ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ റഷ്യ തങ്ങളുടെ അതിവേഗ കമാൻഡ് വിമാനമായ ടുപോളേവ് ടിയു-214പിയു (Tupolev Tu-214PU) ടെഹ്‌റാനിൽ എത്തിച്ചു. ആണവ യുദ്ധമുണ്ടായാൽ പോലും തന്ത്രപ്രധാനമായ സൈനിക നീക്കങ്ങൾ നിയന്ത്രിക്കാൻ ശേഷിയുള്ളതിനാലാണ് പ്രതിരോധ മാധ്യമങ്ങൾ ഇതിനെ ‘ഡൂംസ്‌ഡേ’ (Doomsday) വിമാനം അഥവാ ‘പറക്കും കമാൻഡ് പോസ്റ്റ്‘ എന്ന് വിശേഷിപ്പിക്കുന്നത്. ഇതോടെ ഈ സംഘർഷത്തിൽ റഷ്യ ഇറാനൊപ്പമുണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. ഇതുവരെ പരോക്ഷമായ സഹായങ്ങൾ നൽകുന്നുവെന്ന ആരോപണങ്ങൾ റഷ്യയ്ക്കെതിരെ അമേരിക്ക ഉന്നയിച്ചിരുന്നു.
സാധാരണ യാത്രാ വിമാനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി യുദ്ധം പോലുള്ള അതീവ ഗുരുതരമായ സാഹചര്യങ്ങളിൽ തടസമില്ലാത്ത രീതിയിൽ സൈനിക സംവിധാനങ്ങളുമായുള്ള കമാൻഡ് ഉറപ്പാക്കാൻ ഇതിന് സാധിക്കും. ഒരു സാധാരണ യാത്രാവിമാനമായ Tu-214 നെ അടിമുടി പരിഷ്‌കരിച്ച് ഒരു ‘പറക്കുന്ന കമാൻഡ് സെന്റർ’ ആക്കി മാറ്റിയിരിക്കുകയാണ് റഷ്യ ചെയ്തിരിക്കുന്നത്. എൻക്രിപ്റ്റ് ചെയ്ത് ആശയവിനിമയ സംവിധാനങ്ങളും സുരക്ഷിത ഡാറ്റാ ലിങ്കുകളുമാണ് ടു പോളേവിന്റെ പ്രത്യേകത. ശത്രുക്കളുടെ ഭീഷണികൾക്കിടയിലും ഭരണാധികാരികൾക്കും സൈനിക മേധാവികൾക്കും യുദ്ധതന്ത്രങ്ങൾ ഏകോപിപ്പിക്കാൻ ഈ വിമാനം സഹായിക്കും.
ഒരു അടിയന്തിര സാഹചര്യമോ യുദ്ധമോ ഉണ്ടായാൽ റഷ്യൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾക്ക് ആകാശത്തിരുന്നുകൊണ്ടു തന്നെ രാജ്യത്തെയും സൈന്യത്തെയും നിയന്ത്രിക്കാൻ ഈ വിമാനം സഹായിക്കും. ആണവാക്രമണം പോലുള്ള അതീവ ഗുരുതരമായ പ്രതിസന്ധി ഘട്ടങ്ങളിൽപോലും ആകാശത്തു നിന്ന് സൈന്യത്തിന് നേരിട്ട് നിർദേശങ്ങൾ നൽകാൻ ഈ വിമാനത്തിലെ സംവിധാനങ്ങൾ ഉപയോഗിച്ച് സാധിക്കും. റഷ്യൻ പ്രസിഡൻ്റിൻ്റെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും യാത്രകൾ നിയന്ത്രിക്കുന്ന ‘റോസിയ സ്പെഷ്യൽ ഫ്ളൈറ്റ് സ്ക്വാഡ്രൺ‘ ആണ് ഈ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നത്. രണ്ട് പി.എസ് 90 എ ടർബോഫാൻ എൻജിനുകളുള്ള ഈ വിമാനത്തിന് ഏകദേശം 6,500 കിലോ മീറ്റർ വരെ ദൂരം ഒറ്റയടിക്ക് പറക്കാൻ സാധിക്കും. മണിക്കൂറിൽ 850 കിലോ മീറ്ററാണ് ഇതിൻ്റെ ശരാശരി വേഗത. തുടർച്ചയായ സുരക്ഷാ നിരീക്ഷണങ്ങൾക്കും സൈനിക മേധാവികളുടെ സുരക്ഷിത യാത്രകൾക്കും തന്ത്രപ്രധാനമായ നയതന്ത്ര ദൗത്യങ്ങൾക്കുമായി വിരലിലെണ്ണക്കാവുന്ന Tu-214PU വിമാനങ്ങൾ മാത്രമാണ് റഷ്യ നിർമ്മിച്ചിട്ടുള്ളത്. അത്രയും നിർണായകമായ വിമാനമാണ് ഇപ്പോൾ റഷ്യ ഇറാനിലേക്ക് അയച്ചിരിക്കുന്നത്.
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്കെതിരെയുള്ള ആക്രമണങ്ങൾക്ക് അമേരിക്ക യുക്രെയ്നെ സഹായിക്കുന്നതിനുള്ള തിരിച്ചടിയായാണ് റഷ്യയുടെ ഈ നീക്കം വിലയിരുത്തുന്നത്. റഷ്യയും ഇറാനും തമ്മിൽ ഉയർന്ന തലത്തിലുള്ള ഇടപെടലിൻ്റെ ഭാഗമാണിതെന്നും സൈനിക-സാങ്കേതിക സഹകരണം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
അതിനിടെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. ബുഷഹർ ഉൾപ്പടെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമാകുമെന്നും ഉടനടി യുദ്ധം നിർത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഹോർമുസ് തുറക്കാൻ നിശ്ചയിച്ച ഒരു മാസം എന്ന സമയത്തേക്ക് പോലും അമേരിക്ക ക്ഷമ കാണിച്ചില്ലെന്നും റഷ്യ കുറ്റപ്പെടുത്തി.
കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൾ ഇന്നും ഇറാൻ ആക്രമണം.

