വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യു.എസ് ഏറ്റെടുക്കുകയാണെന്നും തങ്ങൾ ഇനി മുതൽ “ദി ഗാർഡിയൻ ഓഫ് ദി ഹോർമുസ് സ്ട്രെയ്റ്റ്” (ഹോർമുസിന്റെ സംരക്ഷകൻ) എന്ന് അറിയപ്പെടുമെന്നും പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിലൂടെയും ഫോക്സ് ന്യൂസ് അഭിമുഖത്തിലൂടെയുമാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.
മധ്യപൂർവേഷ്യയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിന്‍റെ സുരക്ഷ അമേരിക്ക ഏറ്റെടുക്കുമെന്നും പകരമായി അതുവഴി കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ നിന്ന് 20 ശതമാനം ടോൾ ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി. സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് ദീർഘകാലമായി അമേരിക്ക സംരക്ഷിച്ച് വരികയാണെന്നും എന്നാൽ അതിന് പ്രതിഫലം ലഭിച്ചിട്ടില്ലെന്നും ഇനി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവ് വഹിക്കുന്ന രീതിയിൽ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കുമെന്നുമാണ് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇറാനിയൻ കപ്പലുകൾക്കും ഇറാനിലേക്ക് പോകുന്നതും അവിടെനിന്ന് വരുന്നതുമായ മറ്റ് കപ്പലുകൾക്കും മേൽ അമേരിക്ക നാവിക ഉപരോധം പുനഃസ്ഥാപിച്ചു.
അതിനിടെ യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) ഇറാന് മേൽ തുടർച്ചയായ മൂന്നാം രാത്രിയും കനത്ത ആക്രമണം നടത്തി. ഇറാന്റെ തീരദേശ താവളങ്ങൾ, മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, വെടിമരുന്ന് സംഭരണശാലകൾ, റഡാർ സംവിധാനങ്ങൾ എന്നിവ തകർക്കുകയാണ് യു.എസ് ലക്ഷ്യം. പ്രധാനമായും ബന്ദർ അബ്ബാസ്, സിരിക് തുടങ്ങിയ തീരദേശ നഗരങ്ങളിലാണ് ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായത്. ‘കമാൻഡർ ഇൻ ചീഫിൻ്റെ നിർദേശപ്രകാരം, ഇറാനെതിരെ തുടർച്ചയായ മൂന്നാമത്തെ രാത്രിയും യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം തുടങ്ങിയിട്ടുണ്ട്. ഈ ആക്രമണങ്ങൾ ഇറാനുള്ള കനത്ത തിരിച്ചടി തുടരുകയും ഹോർമുസിൽ സാധാരണക്കാരെയും വാണിജ്യ കപ്പലുകളെയും ആക്രമിക്കാനുള്ള അവരുടെ ശേഷി ദുർബലപ്പെടുത്തുകയും ചെയ്യും.‘-യുഎസ് സെൻട്രൽ കമാൻഡ് എക്‌സിൽ പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ യുഎസ് ഇറാന് ഉപരോധമേർപ്പെടുത്തിയതിനു പിന്നാലെയാണ് അടുത്തഘട്ട ആക്രമണം യുഎസ് ആരംഭിച്ചത്. ഉപരോധം ചൊവ്വാഴ്‌ച (യുഎസ് സമയം) നിലവിൽ വരും.
എന്നാൽ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് ഏറ്റെടുക്കാനാകില്ലെന്നും അത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കും പ്രാദേശിക പരമാധികാരത്തിനും വിരുദ്ധമാണെന്നും ഇറാൻ പ്രതികരിച്ചു. ഈ സുപ്രധാന സമുദ്രപാതയുടെ കാര്യത്തിൽ വിദേശ ഇടപെടൽ അംഗീകരിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. നേരത്തെ സംഘർഷം രൂക്ഷമായ നാളിൽ ഒമാനും ഇറാനും സംയുക്തമായി ഹോർമൂസ് നിയന്ത്രിക്കുമെന്നും ചുങ്കം ഏർപ്പാടാക്കുമെന്നും ഇറാൻ അറിയിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് തങ്ങളുടെ പരമാധികാര പരിധിയിലുള്ളതാണെന്നും അമേരിക്കൻ ഇടപെടലുകൾ അനുവദിക്കില്ലെന്നും ഇറാൻ റവല്യൂഷനറി ഗാർഡ് (IRGC) വ്യക്തമാക്കി.
ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ യു.എസ് നടത്തുന്ന ഈ തുടർച്ചയായ വ്യോമാക്രമണങ്ങൾ ഐക്യരാഷ്ട്രസഭയുടെ (UN) ചാർട്ടറിന്റെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ സൈന്യം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ടെന്നും ഇറാൻ റവല്യൂഷനറി ഗാർഡ് (IRGC) വ്യക്തമാക്കി.
ഹൂതികൾ സൗദി അറേബ്യൻ വിമാനത്താവളം ആക്രമിച്ചു; കപ്പൽ പാതയായ ‘ബാബ് അൽ മന്ദബും’ അടയ്ക്കുമെന്ന് ഭീഷണി

