വാഷിങ്ടൺ: ആർട്ടെമിസ്-3 ദൗത്യത്തിനായുള്ള ബഹിരാകാശ യാത്രികരുടെ സംഘത്തെ നാസ പ്രഖ്യാപിച്ചു. കഴിഞ്ഞ ഏപ്രിലിൽ വൻ വിജയമായി മാറിയ ആർട്ടെമിസ്-2 ദൗത്യത്തിന് പിന്നാലെയാണ് 2027 ൽ നടക്കാനിരിക്കുന്ന അടുത്ത പരീക്ഷണപ്പറക്കലിനുള്ള നാലംഗ സംഘത്തെ നാസ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചൊവ്വാഴ്‌ച രാത്രി യു.എസിലെ ജോൺസൺ സ്പേസ് സെൻ്ററിൽ നടന്ന ചടങ്ങിലാണ് നാസ അധികൃതർ പ്രഖ്യാപനം നടത്തിയത്.
അമേരിക്കയുടെ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും കൈകോർക്കുന്ന ദൗത്യത്തിൽ പരിചയസമ്പന്നരായ നാല് ബഹിരാകാശ സഞ്ചാരികളാണുള്ളത്. ഇത്തവണ ദൗത്യസംഘത്തിൽ വനിതകളില്ല
റാൻഡി ബ്രെസ്ന്‌നിക്, മിഷൻ കമാൻഡർ: നാസയുടെ മുതിർന്ന ബഹിരാകാശ യാത്രികനും യുഎസ് മറൈൻ കോർപ്സ് മുൻ പൈലറ്റും.
ലൂക പർമിറ്റാനോ, മിഷൻ പൈലറ്റ്: യൂറോപ്യൻ സ്പേസ് ഏജൻസിയെ പ്രതിനിധീകരിച്ച് ഇറ്റാലിയൻ എയർഫോഴ്സ് കേണലായ ലൂക പൈലറ്റാകും. രാജ്യാന്തര ബഹിരാകാശ നിലയത്തിൻ്റെ കമാൻഡറായി സേവനമനുഷ്ഠിച്ചിട്ടുള്ള ആദ്യ ഇറ്റാലിയൻ പൗരനാണ് ഇദ്ദേഹം.
കേണൽ ഫ്രാങ്ക് റൂബിയോ, മിഷൻ സ്പെഷ്യലിസ്റ്റ്: ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കഴിഞ്ഞ അമേരിക്കക്കാരൻ എന്ന റെക്കോർഡിന് ഉടമയായ നാസയുടെ സഞ്ചാരി.
ആൻഡ്രൂ ഡഗ്ലസ് മിഷൻ സ്പെഷ്യലിസ്റ്റ്: യു.എസ് കോസ്റ്റ്ഗാർഡ് റിസർവ് കമാൻഡറും പ്രമുഖ ടെസ്റ്റ് എഞ്ചിനീയറുമായ ആൻഡ്രൂവും സംഘത്തിൽ നിർണായക പങ്കുവഹിക്കും.
ഇവർക്ക് പുറമെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ബാക്ക് അപ്പ് ക്രൂ അംഗമായി നാസയുടെ ബോബ് ഹെയ്ൻസിനെയും നിയോഗിച്ചിട്ടുണ്ട്.
മുൻപ് ചന്ദ്രനിൽ മനുഷ്യനെ ഇറക്കാൻ ലക്ഷ്യമിട്ടിരുന്ന ഈ ദൗത്യം, പരിഷ്കരിച്ച പ്ലാൻ അനുസരിച്ച് ഭൂമിയുടെ ലോവർ ഓർബിറ്റിൽ (Low Earth Orbit) മാത്രമാണ് പരീക്ഷണങ്ങൾ നടത്തുക. സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് (Starship), ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ (Blue Moon) എന്നീ ലാൻഡറുകളുമായി നാസയുടെ ഒറിയോൺ പേടകം വിജയകരമായി ഘടിപ്പിക്കാൻ ഈ സംഘം പരീക്ഷണങ്ങൾ നടത്തും. ഈ പരീക്ഷണങ്ങൾ വിജയകരമായാൽ, 2028-ൽ നടക്കാനിരിക്കുന്ന ആർട്ടെമിസ്-4 ദൗത്യത്തിലൂടെ മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങും.
ചെറിയ ഇടവേളകളിൽ ബ്ലൂ മൂണും ഒറയോണും സ്റ്റാർഷിപ്പ് എച്ച്എൽഎസും വിക്ഷേപിക്കുകയാണ് ദൗത്യത്തിലെ ആദ്യ വെല്ലുവിളി. ആദ്യ ബ്ലൂ മൂണാകും വിക്ഷേപിക്കുക. പിന്നെ എസ്എൽഎസ് റോക്കറ്റിൽ ഒറയോണിൽ നാല് യാത്രികർ ബഹിരാകാശത്തെത്തും. ബ്ലൂ മൂണുമായി ഡോക്ക് ചെയ്യുകയും വേർപെടുകയും ചെയ്ത ശേഷം സ്റ്റാർഷിപ്പുമായും ഡോക്കിംഗ് നടത്താനാണ് പദ്ധതി. ആർട്ടെമിസ് നാലിന് മുൻപ് സ്റ്റാർഷിപ്പ് എച്ച്എൽഎസ് ലാൻഡർ ആളില്ലാതെ ചന്ദ്രനിൽ ലാൻഡിങ്ങ് നടത്തുമെന്നും പ്രഖ്യാപനമുണ്ട്.

