ന്യൂ ഡൽഹി: പശ്ചിമേഷ്യൻ (ഗൾഫ്) സംഘർഷത്തിൽ ഇതുവരെ 13 ഇന്ത്യക്കാർ കൊല്ലപ്പെടുകയും 3 പേരെ കാണാതാവുകയും ചെയ്തതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ വ്യോമാക്രമണത്തോടെ ആരംഭിച്ച യുദ്ധത്തിന് ശേഷമുള്ള ആകെ കണക്കാണിത്.
ഏറ്റവും ഒടുവിലായി യു.എ.ഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും 10 ഇന്ത്യക്കാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഇറാനെതിരെ ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ വ്യോമാക്രമണങ്ങളെ തുടർന്ന് ഗൾഫ് മേഖലയിലുണ്ടായ തുടർച്ചയായ സംഘർഷങ്ങളിലാണ് ഭൂരിഭാഗം പേർക്കും ജീവൻ നഷ്ടമായത്. ഗൾഫ് ഓഫ് ഒമാനിലും ഹോർമുസ് കടലിടുക്കിലും ഇറാൻ്റെയും യു.എസ്. സൈന്യത്തിൻ്റെയും ഭാഗത്തുനിന്നുണ്ടായ മിസൈൽ-വ്യോമാക്രമണങ്ങളിൽ പെട്ടാണ് വാണിജ്യ കപ്പലുകളിലെ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത്. ഏപ്രിൽ മധ്യത്തോടെ യു.എസ്. ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിച്ച കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ, ഡൽഹിയിലെ ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ നാവിക ഗതാഗതം ഉറപ്പാക്കണമെന്നും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും അന്താരാഷ്ട്ര ജലപാതകളിലെ സുരക്ഷയും സ്വതന്ത്ര കപ്പൽ ഗതാഗതവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും മേഖലയിൽ ഉടൻ സംഘർഷം അവസാനിപ്പിച്ച് നയതന്ത്രപരമായ പരിഹാരത്തിലേക്ക് നീങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

