ജെറുസലേം/ ടെഹ്റാൻ: ഇസ്രയേലും ഇറാനും തമ്മിലുളള നേർക്കുനേർ സംഘർഷത്തിന് താത്കാലിക വിരാമം. ഇസ്രയേലിനെതിരായ ആക്രമണം നിർത്തിയതായി ഇറാൻ അറിയിച്ചു. പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ ആക്രമണം നിർത്തിവെച്ചതായി ഇസ്രയേലും പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും ഈ തീരുമാനത്തിലെത്തിയത് എന്നാണ് റിപ്പോർട്ടുകൾ.
ഇരുരാജ്യങ്ങളും എത്രയും വേഗം വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന യു.എസ് മുന്നറിയിപ്പിന് പിന്നാലെയാണ് ഇരുപക്ഷവും പിൻവാങ്ങിയത്. ഇസ്രയേലിനെതിരെയുള്ള തങ്ങളുടെ ഇപ്പോഴത്തെ ആക്രമണങ്ങൾ നിർത്തിവെച്ചതായി ഇറാന്റെ സൈനിക നേതൃത്വം വ്യക്തമാക്കി. എന്നാൽ ഇസ്രയേൽ വീണ്ടും പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇറാനുമായുള്ള ആക്രമണം താൽക്കാലികമായി അവസാനിച്ചതായി സ്ഥിരീകരിച്ചു. എങ്കിലും ഭാവിയിൽ ഇറാന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ ശക്തമായ ഭാഷയിൽ മറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേലിന് നേരെയുള്ള മിസൈൽ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതിനുപിന്നാലെ സമാധാന ചർച്ചകളിൽനിന്ന് ഇറാൻ പിന്മാറിയിട്ടില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. രാജ്യത്തിൻ്റെ സുരക്ഷയ്ക്കും ജനങ്ങളുടെ സമാധാനത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. അതേസമയം, തങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ പ്രതികരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇറാനും ഇസ്രയേലും തമ്മിലുള്ള നേരിട്ടുള്ള ആക്രമണങ്ങൾക്ക് താൽക്കാലിക ശമനമുണ്ടായെങ്കിലും, ദക്ഷിണ ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ സൈനിക നടപടികൾ ഇപ്പോഴും തുടരുകയാണ്. വടക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ അതിശക്തമായ മറുപടിയാകും ഉണ്ടാകുകയെന്നാണ് ഇറാന്റെ ഉയര്‍ന്ന സൈനിക കമാന്‍ഡ് ആസ്ഥാനത്ത് നിന്നുള്ള പ്രതികരണം.
ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പ്രതികാരമായി ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ.

