പുവെച്ചിട്ടില്ലെന്നും ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളൂ എന്നും ആണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. വരും ദിവസങ്ങളിൽ യൂറോപ്പിൽ വെച്ച് നടക്കുന്ന ചടങ്ങിൽ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അമേരിക്കയെ പ്രതിനിധീകരിച്ച് കരാറിൽ ഒപ്പുവെക്കുമെന്നാണ് സൂചന.

സമാധാന പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ അമേരിക്കയും ഇറാനും തമ്മിൽ ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങളാണ് ഗൾഫ് മേഖലയിൽ നടന്നത്. ഒരു അമേരിക്കൻ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിനെ തുടർന്നാണ് രണ്ട് ദിവസമായി ഇരുപക്ഷവും പരസ്പരം ബോംബാക്രമണം നടത്തിയത്.

യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) ഇറാന്റെ തെക്കൻ മേഖലകളിലുള്ള സൈനിക താവളങ്ങൾ, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, റഡാർ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ  എന്നിവ ലക്ഷ്യമിട്ട് കടുത്ത വ്യോമാക്രമണം നടത്തി. ഇറാന്റെ തീരദേശ നഗരങ്ങളായ ബന്ദർ അബ്ബാസ് (Bandar Abbas), സിരിക് (Sirik) തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് (Kharg Island) നേരെയും ആക്രമണ ഭീഷണിയുണ്ടായിരുന്നു.

അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളിലെ യു.എസ് താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈലുകൾ. ഇതേത്തുടർന്ന് കുവൈറ്റിന് തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചിടേണ്ടി വന്നു. ബഹ്റൈനു നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ 11 വയസ്സുകാരിക്കു പരുക്ക്. ജനവാസ മേഖലകളിൽ മിസൈലുകളും ഡ്രോണുകളും പതിച്ചു. തലസ്‌ഥാനമായ മനാമയിലും ഹമദ് ടൗണിലും വ്യാപക നാശനഷ്‌ടമുണ്ടായതായി അധികൃതർ അറിയിച്ചു. ഇറാൻ്റെ ഡ്രോണുകൾ ആകാശത്തുവച്ചു തകർത്തതിന്റെ അവശിഷ്‌ടങ്ങൾ വീണ് ഹമദ് ടൗണിലും മനാമയിലും വാഹനങ്ങൾക്കും വീടുകൾക്കും തീപിടിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ കടുത്ത സൈനിക നീക്കങ്ങൾ മൂന്നാം ദിവസവും തുടരുമെന്നും ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, ഉന്നതതല ചർച്ചകൾക്കൊടുവിൽ ആക്രമണങ്ങൾ നിർത്തിവെക്കാൻ യു.എസ് പ്രസിഡന്റ് ഉത്തരവിടുകയായിരുന്നു. ഇസ്രയേൽ, സൗദി അറേബ്യ, യുഎഇ, ഖത്തർ, തുർക്കി, പാക്കിസ്ഥാൻ, ബഹ്റൈൻ, കുവൈത്ത്, ജോർദാൻ, ഈജിപ്‌ത്‌ തുടങ്ങിയ രാജ്യങ്ങളും ഉടമ്പടിയുടെ നിബന്ധനകൾ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; രണ്ടാം ഘട്ട ‘സ്വയം പ്രതിരോധ ആക്രമണങ്ങൾ’ നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ്

Send your news and Advertisements

You may also like

error: Content is protected !!