ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ ഡ്രോൺ ആക്രമണത്തിലൂടെ തകർത്തതിന് മറുപടിയായി യുഎസ് സൈന്യം ഇറാനിൽ ശക്തമായ തിരിച്ചടി തുടങ്ങി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ആണ് ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.
ഓമാൻ തീരത്ത് ഹോർമുസ് കടലിടുക്കിന് സമീപം നിരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന യുഎസ് ആർമിയുടെ AH-64 അപ്പാച്ചെ ഹെലികോപ്റ്റർ ആണ് തകർന്നത്. ഇറാന്റെ ഷാഹെദ് (Shahed) ഡ്രോൺ ഇടിച്ചാണ് ഹെലികോപ്റ്റർ തകർന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇത് ബോധപൂർവം ചെയ്തതാണോ അതോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന് വ്യക്തമല്ല.
ഹെലികോപ്റ്റർ തകർത്തതിന് തൊട്ടുപിന്നാലെ, അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർത്തത് ഇറാൻ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാന്റെ ആക്രമണത്തോട് യുഎസ് പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. പൈലറ്റുമാർ സുരക്ഷിതരാണെന്നും പരുക്കേൽക്കാതെ രക്ഷപ്പെട്ടെന്നും ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ എന്നിവ ലക്ഷ്യമിട്ടാണ് യുഎസ് പ്രധാനമായും വ്യോമാക്രമണം നടത്തിയത്. ഇറാന്റെ തീരദേശ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക്, മിനാബ്, ഖെഷ്ം ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന് പിന്നാലെ യുഎസ് ലക്ഷ്യങ്ങൾക്കു നേരെ മിസൈലുകളും ഡ്രോണുകളും അയച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു. യുഎസിന്റെ ഒരു ആക്രമണവും മറുപടിയില്ലാതെ പോകില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. സുരക്ഷിതമായിരിക്കാൻ വിദേശ സൈന്യം മേഖല വിട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വരും മണിക്കൂറുകളിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നും യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചു.
മേഖലയിൽ ഒരു സമാധാന കരാറിനായി ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് ഈ പുതിയ സൈനിക സംഘർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന് മേൽ അമേരിക്ക സമ്പൂർണ വിജയം പ്രഖ്യാപിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞതിന് പിന്നാലെയാണ് പുതിയ സംഘർഷം ഉടലെടുത്തിരിക്കുന്നത്.

