Thursday, June 11, 2026
Home » ഒമാൻ തീരത്ത് ഇന്ധനക്കപ്പലിന് നേരെ വീണ്ടും ആക്രമണം; രണ്ടു ഇന്ത്യൻ നാവികർ മരിച്ചു, ഒരാളെ കാണാതായി.
ഒമാൻ തീരത്ത് ഇന്ധനക്കപ്പലിന് നേരെ വീണ്ടും ആക്രമണം; രണ്ടു ഇന്ത്യൻ നാവികർ മരിച്ചു, ഒരാളെ കാണാതായി.

ഒമാൻ തീരത്ത് ഇന്ധനക്കപ്പലിന് നേരെ വീണ്ടും ആക്രമണം; രണ്ടു ഇന്ത്യൻ നാവികർ മരിച്ചു, ഒരാളെ കാണാതായി.

പ്രതിഷേധം അറിയിച്ച് ഇന്ത്യ.

by Editor

മസ്‌കറ്റ്: ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിന് സമീപം ഇന്ധനക്കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ രണ്ടു ഇന്ത്യൻ നാവികർ മരിച്ചു. ഒരാളെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സെറ്റബെല്ലോ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആദ്യഘട്ടത്തിൽ മൂന്ന് നാവികരെ കാണാതായെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നതെങ്കിലും, പിന്നീട് രണ്ട് പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മരണപ്പെട്ടവർ: ആദിത്യ ശർമ്മ (ഡെക്ക് കേഡറ്റ്), ശിവാനന്ദ് ചൗരസ്യ (എഞ്ചിൻ ഫിറ്റർ).

ഇന്നലെ (ജൂൺ 10 ബുധനാഴ്ച), ഒമാൻ തീരത്ത് ഹോർമുസ് കടലിടുക്കിന് സമീപം ആണ് ആക്രമണം ഉണ്ടായത്. ആകെ 28 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ 24 പേരും ഇന്ത്യക്കാരായിരുന്നു. കപ്പലിൽ നിന്ന് ഒമാൻ നാവികസേനയുടെ സഹായത്തോടെ 21 ഇന്ത്യക്കാരേയും രക്ഷപ്പെടുത്തി. നിലവിൽ ഇവർ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, മേഖലയിലെ സംഘർഷങ്ങളുടെ നേരിട്ടുള്ള പ്രതിഫലനമാണ് ഇതെന്നും വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഒമാനിലെ സൊഹാർ തുറമുഖ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്ക്, ഹോർമുസ് കടലിടുക്കിന് സമീപമാണ് ഇന്ധനക്കപ്പലിന് നേരെ ആക്രമണമുണ്ടായത്. യു.എസ് നാവികസേന നടത്തിയ മിസൈൽ ആക്രമണമാണ് അപകടത്തിന് കാരണമെന്നാണ് അന്താരാഷ്ട്ര മാരിടൈം ഏജൻസികളുടെ വിലയിരുത്തൽ. കപ്പലിന്റെ എഞ്ചിൻ റൂമിൽ മിസൈൽ പതിച്ചതിനെത്തുടർന്ന് വലിയ രീതിയിൽ തീപിടിത്തം ഉണ്ടാകുകയായിരുന്നു.

ഇറാനിലേക്കുള്ള കപ്പൽ ഗതാഗതം തടയാൻ ലക്ഷ്യമിട്ട് യു.എസ് നടത്തുന്ന നാവിക ഉപരോധത്തിന്റെ ഭാഗമായാണ് ഈ ആക്രമണമെന്നാണ് ബ്രിട്ടീഷ് മാരിടൈം സുരക്ഷാ സ്ഥാപനമായ ആംബ്രി വിലയിരുത്തുന്നത്. അതേസമയം അമേരിക്കൻ നിർദേശങ്ങൾ കപ്പൽ പാലിക്കാതിരുന്നതാണ് ആക്രമണത്തിന് കാരണമെന്ന് യു.എസ് സെൻട്രൽ കമാൻഡ് സൂചിപ്പിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപ് എം.ടി മാരിവെക്സ് എന്ന മറ്റൊരു ഇന്ധനക്കപ്പലിന് നേരെയും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു.
അതേസമയം അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിത ചരക്കുനീക്കം ഉറപ്പാക്കുന്നതിന് ചർച്ചകളിലൂടെ അടിയന്തര പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു‌.

പ്രതിഷേധം അറിയിച്ച് ഇന്ത്യ.
ചരക്കുകപ്പലിന് നേരെയുള്ള ആക്രമണത്തിൽ അമേരിക്കയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. അമേരിക്കൻ എംബസിയിലെ സിഡിഎ ജെയ്സൺ മീക്സിനെ ഇന്ത്യ വിളിച്ചു വരുത്തി. ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കപ്പൽ ആക്രമിച്ചത് സ്ഥിരീകരിച്ച് അമേരിക്കൻ സെൻട്രൽ കമാൻഡ് രം​ഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി: യു.എസ് ആക്രമണത്തിന് മറുപടിയായി കുവൈറ്റിലും ബഹ്റിനിലും ജോർദാനിലും മിസൈൽ വർഷിച്ച് ഇറാൻ

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; കപ്പലിൽ കുടുങ്ങിയ 24 ഇന്ത്യൻ നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

Send your news and Advertisements

You may also like

error: Content is protected !!