മെൽബൺ: വിക്ടോറിയയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് (ശനിയാഴ്ച) പുലർച്ചെ 2:01-നാണ് മെൽബണിന് തെക്കുകിഴക്കായി ലിയോംഗാത്തയ്ക്ക് (Leongatha) സമീപം 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സൗത്ത് ഗിപ്പ്സ്ലാൻഡിലെ കൊറുമ്പുറയ്ക്ക് (Korumburra) 6 കിലോമീറ്റർ വടക്കുകിഴക്കായും, ലിയോംഗാത്തയ്ക്ക് സമീപമുള്ള ആരവട്ട (Arawata) എന്ന പ്രദേശത്തുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. ഇത് മെൽബണിൽ നിന്നും ഏകദേശം 135 കിലോമീറ്റർ അകലെയാണ്.
ഭൂപ്രതലത്തിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. പുലർച്ചെ 2:56-ടെ 3.1 തീവ്രതയുള്ള ഒരു ശക്തമായ തുടർചലനവും പ്രദേശത്ത് അനുഭവപ്പെട്ടു. മെൽബൺ നഗരത്തിലും വിക്ടോറിയയുടെ മറ്റ് പ്രാദേശിക മേഖലകളിലും ഉള്ള ആയിരക്കണക്കിന് ആളുകളെ ഉറക്കത്തിൽ നിന്ന് ഉണർത്താൻ തക്ക ശക്തമായിരുന്നു ഈ കുലുക്കം. ജിയോസയൻസ് ഓസ്‌ട്രേലിയക്ക് (Geoscience Australia) പതിനാറായിരത്തിലധികം (16,000+) ആളുകളാണ് ഭൂചലനം അനുഭവിച്ചതായി റിപ്പോർട്ട് നൽകിയത്.

