ന്യൂയോർക്: രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ. അനിൽ മേനോൻ ഉൾപ്പെടെയുള്ള മൂന്നംഗ ഗവേഷക സംഘത്തെയും വഹിച്ചുകൊണ്ടുള്ള റഷ്യൻ ബഹിരാകാശ പേടകം സോയൂസ് എംഎസ് 29 രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ഇന്ത്യൻ സമയം രാത്രി 11.30-ന് ബഹിരാകാശ നിലയവുമായി പേടകം ബന്ധിപ്പിച്ചു. പുലർച്ചെ 1.25ന് അനിലും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി.
ഖസാക്കിസ്ഥാനിലെ ചരിത്ര പ്രസിദ്ധമായ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് പേടകം കുതിച്ചുയർന്നത്. റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവും അന്ന കിക്കിനയുമാണ് അനിലിന്റെ സഹയാത്രികർ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും സംഘത്തിന്‍റെ മടക്കം. ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 74ന്‍റെ ഭാഗമാകാനാണ് യാത്ര.
വൈദ്യശാസ്ത്ര മേഖലയിലും ബഹിരാകാശ ഗവേഷണത്തിലും വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന നിരവധി പഠനങ്ങളാണ് ഈ ദൗത്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സീറോ ഗ്രാവിറ്റി അഥവാ മൈക്രോ ഗ്രാവിറ്റി അന്തരീക്ഷത്തിൽ മനുഷ്യ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, രക്തയോട്ടത്തിലെ വ്യതിയാനങ്ങൾ, നാഡീ വ്യൂഹങ്ങളുടെ ഘടന, രക്ത ഘടകങ്ങളിലെ മാറ്റങ്ങൾ എന്നിവ ഇതിൽ പ്രധാനമാണ്. കൂടാതെ ബഹിരാകാശ നിലയത്തിൽ ലഭ്യമായ കുടിവെള്ളം ഉപയോഗിച്ച് ഐവി ഫ്ളൂയിഡുകൾ നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള നിർണായക പരീക്ഷണങ്ങൾക്കും അനിൽ മേനോൻ്റെ നേതൃത്വത്തിലുള്ള സംഘം തുടക്കമിടും.
അടിയന്തര ഘട്ട വൈദ്യ ശാസ്ത്രത്തിലും എഞ്ചിനീയറിങിലും വിദഗ്‌ധനായ അനിൽ മേനോൻ്റെ ഈ യാത്ര മലയാളി സമൂഹത്തിന് ഒന്നാകെ വലിയ അഭിമാന നിമിഷമാണ് സമ്മാനിച്ചിരിക്കുന്നത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോൻ്റെയും യുക്രെയ്ൻ സ്വദേശിനിയായ എലിസബത്തിന്റെയും മകനായി അമേരിക്കയിലാണ് അനിൽ മേനോൻ ജനിച്ചത്. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോ ബയോളജിയിൽ ബിരുദം നേടിയ അദ്ദേഹം, സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
അമേരിക്കൻ വ്യോമസേനയിൽ കേണലായി സേവനമനുഷ്ഠിച്ചു. സ്റ്റാൻഫോർഡിൽ നിന്ന് വൈദ്യശാസ്ത്ര പഠനവും ഒപ്പം നാസയിൽ സോഫ്റ്റ് ടിഷ്യു മൊഡലുകളെ പറ്റി ഗവേഷണവും നടത്തി. ആയിരത്തിലേറെ മണിക്കൂർ പറന്ന സെർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ കൂടിയായ അനിൽ മേനോൻ നാസയിൽ ഫ്ലൈറ്റ് സർജനായി. പിന്നെ സ്പേസ് എക്സിൻ്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിലും ഫ്ലൈറ്റ് സർജനായി. ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ ഇരുപതിലേറെ പ്രബന്ധങ്ങൾ രചിച്ച പ്രതിഭാശാലി കൂടിയാണ് അനിൽ.
2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ പരിശീലന സംഘത്തിലേക്ക് അനിൽ മേനോൻ തിരഞ്ഞെടുക്കപ്പെടുന്നത്. സ്പേസ് എക്സ് ജീവനക്കാരിയായ അന്ന മേനോനാണ് ഭാര്യ. സ്പേസ് എക്സുമായി ചേർന്ന് ഇപ്പോഴത്തെ നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ നടത്തിയ ഇൻസ്പിരേഷൻ ഫോർ ദൗത്യത്തിന്റെ ഭാഗമായിരുന്നു അവർ. പിന്നീട് നാസയുടെ ഇരുപത്തിനാലാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് മക്കളുണ്ട്.

