Thursday, June 11, 2026
Home » ഷിഗെല്ല: വയനാട്ടിൽ 3 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
ഷിഗെല്ല രോഗബാധ

ഷിഗെല്ല: വയനാട്ടിൽ 3 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

by Editor

കല്പറ്റ: വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ ഷിഗെല്ല സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയായി നാല് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തര അവധി പ്രഖ്യാപിച്ചു. നെന്മേനി, അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലെയും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി. ജൂൺ 11 വ്യാഴാഴ്‌ച മുതൽ ജൂൺ 14 ഞായറാഴ്ച്‌ച വരെയാണ് അവധികൾ പ്രഖ്യാപിച്ചിരിക്കുന്നത്. നെൻമേനി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ.

മദ്രസകൾ, അങ്കണവാടികൾ, പഠന മുറികൾ, ഹോസ്‌റ്റലുകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രഫഷനൽ കോളജുകൾ എന്നിവ ഉൾപ്പെടെയുള്ള സ്‌ഥാപനങ്ങൾക്ക് അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും ഈ അവധി ബാധകമല്ല. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർ ജോലിക്ക് ഹാജരാകുന്നതിന് തടസ്സമില്ല.

ജില്ലയിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്‌ത പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി നൽകിയത് രോഗവ്യാപന സാധ്യത തടയുക എന്ന ലക്ഷ്യത്തോടെയായതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ആരോഗ്യ വകുപ്പിന്റെ രോഗ പ്രതിരോധ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ഈ സമയത്ത് കുട്ടികളെയും കൊണ്ട് അനാവശ്യ യാത്രകൾ നടത്തുന്നതും ചടങ്ങുകളിൽ പങ്കെടുപ്പിക്കുന്നതും ബന്ധുവീടുകളിൽ പോകുന്നതും രക്ഷിതാക്കൾ ഒഴിവാക്കണം. പ്രാഥമിക ലക്ഷണങ്ങൾ കണ്ടാൽ തന്നെ സ്വയംചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടണം എന്നും നിർദ്ദേശമുണ്ട്.

 

Send your news and Advertisements

You may also like

error: Content is protected !!