Monday, July 13, 2026
Home » സിഡ്‌നിയിലെ ലൈബ്രറിയിൽ ഇനി മലയാളം പുസ്‌തകങ്ങളും
സിഡ്‌നിയിലെ ലൈബ്രറിയിൽ ഇനി മലയാളം പുസ്‌തകങ്ങളും

സിഡ്‌നിയിലെ ലൈബ്രറിയിൽ ഇനി മലയാളം പുസ്‌തകങ്ങളും

by Editor

സിഡ്നി: സിഡ്‌നിയിലെ ലൈബ്രറിയിൽ ഇനി മലയാളം പുസ്‌തകങ്ങളും. ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത്‌തമായ മാക്‌സ് വെബ്ബർ പബ്ലിക് ലൈബ്രറിയിൽ മലയാളം പുസ്‌തകങ്ങൾക്കായി പ്രത്യേക വിഭാഗം പ്രവർത്തനം തുടങ്ങി. സിഡ്‌നിയിലെ ബ്ലാക്ക്‌ടൗൺ നഗരസഭയുടെ കീഴിലുള്ള ലൈബ്രറിയിൽ പ്രവാസി മലയാളികളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് നടപടി. ഇതോടെ ഈ ലൈബ്രറിയിൽ ഇടംപിടിക്കുന്ന ഏഴാമത്തെ ഇന്ത്യൻ ഭാഷയായി മലയാളം മാറി.

ബ്ലാക്ക്‌ടൗൺ ലൈബ്രറിയിൽ ഇംഗ്ലീഷ് കൂടാതെ മറ്റ് 29 വിദേശ ഭാഷകളിലെ പുസ്തകങ്ങൾ നിലവിലുണ്ടായിരുന്നു. ഇപ്പോൾ 30-ാമത്തെ ഭാഷയായാണ് മലയാളം ഇതിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 450-ലധികം മലയാളം പുസ്‌തകങ്ങളാണ് വായനക്കാർക്കായി ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. കുട്ടികൾക്കുള്ള പുസ്തകങ്ങൾ, കഥകൾ, കവിതകൾ, നോവലുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ ഈ ശേഖരത്തിലുണ്ട്.

മാക്‌സ് വെബ്ബർ ലൈബ്രറിക്ക് പുറമെ ഇതേ നഗരസഭയുടെ കീഴിലുള്ള ഡെന്നിസ് ജോൺസൺ ലൈബ്രറിയിലും പരിമിതമായ തോതിൽ മലയാളം പുസ്‌തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. അന്യനാട്ടിൽ ജോലി തേടിയെത്തുമ്പോഴും മാതൃഭാഷയുമായും സ്വന്തം സംസ്‌കാരവുമായും ഉള്ള കണ്ണികൾ മുറിയാതെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് ഈ തീരുമാനം വലിയൊരാശ്വാസമാണ്. പ്രിയപ്പെട്ട സാഹിത്യകൃതികൾ ഇനി ഓസ്ട്രേലിയൻ മണ്ണിലിരുന്ന് വായിക്കാൻ കഴിയുമെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. ഭാഷാപരമായും സാംസ്‌കാരികമായും ഓസ്ട്രേലിയയിലെ മലയാളി സമൂഹം കൈവരിച്ച ഈ അംഗീകാരം വരുംതലമുറകൾക്കും മാതൃഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കാൻ വഴിയൊരുക്കും.

Send your news and Advertisements

You may also like

error: Content is protected !!