Thursday, October 1, 2026
Home » പാക് സൈനിക വാഹന വ്യൂഹത്തിന് നേരെ ബലൂചിസ്ഥാൻ വനിതാ കമാൻഡോകളുടെ ആക്രമണം; ഒൻപത് സൈനികർ കൊല്ലപ്പെട്ടു
പാക് സൈനിക വാഹന വ്യൂഹത്തിന് നേരെ ബലൂചിസ്ഥാൻ വനിതാ കമാൻഡോകളുടെ ആക്രമണം; ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാക് സൈനിക വാഹന വ്യൂഹത്തിന് നേരെ ബലൂചിസ്ഥാൻ വനിതാ കമാൻഡോകളുടെ ആക്രമണം; ഒൻപത് സൈനികർ കൊല്ലപ്പെട്ടു

by Editor

തുർബത്ത്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക് സൈനിക വാഹനവ്യൂഹത്തിന് നേരെ ബലൂച് ലിബറേഷൻ ഫ്രണ്ടിന്റെ (BLF) വനിതാ സായുധ വിഭാഗം നടത്തിയ ശക്തമായ ആക്രമണത്തിൽ ഒൻപത് പാക് സൈനികർ കൊല്ലപ്പെട്ടു. ഈ സായുധ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് പൂർണ്ണമായും വനിതകൾ മാത്രമടങ്ങിയ ‘കരീമ ആർമ്ഡ് അസാൾട്ട് ഡിവിഷൻ’ (KAAD) എന്ന പ്രത്യേക കമാൻഡോ സംഘം ഒരു മുൻനിര പോരാട്ടത്തിൽ നേരിട്ട് പങ്കെടുക്കുന്നത്.

ബലൂചിസ്ഥാനിലെ തുർബത്ത് മേഖലയിൽ, ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന പാക് സൈന്യത്തിന്റെ ദ്രുത കർമ സേനയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തോക്കുകളേന്തിയ വനിതാ കമാൻഡോകൾ സൈനിക വാഹനങ്ങൾക്ക് തൊട്ടടുത്തെത്തി വെടിയുതിർക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ബി.എൽ.എഫ്. തങ്ങളുടെ ഔദ്യോഗിക മാധ്യമ വിഭാഗം വഴി പുറത്തുവിട്ടിട്ടുണ്ട്.

ബലൂചിസ്ഥാൻ പ്രവിശ്യയിലെ പ്രമുഖ സ്വാതന്ത്ര്യവാദ പ്രക്ഷോഭകാരിയും ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ആസാദിന്റെ ആദ്യ വനിതാ അധ്യക്ഷയുമായിരുന്ന കരീമ ബലൂചിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ വനിതാ പടയ്ക്ക് ‘കരീമ ആർമ്ഡ് അസാൾട്ട് ഡിവിഷൻ’ എന്ന് പേരിട്ടിരിക്കുന്നത്. 2020-ൽ കാനഡയിലെ ടൊറന്റോയിൽ കരീമ ബലൂചിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബലൂചിസ്ഥാൻ മേഖലയിൽ പതിറ്റാണ്ടുകളായി തുടരുന്ന സ്വതന്ത്രവാദ പ്രക്ഷോഭങ്ങളിൽ വനിതാ വിഭാഗം സജീവ പോരാട്ട രംഗത്തേക്ക് വരുന്നത് തന്ത്രപരമായ വലിയ മാറ്റമായാണ് നിരീക്ഷിക്കപ്പെടുന്നത്.

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും പാക്കിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ രൂക്ഷമാണ്. അതിർത്തി കടന്നുള്ള ആക്രമണങ്ങളും പാക് വ്യോമാക്രമണങ്ങളും കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന വേളയിൽ ആണ് ഈ ആക്രമണം. ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക് സൈന്യത്തിന് നേരെ ബലൂച് ലിബറേഷൻ ആർമി (BLA), ബി.എൽ.എഫ് (BLF) തുടങ്ങിയ സംഘടനകളുടെ ആക്രമണങ്ങൾ അതിരൂക്ഷമായി തുടരുകയാണ്.

പാക്കിസ്ഥാന്റെ ഏറ്റവും വലിയ ഭൂപ്രദേശവും പ്രകൃതിവിഭവങ്ങളുടെ (ഗ്യാസ്, സ്വർണം, ചെമ്പ്) പ്രധാന സ്രോതസ്സുമാണ് ബലൂചിസ്ഥാൻ. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) കടന്നുപോകുന്നത് ഇതിലൂടെയാണ്. അതുകൊണ്ട് തന്നെ സൈനിക ശക്തിയും അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയും ഉപയോഗിച്ച് ഈ പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്.

ബലൂചിസ്ഥാനിലെ സായുധ പോരാട്ടം അതിന്റെ ഏറ്റവും തീവ്രവും മാരകവുമായ ഘട്ടത്തിലാണ്. മുൻപ് മലനിരകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ആക്രമണങ്ങൾ ഇപ്പോൾ പ്രധാന നഗരങ്ങളിലേക്കും പാതകളിലേക്കും വ്യാപിപ്പിച്ചു. ചൈനീസ് ഉദ്യോഗസ്ഥരെയും പാക് സുരക്ഷാ സേനയെയും ലക്ഷ്യമിട്ടുള്ള ചാവേർ ആക്രമണങ്ങൾ പതിവായിരിക്കുന്നു.

ബലൂച് വിമോചന സംഘടനകൾ തങ്ങൾക്ക് വലിയൊരു ശതമാനം പ്രദേശങ്ങളുടെ നിയന്ത്രണമുണ്ടെന്ന് അവകാശപ്പെടാറുണ്ടെങ്കിലും, വസ്തുതാപരമായി അവർക്ക് സ്ഥിരമായ ഒരു സമാന്തര ഭരണപ്രദേശം നിലവിലില്ല. എങ്കിലും, വിശാലമായ ഉൾപ്രദേശങ്ങൾ, മലനിരകൾ, പാക്-ഇറാൻ അതിർത്തി മേഖലകൾ എന്നിവടങ്ങളിൽ പാക് സൈന്യത്തിന് വലിയ മേധാവിത്വമില്ല. ഭൂമിശാസ്ത്രപരമായ നിയന്ത്രണം പാക്കിസ്ഥാന്റെ കൈവശമാണെങ്കിലും, ഒളിപ്പോരിലൂടെ പ്രദേശം മുഴുവൻ നിരന്തരമായ അസ്ഥിരതയിലാക്കാൻ ബലൂച് കമാൻഡോകൾക്ക് സാധിക്കുന്നുണ്ട്. അടിച്ചമർത്തലുകൾ ശക്തമാണെങ്കിലും ബലൂചികളുടെ സ്വാതന്ത്ര്യ ദാഹം പൂർണ്ണമായി ഇല്ലാതാക്കാൻ പാക്കിസ്ഥാൻ സൈന്യത്തിന് കഴിഞ്ഞിട്ടുമില്ല.

പാക്കിസ്ഥാനിൽ വ്യത്യസ്ത ആക്രമണങ്ങളിൽ 39 മരണം

Send your news and Advertisements

You may also like

error: Content is protected !!