കാൻബറ: റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ (RBA) വീണ്ടും പലിശനിരക്ക് വർദ്ധിപ്പിച്ചു. 2026 സെപ്റ്റംബർ 29-ന് നടന്ന മോണിറ്ററി പോളിസി ബോർഡ് മീറ്റിംഗിൽ ഒഫീഷ്യൽ ക്യാഷ് റേറ്റ് 25 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് 4.60 ശതമാനമായി ഉയർത്തി. ഇത് 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. 2026-ൽ റിസർവ് ബാങ്ക് വരുത്തുന്ന നാലാമത്തെ പലിശ വർദ്ധനവാണിത്.
പണപ്പെരുപ്പം (Inflation) ഉയർന്ന തോതിൽ തുടരുന്നതും, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കാരണം ആഗോളതലത്തിൽ ഇന്ധനവില വർദ്ധിച്ചതുമാണ് പ്രധാന കാരണങ്ങളായി ആർ.ബി.എ ചൂണ്ടിക്കാണിക്കുന്നത്. ഈ തീരുമാനം ഓസ്‌ട്രേലിയയിലെ ദശലക്ഷക്കണക്കിന് ഭവന വായ്പക്കാരുടെ (Mortgage Holders) പ്രതിമാസ തിരിച്ചടവ് തുക വീണ്ടും വർദ്ധിപ്പിക്കും. ഉദാഹരണത്തിന്, $600,000 ഭവന വായ്പയുള്ള ഒരു വ്യക്തിക്ക് പ്രതിമാസം ഏകദേശം $91 മുതൽ $100 വരെ രൂപയുടെ അധിക ബാധ്യതയുണ്ടാകും. പലിശനിരക്ക് ഉയർന്നതോടെ ബാങ്കുകളിൽ നിക്ഷേപമുള്ളവർക്ക് തങ്ങളുടെ സേവിങ്സ് അക്കൗണ്ടുകളിൽ നിന്നും കൂടുതൽ പലിശ ലഭിക്കും.
ഓസ്‌ട്രേലിയൻ സമ്പത്തിക വ്യവസ്ഥ നിലവിൽ ഉയർന്ന വിലക്കയറ്റവും (Inflation) പതുക്കെയുള്ള സാമ്പത്തിക വളർച്ചയും (Slow GDP Growth) ചേർന്ന കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. 2026 ആഗസ്റ്റിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ വാർഷിക വിലക്കയറ്റ നിരക്ക് 4.0 ശതമാനമായി ഉയർന്നു. ഇത് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ (RBA) ലക്ഷ്യമായ 2–3 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കാരണം ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിച്ചതും, സർക്കാർ നൽകിയിരുന്ന നികുതി ഇളവുകൾ (Tax Relief) അവസാനിച്ചതും മൂലം ട്രാൻസ്‌പോർട്ട് ചെലവുകൾ 5.6% വർദ്ധിച്ചതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. രാജ്യം നേരിടുന്ന ഭവന പ്രതിസന്ധി കാരണം വീട്ടുവാടകയും പുതിയ വീടുകൾ നിർമ്മിക്കുന്നതിനുള്ള ചെലവും 5.7% വരെ ഉയർന്നു. നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും വിലയിൽ 3.2% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിലക്കയറ്റം രൂക്ഷമാണെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വളരെ മന്ദഗതിയിലാണ്. 2026 ജൂൺ പാദത്തിലെ (June Quarter) കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയയുടെ ജി.ഡി.പി (GDP) വളർച്ച വെറും 0.4 ശതമാനം മാത്രമാണ്. കടുത്ത ജീവിതച്ചെലവ് (Cost of Living) കാരണം ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി പണം ചിലവഴിക്കുന്നതാണ് ഇതിന് കാരണം. എങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ വാങ്ങലിലും ഖനന മേഖലയിലെ കയറ്റുമതിയിലുമുണ്ടായ മുന്നേറ്റം സമ്പദ്‌വ്യവസ്ഥയെ വലിയ തകർച്ചയിൽ നിന്ന് താങ്ങിനിർത്തുന്നു.

