Tuesday, July 14, 2026
Home » ഹൂതികൾ സൗദി അറേബ്യൻ വിമാനത്താവളം ആക്രമിച്ചു; കപ്പൽ പാതയായ ‘ബാബ് അൽ മന്ദബും’ അടയ്ക്കുമെന്ന് ഭീഷണി
ഹൂതികൾ സൗദി അറേബ്യൻ വിമാനത്താവളം ആക്രമിച്ചു.

ഹൂതികൾ സൗദി അറേബ്യൻ വിമാനത്താവളം ആക്രമിച്ചു; കപ്പൽ പാതയായ ‘ബാബ് അൽ മന്ദബും’ അടയ്ക്കുമെന്ന് ഭീഷണി

by Editor

റിയാദ്: ഹൂതികൾ സൗദി അറേബ്യൻ വിമാനത്താവളം ആക്രമിച്ചു. സൗദിയുടെ അബഹ അന്താരാഷ്ട്ര വിമാനത്താവളം (Abha International Airport) ലക്ഷ്യമിട്ടാണ് പ്രധാനമായും ഹൂതികൾ ആക്രമണം നടത്തിയത്. ഇതിനെത്തുടർന്ന് മുൻകരുതലിന്റെ ഭാഗമായി സൗദി തെക്കൻ മേഖലയിലെ നാല് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. അബഹ (Abha), ജിസാൻ (Jizan), നജ്‌റാൻ (Najran), ഷറൂറ (Sharurah) എന്നീ വിമാനത്താവളങ്ങൾ ആണ് താൽക്കാലികമായി അടച്ചത്.

സൗദി സഖ്യസേനയുടെ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർത്തു. ആക്രമണത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ ദക്ഷിണ മേഖലയ്ക്ക് നേരെ ഭീകര സംഘടനയായ ഹൂതി മിലിഷ്യകൾ ഉയർത്തിയ മിസൈൽ ഭീഷണിയെ പ്രതിരോധ സേന സമയോചിതമായി നേരിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ അതിർത്തി സുരക്ഷയും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ സൗദി അറേബ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സദാ സജ്ജമാണെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

യമൻ തലസ്ഥാനമായ സൻആയിൽ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഈ മിസൈൽ ആക്രമണമെന്ന് ഹൂതി വിമതർ അവകാശപ്പെട്ടു. സൻആ വിമാനത്താവളത്തിൽ നടന്ന ഈ ആക്രമണം സൗദി അറേബ്യയുടെ നിർദ്ദേശപ്രകാരമോ അല്ലെങ്കിൽ സൗദി യുദ്ധവിമാനങ്ങൾ ഉപയോഗിച്ചോ ആണ് നടത്തിയതെന്ന് ഹൂതികൾ ആരോപിക്കുന്നു. തങ്ങളുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളം തകർത്തതിനും വ്യോമാതിർത്തി ലംഘിച്ചതിനും പകരമായി “കണ്ണിൽ ചോരയില്ലാത്ത സൗദി അധിനിവേശത്തിന്” തിരിച്ചടി നൽകുകയാണെന്ന് ഹൂതി സൈനിക വക്താവ് യഹിയ സരീ വ്യക്തമാക്കി. ഈ ആക്രമണത്തോടെ 2022 മുതൽ നിലനിന്നിരുന്ന താൽക്കാലിക സമാധാന അന്തരീക്ഷം അവസാനിച്ചതായും അവർ പ്രഖ്യാപിച്ചു. ഇറാനിൽ നിന്നുള്ള വിമാനം ലാൻഡ് ചെയ്യുന്നത് തടയാനാണ് സൻആ വിമാനത്താവളത്തിൽ ആക്രമണം ഉണ്ടായത്.

അതിനിടെ ചെങ്കടലിലെ അതീവ നിർണ്ണായക കപ്പൽപ്പാതയായ ബാബ് അൽ മന്ദബ് ഇടുക്ക് അടച്ചുപൂട്ടുമെന്നും യെമൻ ഭീഷണി മുഴക്കിയിട്ടുണ്ട്. യെമന് നേരെ സൗദി അറേബ്യ നടത്തുന്ന വ്യോമാക്രമണങ്ങൾ തുടർന്നാൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് ഇറാന്റെ പ്രസ് ടിവി പുറത്തുവിട്ട വീഡിയോയിലൂടെയുള്ള മുന്നറിയിപ്പ്. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും അമേരിക്കയും ഉൾപ്പെട്ട സംഘർഷം കൂടുതൽ വഷളാകുന്നതിന്റെ ഭാഗമായാണ് ചെങ്കടലിലെ ബാബ് അൽ മന്ദബ് അടച്ചുപൂട്ടുമെന്ന പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്. അങ്ങനെയുണ്ടായാൽ ഇന്ധന വിപണി തകരുമെന്നും പല രാജ്യങ്ങളും പട്ടിണി മുന്നിൽ കാണേണ്ടി വരുമെന്നും ഇറാന്റെ പ്രസ് ടിവി പുറത്തുവിട്ട വീഡിയോ വ്യക്തമാക്കുന്നു. ആഗോള എണ്ണക്കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള തന്ത്രപ്രധാന പാതയാണിത്.

കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൾ ഇന്നും ഇറാൻ ആക്രമണം.

Send your news and Advertisements

You may also like

error: Content is protected !!