ബെയ്റൂട്ട്: ഇറാൻ ഭീഷണി അവഗണിച്ച് തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരെ സൈനിക നടപടി ശക്തമാക്കി ഇസ്രയേൽ. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇസ്രയേൽ സൈന്യം ഇന്ന് തെക്കൻ ലെബനനിലെ പ്രമുഖ നഗരമായ ടയറിന് (Tyre) നേരെ വലിയ തോതിലുള്ള വ്യോമാക്രമണങ്ങൾക്ക് മുന്നോടിയായി അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്താൻ പോകുന്നതിനാലാണ് ഈ നിർദ്ദേശം. ജനങ്ങളോട് സഹ്രാനി (Zahrani) നദിക്ക് വടക്കോട്ട് മാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേതുടർന്ന് നഗരത്തിൽ വലിയ രീതിയിലുള്ള പലായനം നടക്കുന്നു.
ഇസ്രയേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള മിസൈൽ യുദ്ധത്തിൽ നിന്ന് ഇരുരാജ്യങ്ങളും താൽക്കാലികമായി പിന്മാറിയെങ്കിലും, ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നടപടികൾ നിർത്തിവെക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ലെബനനിലെ സൈനിക നടപടികൾ ഉൾപ്പെടുത്താതെ ഇറാനുമായി ഒരു തരത്തിലുള്ള വെടിനിർത്തൽ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഹിസ്ബുള്ളയെ പൂർണ്ണമായി ഒതുക്കുന്നത് വരെ ലെബനനിലെ ആക്രമണങ്ങൾ തുടരുമെന്നാണ് ഇസ്രയേൽ നിലപാട്. കഴിഞ്ഞ 26 വർഷത്തിനിടയിലെ ഏറ്റവും ആഴത്തിലുള്ള അധിനിവേശമാണ് ഇസ്രയേൽ ലെബനനിൽ നടത്തുന്നത്.
അതേസമയം ഇസ്രയേലിൻ്റെ സൈനിക താവളങ്ങൾക്കും ടാങ്കറുകൾക്കും നേരെ ഹിസ്ബുല്ല വൻതോതിൽ റോക്കറ്റാക്രമണം നടത്തി. വടക്കൻ ഇസ്രയേലിനു നേരെ ഹിസ്ബുള്ള നടത്തിയ ഡ്രോൺ-റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായി ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളായ ദാഹിയയിലെ (Dahiyeh) ഹിസ്ബുള്ള ഓഫീസുകൾക്ക് നേരെ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. വടക്കൻ ഇസ്രയേലിന് നേരെ ഉണ്ടാകുന്ന ഓരോ ആക്രമണത്തിനും ബെയ്റൂട്ടിൽ ശക്തമായ തിരിച്ചടി നൽകുമെന്നും ഹിസ്ബുള്ളയെ തകർക്കുകയാണ് ലക്ഷ്യമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ലബനനിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേലിന് നേരെ ഞായറാഴ്‌ച ഇറാൻ വൻതോതിൽ മിസൈലുകൾ വർഷിച്ചിരുന്നു. തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമാവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് തങ്ങൾ താൽക്കാലികമായി ആക്രമണം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയ ഇറാൻ, ലബനനെ വീണ്ടും ആക്രമിച്ചാൽ ഇസ്രയേലിന് കനത്ത തിരിച്ചടി നൽകുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇറാന്റെ ഭീഷണി തള്ളിയാണ് ഇസ്രയേൽ ലബനനിൽ വീണ്ടും ആക്രമണം നടത്തിയത്.
ഹോർമൂസിൽ അമേരിക്കൻ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു.
ഹോർമുസ് കടലിടുക്കിന് സമീപം യു.എസ്. ആർമിയുടെ അപ്പാച്ചെ (AH-64 Apache) ആക്രമണ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽപ്പെട്ട രണ്ട് പൈലറ്റുമാരും പരിക്കുകളില്ലാതെ സുരക്ഷിതരായി രക്ഷപ്പെട്ടതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഹെലികോപ്റ്റർ ഇറാൻ സൈന്യത്തിന്റെ വെടിയേറ്റ് തകർന്നതാണോ, സാങ്കേതിക തകരാർ മൂലമാണോ അതോ മറ്റെന്തെങ്കിലും പ്രശ്നം കൊണ്ടാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകടകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്ന് യു.എസ്. അധികൃതർ അറിയിച്ചിട്ടുണ്ട്.
ഒമാൻ തീരത്ത് ഇന്ത്യൻ നാവികരുൾപ്പെട്ട എം.ടി. മാരിവെക്സ് ഇന്ധന ടാങ്കർ ആക്രമിച്ചത് തങ്ങളാണെന്ന് അമേരിക്ക. ഇറാനിലേക്കുള്ള ഉപരോധം ലംഘിച്ച് യാത്ര ചെയ്ത കപ്പൽ മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് ആക്രമിച്ചതെന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് വിശദീകരണം. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. ഒമാൻ അധികാരികൾ ഇവരെ ഹെലികോപ്റ്റർ മാർഗ്ഗം സുരക്ഷിതമായി എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.

