വളരെ നാളത്തെ ആഗ്രഹമാണ് ഈസ്രയേലിലെ വിശുദ്ധസ്ഥലങ്ങളിൽ ഒരു സന്ദർശനം നടത്തണം എന്ന്.
ക്രിസ്ത്യാനി ആണെന്നും പറഞ്ഞു കൊന്തയും കഴുത്തിലിട്ടു ബൈബിളും വായിച്ച്, പള്ളീലെ വികാരി അച്ചൻ ചോദിക്കുന്നത്ര പള്ളിപ്പിരിവും കൊടുത്തു നടന്നാൽ മാത്രം മതിയോ പിതാവായ യഹോവ വാഴുന്ന സ്വർഗ്ഗത്തിൽ പോകാൻ ?
മനുഷ്യനെ രക്ഷിക്കാൻ, യഹോവതമ്പുരാൻ അയച്ച പുത്രനായ നമ്മുടെ യേശുകർത്താവ് വളർന്ന ഇസ്രായേൽ നാടും ആ വിശുദ്ധ പാദമുദ്ര പതിഞ്ഞ ഭൂപ്രദേശവും ഒന്ന് കാണണ്ടേ?
ആ അനുഗ്രഹ വഴികളിൽ നടന്ന് അവിടുത്തെ ധ്യാനിച്ചും സ്തുതിച്ചുംകൂടി വേണ്ടേ മോക്ഷ മാർഗ്ഗം തേടാൻ.
കാട്ടുമൃഗങ്ങളുടെ നോട്ടപ്പുള്ളിയായ ഒരു പാവം കർഷകനായ ഞാൻ, ഈ ചിന്തയുമായി അതിനുള്ള വഴികളും തേടി കുറെ നാൾ നടന്നു.
വിശുദ്ധനാട് യാത്രയ്ക്ക് വേണ്ട ചിലവുകൾക്കായി അരിച്ചു പിടിച്ച് കുറച്ച് പണം സ്വരുക്കൂട്ടി വയ്ക്കുമ്പോഴൊയിരിക്കും എലക്ട്രിസിറ്റി ബോർഡിന്റെ അടുത്ത അഡിഷണൽ ബില്ല്, കൂട്ടിയ വെള്ളക്കരം, കൂട്ടിയ വീട്ടുകരം അല്ലെങ്കിൽ സർക്കാരിന്റെ മറ്റെന്തെങ്കിലും സെസ്സ്, ഒക്കെ വരുന്നത്. ഞാൻ സ്വരുക്കൂട്ടിവച്ച പണം അങ്ങനെ ആ വഴിക്ക് പോകും.
ദൈവാനുഗ്രഹത്താൽ ഈ വർഷം കാട്ടുപന്നിയെയും കുരങ്ങിനെയും കളിപ്പിച്ച് കൃഷി ചെയ്ത കപ്പയും എത്തക്കുലകളും പടവലങ്ങയും ചേമ്പും ഒക്കെ വിറ്റ് കിട്ടിയ കാശ് കൊണ്ട് ഏപ്രിലിൽ പുതിയ നികുതി പ്രകാരമുള്ള അധിക ചിലവുകൾ വരുന്നതിനു മുൻപേ ഇസ്രായേൽ എംബസിയിൽ ഞാൻ വിസയ്ക്ക് അപേക്ഷിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച്ചയാണ് ഡൽഹിയിലെ ഇസ്രായേൽ എംബസി യിൽ നിന്നും വിസ യ്ക്കുള്ള ഇന്റർവ്യൂ ന് എന്നെ ക്ഷണിച്ചത്.
എനിക്കും ഭാര്യ ഏലമ്മയ്ക്കും കൂടി ഒരുമിച്ച് വിശുദ്ധനാട് സന്ദർശ്ശിക്കാൻ പോകാനുള്ള സാമ്പത്തിക സ്ഥിതിയില്ലല്ലോ. അതിനാൽ ഞങ്ങൾ രണ്ടുപേരിൽ ഒരാൾക്ക് അവിടെയ്ക്ക് തനിയെ പോകാനേ പറ്റൂ.
അപ്പോൾ പിന്നെ ഞങ്ങളിൽ ആര് പോകും?
എന്നേക്കാൾ മുന്നിൽ കാൽവരി കയറാൻ ആവേശം മൂത്തുനിൽക്കുന്നത് എന്റെ ഭാര്യക്കാണ്.
പക്ഷെ ഇത്രയും ദൂരെ ഒറ്റയ്ക്ക് പോകാൻ അവൾക്ക് പേടിയാണ്താനും. അങ്ങനെയാണ് ഉർവ്വശിയുടെ ശാപം പോലെയും എന്റെ ഉള്ളിലിരുപ്പ് പോലെയും ഈ ഭാഗ്യം എനിക്ക് കിട്ടിയത്.
പ്രതുപകാരമായി ഞാൻ വിശുദ്ധ നാട് കണ്ട് മടങ്ങി വരുമ്പോൾ ഭാര്യയ്ക്ക് ഇപ്പോളുള്ള കുഞ്ഞുതാലിമാല കൊണ്ടുപോയി മലബാർ ജ്വല്ലേഴ്‌സ്ൽ കൊടുത്തിട്ട് അവിടെ നിന്നും കുറേകൂടി മുഴുത്ത താലിമാല ഇൻസ്റ്റാൾമെന്റ് വഴി വാങ്ങി കൊടുക്കണം എന്ന വ്യവസ്ഥയിൽ ഞാൻ അവളുമായി കരാർ ഒപ്പ് വച്ചു.
സ്വർണ്ണമാലയുടെ തിളങ്ങുന്ന ഓഫർ ഒന്നുകൊണ്ട് മാത്രം അവൾ എളുപ്പത്തിൽ എനിക്ക് വഴിമാറിത്തന്നു. മർമ്മത്ത് പിടിച്ചാൽ ഏത് ആനയാ മുട്ടുമടക്കാത്തത് ?
അങ്ങനെയാണ് ഇസ്രായേലിനു ആളെ കയറ്റിവിടുന്ന സ്ഥലം ഏജന്റ് പാപ്പച്ചന് കമ്മീഷൻ കൊടുക്കുന്നത് ലാഭിക്കാൻവേണ്ടി ഗതിയില്ലാത്ത ഞാൻ തന്നെ ഇസ്രായേൽ എംബസിയിൽ നേരിട്ട് വിസയ്ക്ക് വേണ്ടി അപേക്ഷിച്ചത്.
അപേക്ഷ പൂരിപ്പിക്കാൻ നമ്മുടെ മുതുകുഴിയിലെ അവിരാസാർ ആണ് എന്നെ സഹായിച്ചത്.
കൃത്യം പതിനഞ്ചാം ദിവസം എന്റെ വിസ ഇന്റർവ്യൂ ന് വേണ്ടി ഇസ്രായേൽ എംബസിയിൽ ഹാജരാകാൻ എനിക്ക് അറിയിപ്പ് വരികയും ചെയ്തു. ഏജന്റ് പാപ്പച്ചൻ ഇല്ലാതെയും കാര്യം നടക്കും എന്ന് എനിക്ക് മനസ്സിലായി.
ഇന്റർവ്യൂ ന് വേണ്ടിഎംബസിയിൽ എയർ കണ്ടിഷനിറിന്റെ ശീതളിമയിൽ ഇരുന്നപ്പോൾ ഇംഗ്ലീഷ് നല്ല വശമില്ല എന്നുകണ്ട എന്നോട് എംബസി ഉദ്യോഗസ്ഥന്റെ ദ്വിഭാഷി മുഖവുരയായി പറഞ്ഞു, “ചോദിക്കുന്ന ചോദ്യങ്ങൾക്ക് കഴിവതും യെസ് അല്ലെങ്കിൽ നോ എന്ന് പറയുകയോ ചെയ്യാൻ ശ്രദ്ധിക്കണം”. എന്ന്.
എന്നിട്ട് അങ്ങേര് എന്നോട് മൂന്നേ മൂന്ന് ചോദ്യങ്ങളെ ചോദിച്ചുള്ളൂ. ഓരോ ആൾക്കാര് പറഞ്ഞു പേടിപ്പിച്ചപോലെ അതിൽ കുഴപ്പിക്കുന്ന ചോദ്യം ഒന്നുമില്ലായിരുന്നു. ദൈവംകർത്താവ് സഹായിച്ച് എല്ലാം എളുപ്പമുള്ള ചോദ്യങ്ങൾ.
നിങ്ങളുടെ പേരെന്താണ്?
ബിജു ജോസ്.
എന്താണ് ജോലി?
കൃഷി.
അവിടെ ചെന്നിട്ട് മുങ്ങാൻ പ്ലാൻ ഉണ്ടോ?
ഉണ്ട്.
ചോദിക്കുന്ന ചോദ്യങ്ങൾക്ക് സാധിക്കുമെങ്കിൽ യെസ് അല്ലെങ്കിൽ നോ എന്നേ പറയാവൂ എന്ന് അയാൾ നേരത്തെ പറഞ്ഞിരുന്നതുപോലെ തന്നെ കൂടുതൽ വിശദീകരിക്കാതെ ഞാൻ എല്ലാ ഉത്തരവും മണി മണിപോലെ പറഞ്ഞു.
ഒരാഴ്ച്ചയ്ക്ക് ശേഷം വിവരം അറിയിക്കും എന്ന് എംബസിക്കാരൻ ഒരു ചെറുപുഞ്ചിരിയുടെ അകമ്പടിയോടെ പറഞ്ഞതനുസരിച്ചു ഞാൻ കാത്തിരുന്നു.
പ്രാർത്ഥനയോടെ ഞാനിപ്പോൾ എന്റെ സ്വപ്ന ലക്ഷ്യത്തിലേയ്ക്ക് കൂടുതൽ അടുത്തു. ഇനി വിസ വരുന്ന താമസം, അത്രേയുള്ളൂ യേശുദേവൻ ജനിച്ചു വളർന്ന പുണ്ണ്യ നാട്ടിലെത്താൻ, ആ അനുഗ്രഹദേശം കാണാൻ. എത്ര ആഗ്രഹിച്ചാലും തന്നെപ്പോലെയുള്ള സാധാരണക്കാർക്ക് പറ്റാത്ത കാര്യമല്ലേ ഞാൻ എത്തിപ്പിടിച്ചിരിക്കുന്നത്?
ഉടനെ വിസകിട്ടാൻപോകുന്നതുകൊണ്ട് എന്റെ മനസ്സു എനിക്കു മുൻപേതന്നെ ഇസ്രായേലിൽ എത്തിക്കഴിഞ്ഞു. അത് ബൈബിളിൽ ഞാൻ വായിച്ചുപതിഞ്ഞ ദേശങ്ങളിലും കാഴ്ചകളിലും ഭാവന തീർത്ത് വിലസുകയാണ്. ഞാൻ സ്വപ്നത്തേരിൽ ബെത്‌ലഹേമും കാൽവരിയും ഓളംതല്ലുന്ന ഗലീലിയക്കടലും ജറീക്കോയും, ഈശോയെക്കാണാൻ കുള്ളൻ സക്കേവൂസ് കയറിയിരുന്ന മരവും ഒക്കെ എപ്പോഴേ കണ്ടുകഴിഞ്ഞു.
അങ്ങനെ യാത്രയക്കുള്ള കെട്ടുമുറുക്ക് ഒക്കെ തയാറാക്കി, ബന്ധുക്കളോട് യാത്ര പറഞ്ഞ് പ്രതീക്ഷയോടെ ഒരുങ്ങി ഇരുന്നപ്പോഴാണ് വേനൽ മഴയ്ക്ക് വന്ന വെള്ളിടി പോലെ, “വിസ നിരസിച്ചു” എന്ന അറിയിപ്പ് കിട്ടിയത്.
എന്റെ നീക്കങ്ങൾ സസൂഷ്മ്മം വീക്ഷിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ നാട്ടിലെ ഇസ്രായേൽ വിസ ഏജന്റ് പാപ്പച്ചന്റെ ചെവിയിലും എന്റെ വിസ പരാജയത്തിന്റെ നാണം കെടുത്തുന്ന കഥ എത്തി.
എന്നിൽക്കൂടി അല്ലാതെ ആർക്കും സ്വർഗരാജ്യത്തിൽ പ്രവേശനമില്ല എന്ന് കർത്താവ് പറഞ്ഞപോലെ പാപ്പച്ചനിൽ കൂടി അല്ലാതെ നാട്ടിൽ ആർക്കും ഇസ്രായേലിന് പോകാൻ പറ്റില്ല എന്നായിരുന്നല്ലോ അയാളുടെ പ്രചരണം. എന്റെ ബുദ്ധിമോശം കൊണ്ട് അതു ശരിയായി ഭവിച്ചു.
മോശം വാർത്തയും ചീഞ്ഞ മീനും ഒരുപോലെയാണല്ലോ. വേഗം നാറും.
എനിക്ക് പറ്റിയ നാണക്കേട് നാട് മുഴുവനും അറിഞ്ഞു. പാപ്പച്ചൻ നയത്തിൽ എന്റെ വിസ പരാജയ കാരണം അറിയാൻ കവലയിൽ വച്ച് എന്നെക്കണ്ടപ്പോൾ ഇന്റർവ്യു വിനു എന്തൊക്കെ ചോദിച്ചിരുന്നു എന്ന് തിരക്കി.
ഞാൻ പറഞ്ഞു.
ചേട്ടാ, എംബസി ഉദ്യോഗസ്ഥൻ മൂന്നേ മൂന്ന് ചോദ്യങ്ങളേ ചോദിച്ചുള്ളൂ.
പേരെന്താണ്,
തൊഴിൽ എന്താണ്,
അവിടെ എത്തിയാൽ മുങ്ങാൻ പ്ലാൻ ഉണ്ടോ?
ഞാൻ എന്റെ പേര് ബിജു ജോസ് എന്നും തൊഴിൽ കൃഷിയാണെന്നും മുങ്ങാൻ പ്ലാൻ ഉണ്ടെന്നും ഉള്ളത് ഉള്ളപോലെ പറഞ്ഞു.
ഇത് കേട്ട പാപ്പച്ചൻ ഉടൻ മൂക്കത്ത് വിരൽ വച്ചു തലയാട്ടിക്കൊണ്ട് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
എന്റെ ബിജു, നീയല്ലാതെ ആരെങ്കിലും മുങ്ങാൻ പ്ലാൻ ഉണ്ടെന്ന് മണ്ടത്തരം അവരോട് തുറന്നു പറയുമോ?
അതൊക്കെ അവിടെ എത്തിയിട്ട് മറ്റുപലരും ചെയ്യുന്നതുപോലെ രഹസ്യത്തിൽ അങ്ങ് ചെയ്താൽ പോരാരുന്നോ? വെറുതെയല്ല വിസ കിട്ടാഞ്ഞത്. ബുദ്ധിമോശം ആയിപ്പോയി.
എന്ത് മണ്ടത്തരം എന്നാണ് പപ്പച്ചൻ പറഞ്ഞുവരുന്നത്?
ഹോളിലാൻഡ് സന്ദർശനത്തിന് പോകുന്ന ഞാൻ ഒരു നുണകൂടി പറഞ്ഞ് ഒരു പാപം കൂടി തലയിലേറ്റുന്നത് ശരിയല്ലല്ലോ. ഞാൻ അവരോട് സത്യം മാത്രമാണ് പറഞ്ഞത്.
എന്റെ മുങ്ങൽ പ്ലാൻ ഒന്ന്. യേശുക്രിസ്തു സ്നാനം മുങ്ങിയ യോർദാൻ നദിയിൽ.
മുങ്ങൽ പ്ലാൻ രണ്ട്. ചെങ്കടൽ എന്നറിയപ്പെടുന്ന ചാവുകടലിൽ.
ചോദിക്കുന്നചോദ്യങ്ങൾക്ക് സാധിക്കുമെങ്കിൽ യെസ് അല്ലെങ്കിൽ നോ എന്നേ പറയാവൂ എന്ന് അയാൾ നേരത്തെ പറഞ്ഞിരുന്നതുകൊണ്ടാണ് ഞാൻ ഇത് വിശദീകരിച്ചു പറയാതെ മുങ്ങാൻ പ്ലാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ, “യെസ് ഉണ്ട് “എന്ന മറുപടിയിൽ ഒതുക്കിയത്.
അവിടെ ചെല്ലുമ്പോൾ കർത്താവ് സ്നാനപ്പെട്ട ജോർദാൻ നദിയിലും, ഔഷധഗുണമുള്ള ചാവ് കടലിലും മുങ്ങാൻ എനിക്ക് നേരത്തെ പ്ലാൻ ഉണ്ടായിരുന്നു എന്നത് സത്യമാണല്ലോ.
എന്നാൽ ഞാൻ ഉദേശിച്ച മുങ്ങലും അവര് ഉദേശിച്ച “മുങ്ങലും” രണ്ടായിപ്പോയി എന്ന് ഇപ്പോൾ മനസ്സിലായി.
പിന്നെ ചാവ് കടലിൽ മുങ്ങണം എന്നുള്ള എന്റെ ആഗ്രഹം വെറും വ്യാമോഹം ആണെന്നും ചാവ് കടലിൽ മുങ്ങാൻ വിജയ് മല്ല്യയ്ക്ക് പോലും പറ്റാത്ത അത്ര സാന്ദ്രത ഉണ്ടെന്നും ഇന്നലെ ഒരാൾ എനിക്ക് പറഞ്ഞു തന്നു.
അല്ലെങ്കിലും പാപ്പച്ചാ, ഞങ്ങൾ കൃഷിക്കാർക്ക് സർക്കാർ ഉദ്യോഗസ്ഥരെപ്പോലെയോ സംഘടിത തൊഴിലാളി വർഗത്തെപ്പോലെയോ ബുദ്ധിയും കഴിവും ഇല്ലാത്തതുകൊണ്ടാണല്ലോ എല്ലാ സർക്കാരുകൾക്കും കാട്ടിലെ മൃഗങ്ങൾക്ക് പോലും ഞങ്ങളെ എളുപ്പത്തിൽ തോൽപ്പിക്കാനാകുന്നത്.
എന്തായാലും എനിക്ക് പറ്റിയ മണ്ടത്തരംകൊണ്ട് എന്റെ ഭാര്യ നാണക്കേട് കാരണം കിറിയും കോട്ടി അയൽക്കാരി പെണ്ണുങ്ങളുടെ കണ്ണുവെട്ടത്തു പെടാതെ, കഴുത്തിൽ കിടക്കുന്ന ചെറിയ താലിമാലയും തിരുമ്മിക്കൊണ്ട് മുങ്ങി നടക്കുകയാണ്.
MD കുതിരപ്പുറം.
(M.Dominic.UK)

