Thursday, October 1, 2026
Home » രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് മുൻ ഐഎഎസ് ഓഫിസർ ദിവ്യാ മിത്തൽ; ഉത്തർപ്രദേശിൽ മത്സരിക്കും.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് മുൻ ഐഎഎസ് ഓഫിസർ ദിവ്യാ മിത്തൽ; ഉത്തർപ്രദേശിൽ മത്സരിക്കും.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് മുൻ ഐഎഎസ് ഓഫിസർ ദിവ്യാ മിത്തൽ; ഉത്തർപ്രദേശിൽ മത്സരിക്കും.

by Editor

മിർസാപൂർ: ഉത്തർപ്രദേശ് കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യാ മിത്തൽ തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. 13 വർഷത്തെ സിവിൽ സർവീസ് സേവനത്തിന് ശേഷം ഓഗസ്റ്റ് 30-നാണ് അവർ രാജി സമർപ്പിച്ചത്. എക്സിലൂടെ (X) പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അവർ തന്റെ പുതിയ രാഷ്ട്രീയ തീരുമാനം വെളിപ്പെടുത്തിയത്.

ഉത്തർപ്രദേശിൽ നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിവ്യാ മിത്തലിന്റെ ഈ രാഷ്ട്രീയ പ്രവേശം. ഉത്തർപ്രദേശ് തന്റെ കർമ്മഭൂമിയാണെന്ന് വ്യക്തമാക്കിയ അവർ, സംസ്ഥാനത്ത് നിന്ന് തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അറിയിച്ചു. മിർസാപൂർ ജില്ലയിൽ നിന്നായിരിക്കും അവർ ജനവിധി തേടുകയെന്നാണ് സൂചനകൾ. ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നതിന് പകരം, ജനങ്ങൾക്കൊപ്പം ചേർന്ന് ഒരു സ്വതന്ത്ര ജനകീയ വേദി രൂപീകരിക്കാനാണ് അവർ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. അഴിമതിക്കെതിരെയും സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി അവർ പൊതുജനങ്ങളെ ഉൾപ്പെടുത്തി സ്വതന്ത്ര പ്ലാറ്റ്ഫോം നിർമ്മിക്കുമെന്ന് വ്യക്തമാക്കി.

സിവിൽ സർവീസിലേക്ക് എത്തുന്നതിന് മുൻപ് തന്നെ മികച്ച അക്കാദമിക് റെക്കോർഡുള്ള വ്യക്തിയായിരുന്നു ദിവ്യാ മിത്തൽ. ഡൽഹി ഐഐടിയിൽ നിന്ന് എൻജിനീയറിങ് ഫിസിക്സിൽ ബിടെക് ബിരുദം നേടി. പിന്നീട് ബാംഗ്ലൂർ ഐഐഎമ്മിൽ നിന്ന് മാനേജ്മെന്റിൽ പിജി നേടി. വിഖ്യാതമായ എംഐടിയിൽ (MITx) നിന്ന് ഡാറ്റ, ഇക്കണോമിക്സ് ആൻഡ് ഡെവലപ്മെന്റ് പോളിസിയിൽ ‘മൈക്രോമാസ്റ്റേഴ്സ്’ കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസത്തിന് ശേഷം ലണ്ടനിൽ ജെപി മോർഗൻ (JP Morgan) പോലുള്ള പ്രമുഖ ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലി അവർ ചെയ്തിരുന്നു. എന്നാൽ രാജ്യത്തെ സാധാരണ ജനങ്ങൾക്കായി പ്രവർത്തിക്കണമെന്ന ആഗ്രഹത്താൽ ഭർത്താവ് ഗഗൻദീപ് സിങ്ങിനൊപ്പം ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം യുപിഎസ്‌സി പരീക്ഷ എഴുതുകയും ആദ്യ തവണ ഐപിഎസ് (IPS) ലഭിക്കുകയും ചെയ്തു. തുടർന്ന് വീണ്ടും പരീക്ഷ എഴുതി 2013-ൽ 68-ാം റാങ്ക് സ്വന്തമാക്കിയാണ് ഉത്തർപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായി മാറുന്നത്.

മിർസാപൂർ ജില്ലാ മജിസ്ട്രേറ്റ് (DM) ആയിരിക്കെ, സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും കുടിവെള്ളം ലഭിക്കാതിരുന്ന ‘ലാഹൂറിയാദഹ്’ എന്ന മലയോര ഗ്രാമത്തിൽ പൈപ്പ് ലൈൻ വഴി ആദ്യമായി കുടിവെള്ളം എത്തിച്ചു. ഈ പ്രവർത്തനം വലിയ ജനശ്രദ്ധയും അഭിനന്ദനവും നേടിക്കൊടുത്തു. ദേവർറിയ, സന്ത് കബീർ നഗർ എന്നിവിടങ്ങളിൽ ജില്ലാ മജിസ്ട്രേറ്റായും, യുപി റൂറൽ റോഡ്സ് ഡെവലപ്മെന്റ് അതോറിറ്റി സിഇഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. ലഖ്‌നൗവിലെ റവന്യൂ ഡിപ്പാർട്ട്‌മെന്റിൽ സ്‌പെഷ്യൽ സെക്രട്ടറിയായിരിക്കെയാണ് കഴിഞ്ഞ ഓഗസ്റ്റിൽ അവർ സ്വയം വിരമിക്കലിന് (VRS) അപേക്ഷ നൽകിയത്.

അഴിമതി തുടച്ചുനീക്കാനും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനും ഉദ്യോഗസ്ഥ ഭരണത്തേക്കാൾ രാഷ്ട്രീയ ഇടപെടലുകളാണ് കൂടുതൽ ഫലപ്രദമെന്ന തിരിച്ചറിവിലാണ് താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് ദിവ്യാ മിത്തൽ വ്യക്തമാക്കിയിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!