മുസാഫറാബാദ്: പാക് അധീന കശ്മീരിൽ (PoK) സുരക്ഷാ സേന നടത്തിയ വെടിവെപ്പിലും കടുത്ത സംഘർഷങ്ങളിലും 30 -ലധികം പേർ കൊല്ലപ്പെടുകയും ഇരുനൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമം അടിച്ചമർത്താൻ പാക്കിസ്ഥാൻ സൈന്യവും അർദ്ധസൈനിക വിഭാഗമായ റേഞ്ചേഴ്സും നേരിട്ടിറങ്ങിയതോടെയാണ് പ്രദേശം ചോരക്കളമായി മാറിയത്. ഇന്ന് നടത്താനിരുന്ന വലിയ മാർച്ചും ലോക്ക്ഡൗണും തടയാൻ നേതാക്കളെ പരക്കെ അറസ്റ്റ് ചെയ്തതാണ് ജനങ്ങളെ അക്രമാസക്തരാക്കിയത്.
മുസാഫറാബാദ്, ഗിൽജിത്-ബാൾട്ടിസ്ഥാൻ, ദാദിയാൽ തുടങ്ങിയ വിവിധ പ്രദേശങ്ങളിലേക്ക് പ്രതിഷേധം പടർന്നു. ഇന്റർനെറ്റ്-മൊബൈൽ സേവനങ്ങൾ പൂർണ്ണമായി റദ്ദാക്കിയാണ് പാക് ഭരണകൂടം പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത്. ഇന്റർനെറ്റ് ഇല്ലാത്തതിനാൽ യഥാർത്ഥ മരണസംഖ്യയും ആശുപത്രികളിൽ നിന്നുള്ള കൃത്യമായ വിവരങ്ങളും പുറംലോകത്തേക്ക് എത്താൻ വൈകുന്നു. പ്രാദേശിക ആക്ടിവിസ്റ്റുകൾ പറയുന്നത് യഥാർത്ഥ മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ വളരെ ഉയർന്നതാണെന്നാണ്.
റീജിയണൽ ലെജിസ്ലേറ്റീവ് അസംബ്ലി തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾക്കായി 12 സീറ്റുകൾ സംവരണം ചെയ്തതിനെതിരെയുള്ള പ്രാദേശിക പ്രതിഷേധമാണ് വലിയ കലാപമായി മാറിയത്. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ സിവിൽ സൊസൈറ്റി കൂട്ടായ്മയായ ജാക്കിനെ (Joint Awami Action Committee – JAAC) പാക്കിസ്ഥാൻ സർക്കാർ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ചതോടെ ജനരോഷം ഇരട്ടിച്ചു.
വെള്ളിയാഴ്ച രാത്രി റാവലകോട്ടിൽ സുരക്ഷാ ജീവനക്കാരുമായുള്ള തർക്കത്തിനിടെ ഒരു പ്രാദേശിക വ്യാപാരി വെടിയേറ്റ് മരിച്ചു. തുടർന്ന് ആശുപത്രി മോർച്ചറിക്ക് മുന്നിൽ ജാക് (JAAC) പ്രവർത്തകർ വലിയ രീതിയിൽ പ്രതിഷേധിച്ചു. ഈ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യവും റേഞ്ചേഴ്സും വിവേചനരഹിതമായി വെടിവെക്കുകയായിരുന്നു. ഇതിനുപുറമെ, കാലങ്ങളായി തുടരുന്ന ഗോതമ്പ് മാവിന്റെ വിലവർദ്ധനവ്, അമിതമായ വൈദ്യുതി ബില്ലുകൾ, തങ്ങളുടെ പ്രകൃതിവിഭവങ്ങൾ പാക്കിസ്ഥാൻ അധികൃതർ കൊള്ളയടിക്കുന്നു എന്ന ജനങ്ങളുടെ പരാതി, കടുത്ത സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് ഈ കലാപത്തിലേക്കും വെടിവെപ്പിലേക്കും വഴിമാറിയത്.
പാക് അധീന കാശ്മീരിൽ സംഘർഷം; അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

