അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശനമായ ഉത്തരവിനെത്തുടർന്ന്, യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഇറാനിലെ ഒന്നിലധികം സൈനിക ലക്ഷ്യങ്ങൾക്ക് നേരെ വീണ്ടും ശക്തമായ രണ്ടാം ഘട്ട ‘സ്വയം പ്രതിരോധ ആക്രമണങ്ങൾ’ നടത്തി. യുഎസുമായി സമാധാന കരാറിലെത്താൻ ഇറാൻ വൈകിക്കുന്നതായും തങ്ങളെ പറ്റിക്കാൻ ശ്രമിക്കുന്നതായും ട്രംപ് കുറ്റപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ വ്യോമാക്രമണം. ഹോർമുസിലെ തന്ത്രപ്രധാന ദ്വീപുകളായ ക്വഷ്ം (Qeshm), ഹെൻഗാം (Hengam) എന്നിവടങ്ങളിലും തീരദേശ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക്, കാംഗൻ (Kangan) എന്നിവിടങ്ങളിലും യുഎസ് മിസൈലുകൾ പതിച്ചു.
പശ്ചിമേഷ്യയിൽ യുഎസ് സേനയ്ക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ പ്രകോപനങ്ങൾക്കും ആക്രമണങ്ങൾക്കും മറുപടിയായാണ് ഈ സൈനിക നടപടിയെന്ന് സെൻട്രോം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് സെൻട്രോം ഈ വ്യോമാക്രമണം നടത്തിയത്. തെക്കൻ ഇറാനിലെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ്, സിരിക്, മിനാബ്, കൂടാതെ പടിഞ്ഞാറൻ ടെഹ്റാൻ തുടങ്ങിയ മേഖലകളിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങൾ, ആയുധ സംഭരണശാലകൾ, വിമാന പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ എന്നിവയാണ് യുഎസ് യുദ്ധവിമാനങ്ങൾ പ്രധാനമായും തകർത്തത്.
യുഎസും ഇറാനും തമ്മിൽ നേരത്തെയുണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകരുകയും, മേഖലയിലെ സംഘർഷം കൂടുതൽ യുദ്ധ സമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയുമാണ്. പുതിയ സമാധാന കരാറിൽ ഒപ്പുവെക്കാൻ ഇറാൻ തയ്യാറാകണമെന്നും, അതിനായി തങ്ങൾ ബോംബുകൾ ഉപയോഗിച്ച് ചർച്ച നടത്താൻ മടിക്കില്ലെന്നുമാണ് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിന് മുകളിൽ പറക്കുകയായിരുന്ന യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്ററിൽ ഇറാന്റെ ഡ്രോൺ ഇടിച്ചുകയറി അത് തകർത്തതിനെ തുടർന്നാണ് ഈ പ്രത്യാക്രമണ പരമ്പര ആരംഭിച്ചത്. യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് എല്ലാത്തരം അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്കുമായി പൂർണ്ണമായും അടച്ചിടുന്നതായി പ്രഖ്യാപിച്ചു. ഇതിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനെയും ലക്ഷ്യമിടുമെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാൻ സമാധാന കരാറിൽ ഒപ്പുവെക്കാൻ വൈകിപ്പിക്കുന്നതിനാലാണ് ഈ കടുത്ത നടപടിയെന്നും, സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങൾ ബോംബുകൾ ഉപയോഗിച്ച് ചർച്ച നടത്തുമെന്നും ട്രംപും യുഎസ് ഭരണകൂടവും വ്യക്തമാക്കി. എന്നാൽ ഏതൊരു ഭീഷണിക്കും മുന്നിൽ തങ്ങൾ ശക്തമായി ഉറച്ചുനിൽക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രതികരിച്ചു.
ഒമാൻ തീരത്ത് ഇന്ധനക്കപ്പലിന് നേരെ വീണ്ടും ആക്രമണം; രണ്ടു ഇന്ത്യൻ നാവികർ മരിച്ചു, ഒരാളെ കാണാതായി.

