ദുബായ്: ഹോർമുസ് കടലിടുക്കിൽ യു.എ.ഇ.യുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ കപ്പൽ ജീവനക്കാരനായ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഒമാന്റെ പ്രാദേശിക സമുദ്രാതിർത്തിയിലെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ ഭാഗത്തുകൂടി സഞ്ചരിക്കുകയായിരുന്ന ‘മൊംബാസ’ (Mombasa), ‘അൽ ബാഹിയ’ (Al Bahiyah) എന്നീ യു.എ.ഇ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ ‘മൊംബാസ’ എന്ന കപ്പലിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്.
ഇറാൻ ആക്രമണത്തിൽ എട്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഇതിൽ ആറ് പേർ ഇന്ത്യൻ പൗരന്മാരും രണ്ട് പേർ യുക്രൈൻ സ്വദേശികളുമാണ്. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തെ തുടർന്ന് രണ്ട് കപ്പലുകളിലും വലിയ രീതിയിൽ തീപിടിത്തമുണ്ടാവുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ അടിയന്തര രക്ഷാസംഘങ്ങൾ ചേർന്ന് കപ്പലുകളിലെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ് ഇറാൻ നടത്തിയതെന്നും തങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ശക്തമായി തിരിച്ചടിക്കാൻ യു.എ.ഇക്ക് പൂർണ്ണ അവകാശമുണ്ടെന്നും യു.എ.ഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ബഹ്റൈനിലും പുലര്‍ച്ചെ ആക്രമണശ്രമം ഉണ്ടായി. രണ്ട് തവണ അപായ സൈറണ്‍ മുഴങ്ങി. യു.എ.ഇയുടെ എണ്ണക്കപ്പലുകൾ തങ്ങളുടെ മുന്നറിയിപ്പുകൾ അവഗണിച്ച്, നാവിഗേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്ത് നിയമവിരുദ്ധമായ പാതയിലൂടെ സഞ്ചരിച്ചതിനാലാണ് കപ്പലുകൾക്ക് നേരെ ക്രൂയിസ് മിസൈൽ അയച്ചതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ യു.എസ് കപ്പൽ ഉപരോധം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, യു.എസ് മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് (CENTCOM) ഇറാന് നേരെ വ്യോമാക്രമണം ശക്തമാക്കി. ഈ പുതിയ യുദ്ധസാഹചര്യത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില (Brent Crude) ഒറ്റയടിക്ക് 7.8% വർദ്ധിച്ച് ബാരലിന് 81.92 ഡോളറിലെത്തി.

