Friday, September 25, 2026
Home » കുട്ടികളുടെ പാസ്പോർട്ട് നിയമങ്ങളിൽ ഭേദഗതി; നിരക്കുകൾ വർധിപ്പിച്ചു.
ഇന്ത്യൻ പാസ്പോർട്ടിൽ നിരവധി മാറ്റങ്ങൾ

കുട്ടികളുടെ പാസ്പോർട്ട് നിയമങ്ങളിൽ ഭേദഗതി; നിരക്കുകൾ വർധിപ്പിച്ചു.

by Editor

ന്യൂ ഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കുട്ടികളുടെ പാസ്‌പോർട്ട് നിയമങ്ങളിൽ പ്രധാന ഭേദഗതികൾ വരുത്തുകയും അപേക്ഷാ നിരക്കുകൾ വർദ്ധിപ്പിക്കുകയും ചെയ്തു. 1980-ലെ പാസ്‌പോർട്ട് ചട്ടങ്ങളിലാണ് പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തി ഭേദഗതി വരുത്തിയിരിക്കുന്നത്.

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന 36 പേജുള്ള സാധാരണ പാസ്‌പോർട്ടുകളുടെ കാലാവധി ഇനിമുതൽ 5 വർഷം അല്ലെങ്കിൽ അവർക്ക് 18 വയസ്സ് തികയുന്നത് വരെ (ഏതാണോ ആദ്യം വരുന്നത് അത്) ആയിരിക്കും. 15 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് (15 മുതൽ 18 വയസ്സ് വരെയുള്ള കൗമാരക്കാർക്ക്) പുതിയ ഭേദഗതി പ്രകാരം പാസ്‌പോർട്ട് എടുക്കാൻ രണ്ട് ഓപ്ഷനുകൾ ലഭ്യമാണ്. 15 മുതൽ 18 വയസ്സ് വരെയുള്ളവർക്ക് മുതിർന്നവരെപ്പോലെ 10 വർഷത്തെ പൂർണ്ണ കാലാവധിയുള്ള പാസ്‌പോർട്ടിനായി അപേക്ഷിക്കാം. കുട്ടികൾക്ക് 18 വയസ്സ് തികയുന്നത് വരെയുള്ള കുറഞ്ഞ കാലാവധി മാത്രമുള്ള പാസ്‌പോർട്ടും തിരഞ്ഞെടുക്കാം.

കുട്ടികളുടെ പാസ്പോർട്ടിനായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ വിലാസ രേഖകൾ നൽകാവുന്നതാണ്. അപ്പോയിന്റ്മെന്റ് സമയത്ത് മാതാപിതാക്കൾ തങ്ങളുടെ പാസ്പോർട്ടും അതിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കരുതേണ്ടതുണ്ട്. എങ്കിലും പ്രായപൂർത്തിയാകാത്തവർക്ക് ലഭിക്കുന്ന പാസ്പോർട്ടുകൾ പിന്നീട് നേരിട്ട് മുതിർന്നവരുടെ 10 വർഷ കാലാവധിയുള്ള പാസ്പോർട്ടായി മാറില്ലെന്നും കുട്ടിക്ക് 18 വയസ് തികയുമ്പോൾ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം 60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് 10 വർഷത്തെ കാലാവധിയുള്ള പാസ്പോർട്ട് തന്നെയാണ് തുടർന്നും നൽകുക.

നിയമങ്ങളിലെ മാറ്റങ്ങൾക്ക് പുറമെ പാസ്പോർട്ട് സേവനങ്ങൾക്കുള്ള നിരക്കുകളിലും കാര്യമായ വർധനവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പുതിയ നിരക്കുകൾ അനുസരിച്ച് 36 പേജുള്ള സാധാരണ പാസ്പോർട്ടിന് 2500 രൂപയും തത്കാൽ സേവനത്തിന് 5000 രൂപയുമാണ് ഫീസ്. 60 പേജുള്ള പാസ്പോർട്ടിന് സാധാരണ നിരക്ക് 3500 രൂപയായും തത്കാൽ നിരക്ക് 8500 രൂപയായും ഉയർന്നു. പ്രായപൂർത്തിയാകാത്തവർക്ക് 36 പേജുള്ള പുതിയ പാസ്പോർട്ടിന് 1750 രൂപയും തത്കാലിന് 3000 രൂപയുമാണ് അടയ്‌ക്കേണ്ടത്. അതേസമയം എട്ടു വയസിന് താഴെയുള്ള കുട്ടികൾക്കും 60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പുതിയ അപേക്ഷകളിൽ ലഭിച്ച് വരുന്ന 10 ശതമാനം ഫീസ് ഇളവ് തുടർന്നും ലഭിക്കും. എന്നാൽ റീ-ഇഷ്യൂ ചെയ്യുന്ന പാസ്പോർട്ടുകൾക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.

നിലവിൽ നീല, വെള്ള, ചുവപ്പ് എന്നീ മൂന്ന് നിറങ്ങളിലുള്ള പാസ്പോർട്ടുകളാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. സാധാരണ പൗരന്മാർക്ക് സുരക്ഷിത യാത്രയ്ക്കായി ബയോമെട്രിക് ചിപ്പുകൾ അടങ്ങിയ നീല ഇ-പാസ്പോർട്ടുകൾ നൽകുപ്പോൾ, ഔദ്യോഗിക ആവശ്യങ്ങൾക്കായി വിദേശത്ത് പോകുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് വെള്ള പാസ്പോർട്ടും നയതന്ത്രജ്ഞർക്കും കേന്ദ്ര മന്ത്രിമാർക്കും റെഡ് പാസ്പോർട്ടുമാണ് അനുവദിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി വിവരങ്ങൾ പൂരിപ്പിച്ച് ഫീസടച്ച് തൊട്ടടുത്തുള്ള പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലോ പോസ്റ്റ് ഓഫീസ് കേന്ദ്രങ്ങളിലോ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്‌ത്‌ പൊതുജനങ്ങൾക്ക് അപേക്ഷ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

Send your news and Advertisements

You may also like

error: Content is protected !!