കോഴിക്കോട്: രാമനാട്ടുകര നഗരസഭാ പരിധിയിൽ ഫറൂഖ് കോളജിനു സമീപം താമസിക്കുന്ന 43 വയസ്സുകാരന് നിപ്പ രോഗം സ്‌ഥിരീകരിച്ചു. ഗുരുതരാവസ്‌ഥയിലായ രോഗിയെ അർധരാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേകം സജ്‌ജീകരിച്ച ഐസലേഷൻ വാർഡിലെ വെന്റിലേറ്ററിലേക്ക് മാറ്റി. സാവിത്രി ദേവി സാബു വാർഡിലേക്കുള്ള പ്രവേശനം പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. വാർഡ് പരിസരത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. പരിസരത്തെ പാർക്കിങ്ങും പൂർണ്ണമായി നിരോധിച്ചു. ഡിസ്ചാർജ്ജ് ചെയ്യുന്ന രോഗികൾ ഉൾപ്പെടെ ആശുപത്രിയുടെ പ്രധാന ഗെയിറ്റ് ഉപയോഗിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ പേ വാർഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും രോഗനിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി കർശനമായ നിയന്ത്രണങ്ങളും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ സുരക്ഷയും രോഗവ്യാപനം തടയുന്നതും മുൻനിർത്തിയാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ പ്രോട്ടോക്കോൾ അനുസരിച്ച് രോഗിയിൽ നിന്നെടുത്ത സ്രവ സാംപിൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചു. നിപ്പ് രോഗം കണ്ടെത്താനുള്ള വിആർഡിഎൽ ലാബ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഉണ്ടെങ്കിലും പുണെയിൽ നടത്തുന്ന പിസിആർ പരിശോധനയ്ക്കു ശേഷമാകും ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടാകുക. ഇന്ന് വൈകിട്ടോടെ ഈ ഫലം പുറത്തുവരുമെന്നാണ് വിവരം.
രോഗിയുടെ കുടുംബാംഗങ്ങളിൽ ആർക്കും നിലവിൽ രോഗലക്ഷണമില്ല. മുൻകരുതലിന്റെ ഭാഗമായി രോഗബാധിതന്റെ വീട്ടിലുള്ളവരെയും ക്വാറന്റൈനിലേക്ക് മാറ്റി. രോഗബാധിതന്റെ രണ്ടു മക്കളോടും സ്കൂളിൽ പോകേണ്ട എന്ന നിർദേശവും നൽകി.
രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ രോഗബാധ കണ്ടെത്തിയ പ്രദേശത്ത് ആരോഗ്യവകുപ്പിൻ്റെ പ്രത്യേക ക്യാംപ് തുടങ്ങും. സമ്പർക്ക പട്ടികയിലുള്ള അഞ്ചു പേരുടെ സാംപിൾ കൂടി മെഡിക്കൽ കോളജിലേക്ക് പരിശോധനയ്ക്ക് അയച്ചു. രോഗത്തിൻ്റെ ഉറവിട പരിശോധന, രോഗിയുടെ റൂട്ട് മാപ്പ് തുടങ്ങിയവ തയാറാക്കും. മുൻകരുതൽ നടപടികളുടെ ഭാഗമായി രോഗത്തിന്റെ ഔദ്യോഗിക സ്‌ഥിരീകരണം വരുന്നതിനു മുന്നോടിയായി തന്നെ പ്രദേശത്തെ കണ്ടെയ്ൻമെന്റ്റ് സോണുകളാക്കി തിരിക്കാനും സ്‌ഥിതിഗതികൾ വിലയിരുത്താനും ഇന്ന് (വ്യാഴാഴ്‌ച) രാവിലെ ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം ചേരും.

