Wednesday, October 14, 2026
Home » ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലിയും അഞ്ജും ചോപ്രയും.
ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലിയും അഞ്ജും ചോപ്രയും.

ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലിയും അഞ്ജും ചോപ്രയും.

by Editor

എഡിൻബറോ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലിയെയും, ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയ്‌ക്ക് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ നായിക അഞ്ജും ചോപ്രയെയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. സ്കോട്ട്‌ലൻഡിലെ എഡിൻബറോയിൽ നടന്ന ചടങ്ങിലാണ് ഗാംഗുലിക്ക് ഈ അഭിമാനനേട്ടം സമ്മാനിച്ചത്. ഈ നേട്ടം കൈവരിക്കുന്ന 12-ാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഗാംഗുലി. ഇതോടെ ഐസിസി ഹാള്‍ ഓഫ് ഫെയിമിലെ അംഗങ്ങളുടെ എണ്ണം 125 ആയി.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ അടിത്തറ പാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അഞ്ജും ചോപ്രയ്ക്ക് ലഭിച്ച ഈ അംഗീകാരം രാജ്യത്തെ വനിതാ ക്രിക്കറ്റിനുള്ള വലിയ ബഹുമതിയായാണ് വിലയിരുത്തപ്പെടുന്നത്. 1995-ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച അഞ്ജും ചോപ്ര, 17 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി 3,500-ലധികം റണ്‍സ് നേടി. 2002-ല്‍ ഇന്ത്യന്‍ ടീമിന്റെ നായികയായ അവര്‍, ഇന്ത്യയെ വനിതാ ക്രിക്കറ്റിലെ ശക്തമായ ടീമാക്കി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പര തൂത്തുവാരിയതും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ വിദേശ ടെസ്റ്റ് വിജയവും അവരുടെ നേതൃത്വത്തിലായിരുന്നു.

2005 വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിക്കുന്നതിലും അഞ്ജും നിര്‍ണായക പങ്കുവഹിച്ചു. ആ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ടോപ് സ്‌കോററുമായിരുന്നു അവര്‍. ഇന്ത്യയ്‌ക്കായി 100 ഏകദിനങ്ങള്‍ കളിച്ച ആദ്യ വനിതാ താരമെന്ന നേട്ടവും അഞ്ജും ചോപ്രയുടെ പേരിലാണ്. ആറ് ലോകകപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അവര്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖമായി വര്‍ഷങ്ങളോളം തിളങ്ങി.

ഇവർക്കൊപ്പം മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണും ഇത്തവണ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാംഗുലിയുടെ 54-ാം ജന്മദിനമായ ജൂലൈ 8-നാണ് ഈ സുവർണ്ണ നേട്ടത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ പുറത്തുവന്നത്. സുനിൽ ഗാവസ്കർ, കപിൽ ദേവ്, ബിഷൻ സിംഗ് ബേദി, സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, വിനൂ മങ്കാദ്, എം.എസ്. ധോണി, വീരേന്ദർ സെവാഗ്, ഡയാന എഡുൽജി, നീതു ഡേവിഡ് എന്നിവരാണ് നേരത്തെ ഈ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ താരങ്ങൾ.

1996-ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഗാംഗുലി, ആദ്യ രണ്ട് ടെസ്റ്റുകളിലും സെഞ്ചുറി നേടി ശ്രദ്ധേയ തുടക്കമാണ് കുറിച്ചത്. 113 ടെസ്റ്റുകളില്‍ നിന്ന് 42.17 ശരാശരിയില്‍ 7,212 റണ്‍സും, 311 ഏകദിനങ്ങളില്‍ നിന്ന് 41.02 ശരാശരിയില്‍ 11,363 റണ്‍സും അദ്ദേഹം സ്വന്തമാക്കി. ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി ചേര്‍ന്നാണ് ഗാംഗുലി ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്ന് സൃഷ്ടിച്ചത്. ഇരുവരും 136 ഇന്നിങ്സുകളില്‍ ഒന്നിച്ച് ഓപ്പണ്‍ ചെയ്ത് റെക്കോര്‍ഡ് 6,609 റണ്‍സും 21 സെഞ്ചുറി കൂട്ടുകെട്ടുകളും നേടി. 2000-ലെ മാച്ച് ഫിക്സിങ് വിവാദത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ഗാംഗുലി, ടീമിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു.

ക്രിക്കറ്റ് ഭരണരംഗത്തും സജീവമായിരുന്ന അദ്ദേഹം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (CAB) പ്രസിഡന്റായും, പിന്നീട് ബിസിസിഐ (BCCI) പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കളിക്കാരനായും നായകനായും പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ഭരണരംഗത്തും നല്‍കിയ സംഭാവനകള്‍ക്ക് ലഭിച്ച അംഗീകാരമായാണ് സൗരവ് ഗാംഗുലിയുടെ ഐസിസി ഹാള്‍ ഓഫ് ഫെയിം പ്രവേശനം വിലയിരുത്തപ്പെടുന്നത്.

കളിക്കളത്തിന് പുറത്തും വനിതാ ക്രിക്കറ്റിൻ്റെ വളർച്ചയ്ക്കായി പ്രവർത്തിച്ച അഞ്ജും ചോപ്ര, കമന്റേറ്റർ, എഴുത്തുകാരി, വനിതാ ക്രിക്കറ്റിൻ്റെ അംബാസഡർ എന്നീ നിലകളിലും ശ്രദ്ധേയ സാന്നിധ്യമാണ്. അർജുന അവാർഡും, മേരിലിബോൻ ക്രിക്കറ്റിൻ്റെ ഓണററി ലൈഫ് മെമ്പർഷിപ്പും ഉൾപ്പെടെ നിരവധി ബഹുമതികൾ അവർ നേടിയിട്ടുണ്ട്. ഐസിസി ഹാൾ ഓഫ് ഫെയിമിലേക്കുള്ള ഈ തിരഞ്ഞെടുപ്പ് ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ അഞ്ജും ചോപ്രയുടെ സംഭാവനകൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

Send your news and Advertisements

You may also like

error: Content is protected !!