വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം ടോൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് പിന്മാറി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവടങ്ങളിലെ ഭരണാധികാരികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ടോളിന് പകരമായി ഈ ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ വൻതോതിൽ പണം നിക്ഷേപിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
മധ്യപൂർവേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അമേരിക്ക ഏറ്റെടുക്കുമെന്നും, അതിനു പകരമായി ചരക്കുകപ്പലുകളിൽ നിന്ന് 20% ടോൾ ഈടാക്കുമെന്നുമായിരുന്നു ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം, എന്നാൽ യുഎസിന് ലഭിക്കേണ്ട സാമ്പത്തികമായ ആനുകൂല്യങ്ങൾ ടോൾ വഴിയല്ലാതെ, കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളിലൂടെ ഗൾഫ് രാജ്യങ്ങൾ ഉറപ്പുനൽകിയതായി ട്രംപ് വ്യക്തമാക്കി. ഇത് അമേരിക്കയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ തകർന്ന സമ്പദ്വ്യവസ്‌ഥയെ കൂടുതൽ തരിപ്പണമാക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. ഹോർമുസ് വഴി ഏത് കപ്പലിനും കടന്നുപോകാം. ഇറാനിലേക്ക് പോകുന്നവയെയും ഇറാനിൽ നിന്ന് വരുന്നവയെയും തടയും. ഇതിനകം 100 കപ്പലുകളെ മടക്കി അയച്ചെന്ന് പറഞ്ഞ യുഎസ് സൈന്യം, 4 കപ്പലുകളെ തകർക്കുകയും ചെയ്തു. അതേസമയം, ഹോർമുസിൻ്റെ നിയന്ത്രണം എക്കാലവും ഇറാന് തന്നെയായിരിക്കുമെന്ന് പറയുന്ന ഇറാൻ, കപ്പലുകളെ ആക്രമിക്കുന്നത് തുടരുകയാണ്. ഇതിനുള്ള തിരിച്ചടിയെന്നോണം ഇറാനിൽ പലയിടത്തും യുഎസ് സൈന്യം കടുത്ത ആക്രമണവും നടത്തുന്നുണ്ട്.
ഇറാൻ തീരദേശ നഗരങ്ങളായ ബുഷെർ (Bushehr), ബന്ദർ അബ്ബാസ് (Bandar Abbas) തുടങ്ങിയ ഇടങ്ങളിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നാലാം രാത്രിയും ശക്തമായ ബോംബാക്രമണം നടത്തി. വാണിജ്യ കപ്പലുകളെ ആക്രമിക്കാൻ ഇറാൻ ഉപയോഗിക്കുന്ന എയർ ഡിഫൻസ് സിസ്റ്റങ്ങൾ, റഡാറുകൾ, മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, ഇറാന്റെ ചെറുകിട സൈനിക ബോട്ടുകൾ എന്നിവ യുഎസ് സെൻട്രൽ കമാൻഡ് ആക്രമിച്ചു. ഹോർമുസ് കടലിടുക്കിലൂടെ ഇറാന്റെ കപ്പലുകൾ സഞ്ചരിക്കുന്നത് തടഞ്ഞുകൊണ്ട് യുഎസ് കടുത്ത സമുദ്ര ഉപരോധം (Naval Blockade) ഏർപ്പെടുത്തിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തന്ത്രപ്രധാനമായ ഖേഷ്ം (Qeshm) ദ്വീപിലെ ഭൂഗർഭ മിസൈൽ താവളത്തിന് നേരെയും കേഷ് (Kish) ദ്വീപിലെ വൈദ്യുതി-ജല വിതരണ കേന്ദ്രങ്ങൾക്ക് സമീപവും യുഎസ് മിസൈലുകൾ പതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ 388-ാം മെക്കനൈസ്ഡ് ഇൻഫന്ററി ബ്രിഗേഡിന് (388th Mechanized Infantry Brigade) നേരെ ചൊവ്വാഴ്ച യുഎസ് സൈന്യം ശക്തമായ ആക്രമണം നടത്തിയതായും അവിടെ വലിയ നാശനഷ്ടങ്ങളും മരണങ്ങളും ഉണ്ടായതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇറാനിലെ സിസ്താൻ-ബലൂചിസ്താൻ പ്രവിശ്യയിലുള്ള ബംപൂർ (Bampur) മിലിട്ടറി ബേസിന് നേരെയാണ് അമേരിക്ക ഈ വ്യോമാക്രമണം നടത്തിയത്. സൈനികർ താമസിച്ചിരുന്ന ബാരക്കുകൾക്ക് (Barracks) നേരെയാണ് യുഎസ് യുദ്ധവിമാനങ്ങൾ പ്രധാനമായും ബോംബ വർഷം നടത്തിയത്. ആക്രമണത്തിൽ ഈ സൈനിക വ്യൂഹത്തിലെ നിരവധി സൈനികർ കൊല്ലപ്പെടുകയും ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടാകാം. എന്നാൽ നാശനഷ്ടങ്ങളുടെയോ മരണങ്ങളുടെയോ കൃത്യമായ കണക്കുകൾ പുറത്തുവിടാൻ ഇറാൻ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി തയ്യാറായിട്ടില്ല.
യുഎസ് വ്യോമാക്രമണങ്ങൾക്ക് മറുപടിയായി മിഡിൽ ഈസ്റ്റിൽ യുഎസ് സൈനിക സാന്നിധ്യമുള്ള രാജ്യങ്ങളിലെ താവളങ്ങൾക്ക് നേരെ ഇറാൻ വ്യാപകമായി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുന്നുണ്ട്. ഇറാൻ ഹോർമുസ് കടലിടുക്ക് ഔദ്യോഗികമായി അടച്ചതായി പ്രഖ്യാപിച്ചെങ്കിലും, ഒമാൻ തീരത്തോട് ചേർന്നുള്ള ബദൽ പാതയിലൂടെ യുഎസ് സൈന്യം വാണിജ്യ കപ്പലുകൾക്ക് കാവലൊരുക്കുന്നുണ്ട്. എന്നാൽ ഈ പാതയിലൂടെ പോകുന്ന കപ്പലുകളെ ഇറാൻ ലക്ഷ്യമിടുന്നത് മേഖലയിലെ സംഘർഷം അതിരൂക്ഷമാക്കിയിരിക്കുകയാണ്.
ഇറാൻ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ രാജ്യത്തെ ഊർജ്ജ പ്ലാന്റുകളും പ്രധാന പാലങ്ങളും ബോംബിട്ടു തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഇറാനെതിരെ യുഎസ് സൈന്യം നിലവിൽ നടത്തുന്ന വ്യോമാക്രമണങ്ങൾ വളരെ ശക്തമാണ്. താൻ ‘ഇനി മതി’ എന്ന് പറയുന്നത് വരെ ഈ ആക്രമണങ്ങൾ തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ എണ്ണ-ഊർജ്ജ സംഭരണശാലകൾ തകർക്കുന്നത് ഏറ്റവും അവസാനത്തെ നീക്കമായി മാറ്റിവെച്ചിരിക്കുകയാണെന്നും, നിലവിൽ തീരദേശത്തെ സൈനിക ലക്ഷ്യങ്ങളാണ് ആക്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇറാൻ ഉടൻ തന്നെ ചർച്ചകളുടെ മേശപ്പുറത്തേക്ക് തിരിച്ചെത്തി പുതിയ കരാർ ഒപ്പിടാൻ നിർബന്ധിതരാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. യുഎസിന്റെ സൈനിക ശക്തിക്ക് മുന്നിൽ ഇറാന് മറ്റ് വഴികളില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

