2026 ഫിഫ ലോകകപ്പ് ഫുട്ബോളിന് നാളെ മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ ആസ്റ്റെക്ക സ്റ്റേഡിയത്തിൽ (Estadio Azteca) ഔദ്യോഗിക തുടക്കമാകും. ഇന്ത്യൻ സമയം (IST) നാളെ (ജൂൺ 12 വെള്ളിയാഴ്ച) പുലർച്ചെ 12:30-നും, ഓസ്ട്രേലിയൻ സമയം (AEST) അനുസരിച്ച് വെള്ളിയാഴ്ച പുലർച്ചെ 5:00 മണിക്കും നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എ-യിൽ നിന്നുള്ള മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. മെക്സിക്കോയിലെ പ്രാദേശിക സമയം ജൂൺ 11 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് (13:00 Local Time) ആണ് ലോകകപ്പിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.
ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ കായികമാമാങ്കത്തിന് യുഎസ്എ, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങളാണ് സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്. 39 ദിവസങ്ങളിലായി ആകെ 104 മത്സരങ്ങൾ നടക്കും. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ടൂർണമെന്റാണിത്. ജൂൺ 12 മുതൽ ജൂലൈ 19 വരെ 16 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. 32-ന് പകരം 48 ടീമുകൾ കളത്തിലെത്തുന്നതോടെ 64 മത്സരങ്ങളുണ്ടായിരുന്നത് 104 ആയി ഉയരും. ട്രിയോണ്ട പന്തും കൃത്യത ഉറപ്പുവരുത്താനുള്ള പുത്തൻ സാങ്കേതിക വിദ്യകളും തുടങ്ങി നിരവധി മാറ്റങ്ങളോടെയാണ് ലോകകപ്പ് ആരാധകർക്ക് മുന്നിലെത്തുന്നത്. ജൂലൈ 19-ന് ന്യൂയോർക്ക്/ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ വെച്ചാണ് ലോകം കാത്തിരിക്കുന്ന കലാശപ്പോരാട്ടം അരങ്ങേറുക.
കിക്കോഫിന് ഒന്നര മണിക്കൂർ മുൻപു തന്നെ ഉദ്ഘാടനച്ചടങ്ങിനു മൈതാനമുണരും. ലോകകപ്പിൻ്റെ ഔദ്യോഗിക ഗാനമായ ‘ഡായ് ഡായ്’ കൊളംബിയൻ പോപ് ഗായിക ഷക്കീറയും നൈജീരിയൻ ഗായകൻ ബർണ ബോയും ചേർന്നാണ് ആലപിക്കുക. ടൈല, ജെ ബാൽവിൻ, മാന, അലക്സാന്ദ്രോ ഫെർണാണ്ടസ്, ബെലിൻഡ, ഡാനി ഓഷ്യൻ, ലീല ഡൗൺസ് തുടങ്ങിയവരും സംഗീതവിരുന്നിൽ പങ്കാളികളാകും. ഹോളിവുഡ് നടി സൽമ ഹയെക് അടക്കം ലോകതാരങ്ങളും ചടങ്ങിലുണ്ടാകും.
അടുത്ത ദിവസം കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടക്കുന്ന കാനഡ– ബോസ്നിയ ഹെർസഗോവിന മത്സരത്തിനു മുൻപും ലൊസാഞ്ചലസ് സ്റ്റേഡിയത്തിൽ നടക്കുന്ന യുഎസ്എ– പാരഗ്വായ് മത്സരത്തിനു മുൻപും ഉദ്ഘാടന ചടങ്ങുകൾ നടക്കും. അമേരിക്കയിലെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂൺ 12-ന് ലൊസാഞ്ചലസ് സ്‌റ്റേഡിയത്തിൽ വെച്ച് ആതിഥേയരായ യുഎസ്എ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാഗ്വേയെ നേരിടും. ലൊസാഞ്ചലസ് സ്‌റ്റേഡിയത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ ജൂൺ 15-ന് ഇറാൻ- ന്യൂസീലൻഡ് പോരാട്ടവും, ജൂൺ 25-ന് യുഎസ്- തുർക്കി മത്സരവും നടക്കും. സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്‌റ്റേഡിയത്തിൽ ജൂൺ 13-ന് ഖത്തറും സ്വിറ്റ്സർലൻഡും തമ്മിലാണ് ആദ്യ മത്സരം നടക്കുന്നത്. തുടർന്ന് ജൂൺ 16-ന് ഓസ്ട്രിയ- ജോർദാൻ മത്സരവും, ജൂൺ 19-ന് തുർക്കി – പാരഗ്വായ് പോരാട്ടവും ഇവിടെ അരങ്ങേറും. വരും ദിവസങ്ങളിൽ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന കടുത്ത പോരാട്ടങ്ങൾക്കായി കളിപ്രേമികൾ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
തത്സമയ സംപ്രേഷണം
ഇന്ത്യയിൽ Sports18 നെറ്റ്‌വർക്ക് ചാനലുകളിലൂടെ മത്സരങ്ങൾ തത്സമയം കാണാം, JioCinema ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും സൗജന്യമായി ഡിജിറ്റൽ സ്ട്രീമിംഗ് ലഭ്യമായിരിക്കും.
ഓസ്‌ട്രേലിയയിൽ: SBS ചാനലിലൂടെയും SBS On Demand ആപ്പിലൂടെയും മുഴുവൻ മത്സരങ്ങളും സൗജന്യമായി തത്സമയം കാണാം.

