യുകെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി നാലുവയസ്സുകാരി ഹെലൻ റോസിന്റെ വേർപാട്. കണ്ണൂർ ജില്ലയിലെ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിൻ ടോം, ക്ലാരിറ്റ് ജോർജ് ദമ്പതികളുടെ ഇളയമകളായ ഹെലൻ റോസാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ചിരിയും കളിയും നിറഞ്ഞ കുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുകെയിലെ മലയാളി സമൂഹത്തെയാകെയും കണ്ണീരിൽ ആഴ്ത്തിയിരിക്കുകയാണ്.
മൂന്ന് വർഷം മുൻപ് സ്വകാര്യ നഴ്‌സിംഗ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് ഹെലന്റെ മാതാവ് ക്ലാരിറ്റ് യുകെയിലെത്തിയത്. ആറു മാസത്തിന് ശേഷം പിതാവ് അബിനും യുകെയിൽ എത്തി. തുടർന്ന് ഒരു വർഷം മുൻപാണ് ഹെലനും ഏഴുവയസ്സുകാരനായ മൂത്ത സഹോദരൻ ജുവാനും യുകെയിലെത്തിയത്. യുകെയിലെ ജീവിതം ആസ്വദിച്ചു തുടങ്ങിയ ഹെലൻ റോസ് വളരെ പെട്ടെന്നാണ് ചുറ്റുമുള്ളവരുടെ പ്രിയങ്കരിയായി മാറിയത്. എന്നാൽ ആ സന്തോഷങ്ങൾക്ക് ആയുസ് കുറവായിരുന്നു.
കഴിഞ്ഞ ബുധനാഴ്‌ച രാത്രി കട്ടിലിൽ നിന്ന് താഴെ വീണതാണ് ദുരന്തത്തിൻ്റെ തുടക്കം. വീഴ്ചയ്ക്ക് ശേഷം വ്യാഴാഴ്ച്‌ച രാത്രിയോടെ കുഞ്ഞിന് ചെറിയ ശാരീരിക അസ്വസ്ഥതകൾ പ്രകടമായി. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛർദിയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കടുത്തതോടെ മാതാപിതാക്കൾ ഹെലനെ അടിയന്തരമായി നോർവിച്ചിലെ എൻഎച്ച്എസ് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിൽ എത്തിച്ചു. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി കേംബ്രിജിലെ അഡൻബ്രൂക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെയാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.
തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കട്ടിലിൽനിന്ന് വീണത് മാത്രമല്ല മരണത്തിലേക്കെത്തിച്ച സാഹചര്യമെന്ന സംശയവും കുടുംബാംഗങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. കണ്ടെത്താൻ കഴിയാതിരുന്ന ഏതെങ്കിലും ഗുരുതര രോഗാവസ്ഥയോ ആരോഗ്യപ്രശ്നമോ ഉണ്ടായിരുന്നോയെന്ന സാധ്യതയും ഡോക്ടർമാർ പരിശോധിക്കുന്നതായി ബന്ധുക്കൾ പറയുന്നു. മരണത്തിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള വിശദമായ മെഡിക്കൽ പരിശോധനകളും അന്വേഷണ നടപടികളും പുരോഗമിക്കുകയാണ്.
നിലവിൽ കേംബ്രിജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം യുകെയിലെ പ്രവാസി മലയാളി സംഘടനകളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഹെലന്റെ വേർപാട് കുടുംബാംഗങ്ങളുടെ മാത്രമല്ല യുകെയിലെ മുഴുവൻ പ്രവാസി മലയാളി സമൂഹത്തിന്റെയും വേദനയായി മാറുകയാണ്.

