“വിശക്കുന്ന മനുഷ്യനോട് ആത്മീയതയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് അവന്റെ വിശപ്പ് മാറ്റുക.”.. ഓഷോ.
ഓഷോയുടെ ഈ വാക്കുകൾ ഓരോ തവണ വായിക്കുമ്പോഴും എന്റെ മനസ്സ് തിരികെ പോകുന്നത് ആഫ്രിക്കയിലെ ജീവിതത്തിലേക്കാണ്. വിശപ്പിന്റെ അർത്ഥം ഞാൻ പുസ്തകങ്ങളിൽ നിന്ന് പഠിച്ചതല്ല; ആഫ്രിക്കയുടെ മണ്ണിൽ നിന്നാണ്.
ആഫ്രിക്കയിൽ കഴിഞ്ഞ വർഷങ്ങളിൽ ജീവിതത്തിനും മരണത്തിനുമിടയിലെ നേർത്ത അതിർത്തിയിലൂടെ നടന്ന ദിവസങ്ങളുണ്ടായിരുന്നു. ദിവസങ്ങളോളം പട്ടിണി സഹിച്ച നിമിഷങ്ങൾ. ഉൾക്കാട്ടിൽ വഴിതെറ്റി, ഭയത്തെയും പ്രതീക്ഷയെയും ഒരുപോലെ കൂട്ടുപിടിച്ച് ഓരോ നിമിഷവും തള്ളിനീക്കിയ അനുഭവങ്ങൾ.
അത്തരം ഒരു സമയത്ത് ഒരാൾ എന്നോട് ബൈബിളിലെ ഒരു വചനം ഉദ്ധരിക്കുകയായിരുന്നു: “സർപ്പസന്തതികളേ, വരുവാനുള്ള കോപത്തിൽ നിന്ന് ഓടി രക്ഷപ്പെടുവാൻ എന്നേ ഉപദേശിച്ചത് ആര്?” ആ വാക്കുകൾ ചെവിയിൽ പതിഞ്ഞെങ്കിലും, അന്നേരം എന്റെ ഉള്ളിൽ മുഴങ്ങിയത് വിശപ്പിന്റെ നിലവിളിയായിരുന്നു.
അപ്പോൾ ഞാൻ തിരിച്ചറിഞ്ഞ ഒരു വലിയ സത്യമുണ്ട്. വിശക്കുന്ന വയറിന് ആദ്യം വേണ്ടത് ഭക്ഷണമാണ്. ദാഹിക്കുന്ന ശരീരത്തിന് ആദ്യം വേണ്ടത് വെള്ളമാണ്. അതിനുശേഷം മാത്രമേ ആത്മാവിന് സമാധാനത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ധ്യാനത്തെക്കുറിച്ചും ചിന്തിക്കാൻ കഴിയൂ.
ബോട്സ്വാനയിലെ ഗ്രാമങ്ങളിൽ ഞാൻ കണ്ട മനുഷ്യർക്ക് വലിയ സമ്പത്തൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും, അവരുടെ കൈവശമുണ്ടായിരുന്ന ഒരു കഷണം അപ്പവും ഒരു കപ്പ് വെള്ളവും അവർ സ്നേഹത്തോടെ പങ്കുവെച്ചു. അവരുടെ ദാരിദ്ര്യത്തേക്കാൾ വലുതായിരുന്നു അവരുടെ മനസ്സ്. ആ സമൃദ്ധി പല സമ്പന്നരുടെയും ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.
ബാവോബാബ് മരത്തിന്റെ തണലിൽ ചെലവഴിച്ച ഉച്ചകൾ, കലഹാരിയുടെ നിശ്ശബ്ദത കേട്ട സായാഹ്നങ്ങൾ, ഒകാവാംഗോയുടെ ജലധാരകളെ നോക്കി നിന്ന പ്രഭാതങ്ങൾ, അവയെല്ലാം എന്നെ മറ്റൊരു സത്യം പഠിപ്പിച്ചു. യഥാർത്ഥ സംഗീതം പുറംലോകത്തല്ല; അത് മനുഷ്യന്റെ ഉള്ളിലാണ്.
സൗകര്യങ്ങൾ ജീവിതത്തെ എളുപ്പമാക്കും. എന്നാൽ സ്നേഹവും പ്രകൃതിയും മനുഷ്യബന്ധങ്ങളുമാണ് ജീവിതത്തെ അർത്ഥവത്താക്കുന്നത്.
ആഫ്രിക്ക എന്നെ പണംകൊണ്ട് സമ്പന്നയാക്കിയില്ല. അനുഭവങ്ങൾകൊണ്ടും മനുഷ്യരെ മനസ്സിലാക്കാൻ പഠിപ്പിച്ച നിമിഷങ്ങൾകൊണ്ടും, സ്വന്തം ഉള്ളിലേക്ക് യാത്ര ചെയ്യാൻ പഠിപ്പിച്ച ജീവിതപാഠങ്ങൾകൊണ്ടുമാണ് അത് എന്നെ സമ്പന്നയാക്കിയത്.
വയർ നിറയണം. അതുപോലെ ആത്മാവും നിറയണം. ജീവിതം മുഴുവൻ സമ്പാദ്യത്തിനായി മാത്രം ഓടിയാൽ, ഒടുവിൽ ജീവിക്കാൻ നമ്മൾ മറന്നുപോകും. ഇന്നും ഓഷോയുടെ ആ വാക്കുകൾ ഓർക്കുമ്പോൾ, ആഫ്രിക്ക എന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം മനസ്സിൽ വീണ്ടും മുഴങ്ങുന്നു, വിശപ്പിനെ മനസ്സിലാക്കിയവനേ മനുഷ്യനെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയൂ.
പുറംലോകത്ത് എത്ര ദൂരം സഞ്ചരിച്ചാലും, ഉള്ളിലേക്കുള്ള യാത്ര ആരംഭിക്കുന്ന നിമിഷമാണ് മനുഷ്യൻ തന്റെ യഥാർത്ഥ സമ്പത്ത് കണ്ടെത്തുന്നത്.
ലീലാമ്മ തോമസ്, ബോട്സ്വാന.

