യു.എസ്. – ഇറാൻ സൈനിക സംഘർഷം മിഡിൽ ഈസ്റ്റിൽ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് വഴിമാറുന്നു. ഒമാൻ തീരത്ത് വെച്ച് ഇറാൻ ഒരു യു.എസ്. ആപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടതോടെയാണ് നിലവിലെ പുതിയ പ്രകോപനങ്ങൾ ആരംഭിച്ചത്. ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചതോടെ മേഖലയിലെ യു.എസ് സഖ്യ രാജ്യങ്ങൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും വർഷിച്ച് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് തിരിച്ചടിയും ആരംഭിച്ചു.
യു.എസ് വ്യോമസേനയുടെയും നാവികസേനയുടെയും അത്യാധുനിക യുദ്ധ വിമാനങ്ങൾ സംയുക്തമായാണ് ഇറാനെതിരെ ആക്രമണം നയിക്കുന്നത്. തെക്കൻ ഇറാനിലെ അതിർത്തി നഗരങ്ങളായ ബന്ദർ അബ്ബാസ്, തന്ത്രപ്രധാനമായ ഖേഷം ദ്വീപ് എന്നിവയ്ക്ക് സമീപമാണ് അമേരിക്കൻ യുദ്ധ വിമാനങ്ങൾ കനത്ത ബോംബിങ് നടത്തിയത്. ഇറാൻ്റെ പ്രധാനപ്പെട്ട വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, നിരീക്ഷണ റഡാർ സൈറ്റുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു യു.എസ് നീക്കം.
പ്രതികാര നടപടിയായി ഒരേസമയം മൂന്ന് രാജ്യങ്ങളിലെ യു.എസ് താവളങ്ങൾക്ക് നേരെയാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്. യു.എസ്. ആക്രമണത്തിന് തൊട്ടുപിന്നാലെ, കുവൈത്ത്, ബഹ്റൈൻ (യു.എസ്. ഫിഫ്ത് ഫ്ലീറ്റ് ആസ്ഥാനം), ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) സ്ഥിരീകരിച്ചു.
യു.എസ് നാവികസേനയുടെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചാം കപ്പൽപ്പടയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ബഹ്റിനിലുടനീളം മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇവിടുത്തെ യു.എസ് നാവിക താവളത്തെ ലക്ഷ്യമിട്ട് തങ്ങൾ ഡ്രോൺ ആക്രമണം നടത്തിയതായി ഐആർജിസി അവകാശപ്പെട്ടു. യു.എസ് സൈനികർ വൻതോതിൽ തമ്പടിച്ചിരിക്കുന്ന കുവൈറ്റിലെ അലി അൽ സലേം വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ അയച്ചതായും പ്രാദേശിക വിവരങ്ങൾ ഉണ്ട്. കൂടാതെ യു.എസ് യുദ്ധ വിമാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന ജോർദാനിലെ മുവാഫാഖ് സാൾട്ടി വ്യോമതാവളത്തിന് നേരെയും മിസൈലുകൾ വിക്ഷേപിച്ചതായി ഇറാൻ അവകാശപ്പെട്ടു. ബഹ്റൈനിലെ യു.എസ്. താവളത്തിന് സമീപം വലിയ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇറാൻ തൊടുത്ത ചില മിസൈലുകൾ ജോർദാനും കുവൈത്തും അന്തരീക്ഷത്തിൽ വെച്ച് തന്നെ തകർത്തതായും റിപ്പോർട്ടുകളുണ്ട്.
യുദ്ധം കടുത്തതോടെ ഇറാൻ തങ്ങളുടെ പടിഞ്ഞാറൻ വ്യോമാതിർത്തി പൂർണമായും അടച്ചുപൂട്ടി. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രത്യാക്രമണം ഉണ്ടായേക്കുമെന്ന സൂചന നൽകിക്കൊണ്ട് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും ഇറാൻ നിർത്തിവച്ചിരിക്കുകയാണ്. ലോകത്തിലെ എണ്ണക്കയറ്റുമതിയുടെ ഭൂരിഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന് ചുറ്റും യുദ്ധം പടരുന്നത് ആഗോള എണ്ണ വിപണിയെയും ആഗോള സാമ്പത്തിക രംഗത്തെയും നിശ്ചലമാക്കുമെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങൾ. അതേസമയം യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) ദക്ഷിണ ഇറാനിലെയും ഹോർമൂസ് കടലിടുക്കിലെയും 20-ഓളം സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണം പൂർത്തിയാക്കിയതായി ഔദ്യോഗികമായി അറിയിച്ചു.
യുഎസ് ഹെലികോപ്റ്റർ ആക്രമിച്ചത് ഇറാൻ; മറുപടിയായി ഇറാനിൽ യുഎസ് ആക്രമണം

