പാക്കിസ്ഥാനിൽ നിന്ന് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ (Republic of Balochistan) എന്ന പേരിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു കത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. പ്രമുഖ ബലൂച് നേതാവായ മിർ യാർ ബലൂചിന്റെ പേരിൽ പുറത്തുവന്ന ഈ പ്രസ്താവന പ്രകാരം, പ്രവിശ്യയുടെ 85 ശതമാനം പ്രദേശവും തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് ബലൂച് സ്വതന്ത്രവാദികൾ അവകാശപ്പെടുന്നു. എന്നാൽ, ഈ അവകാശവാദങ്ങൾക്ക് ഇതുവരെ സ്വതന്ത്രമായ സ്ഥിരീകരണമോ പാക്കിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക പ്രതികരണമോ ലഭ്യമായിട്ടില്ല.
വൈറലായ പ്രസ്താവനയിൽ ‘മാ ചുക്കായിൻ ബലൂചാനി’ (Ma Chukain Balochani) എന്ന ഗാനം ദേശീയ ഗാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ‘ബലൂചി ഫലൂസ്’ (Balochi Falus) എന്ന പേരിൽ പുതിയ കറൻസിയും അവതരിപ്പിച്ചിട്ടുണ്ട്. അതുമാത്രമല്ല സ്വന്തമായി പുതിയ ദേശീയ പതാകയും ഭരണസംവിധാനവും നിലവിൽ വന്നതായി അവകാശപ്പെടുന്നു. മേഖലയിലെ സ്വർണ്ണ-ചെമ്പ് ഖനികൾ, 150-ലധികം സജീവ വാതകപ്പാടങ്ങൾ, 1200-ലധികം കൽക്കരി ഖനികൾ എന്നിവയുടെ നിയന്ത്രണം പുതിയ ഭരണകൂടം ഏറ്റെടുത്തതായി കത്തിൽ പറയുന്നു.
ആധുനിക യുദ്ധവിമാനങ്ങളോ ടാങ്കുകളോ ഇല്ലെങ്കിലും സ്വന്തം മണ്ണ് സംരക്ഷിക്കാൻ തങ്ങൾ പ്രാപ്തരാണെന്നും, അഞ്ച് ലക്ഷത്തോളം വരുന്ന സൈനിക-സിവിൽ ഭരണവിഭാഗം 2026 അവസാനത്തോടെ പാക് അധിനിവേശ ശക്തികളെ പൂർണ്ണമായും തുരത്താൻ സജ്ജമാണെന്നും ഇവർ അവകാശപ്പെടുന്നു. പാക് സൈന്യം, പോലീസ്, അതിർത്തി സേന എന്നിവയിൽ സേവനമനുഷ്ഠിച്ചിരുന്ന നിരവധി ബലൂചികളും പഷ്തൂണുകളും ഔദ്യോഗിക പദവികൾ രാജിവെച്ച് ബലൂചിസ്ഥാൻ പക്ഷത്ത് ചേർന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വൈറലായ പ്രസ്താവനയിൽ, അന്താരാഷ്ട്ര സമൂഹം ബലൂചിസ്ഥാനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്നും ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ആഗോള സംഘടനകൾ പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാന്‍റെ പടിഞ്ഞാറ് ബലൂചിലും തെക്ക് പാക് അധീന കശ്മീരിലും ഒരേ സമയം വലിയ പ്രതിഷേധങ്ങളാണ അരങ്ങേറുന്നത്. ഇതിനിടെയാണ് ബലൂച് വിഘടനവാദികൾ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്.
BREAKINGN NEWS 🚨⚓️✈️
The Republic of Balochistan’s Defense and Security Forces Have Secured 85% of Balochistan’s Territory13 July, 2026
Balochistan has declared its independence, adopted its national anthem, “”Ma Chukain Balochani,” introduced its national flag, established… pic.twitter.com/sCUm7rSlye
— Mir Yar Baloch (@miryar_baloch) July 13, 2026
പാക്ക് അധിനിവേശ കശ്മീരിൽ വീണ്ടും സംഘർഷം, സുരക്ഷാസേന 7 പേരെ വധിച്ചു.
പാക്ക് അധിനിവേശ കശ്മീരിലെ (PoK) റാവലകോട്ടിലും പരിസര പ്രദേശങ്ങളിലും ജനങ്ങളും സുരക്ഷാസേനയും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ ഏഴ് സാധാരണക്കാർ വെടിയേറ്റ് മരിച്ചു. നിരോധിച്ച ജനകീയ കൂട്ടായ്മയായ ‘ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’ (JAAC) ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഷേധ മാർച്ചിന് മുന്നോടിയായി പാക് സേന നടത്തിയ അടിച്ചമർത്തലാണ് വീണ്ടും വലിയ ചോരച്ചൊരിച്ചിലിലേക്ക് നയിച്ചത്.
സുധ്‌നോതി ജില്ലയിലും റാവലകോട്ടിലെ പുതിയ ബസ് ടെർമിനലിന് സമീപവും ഉണ്ടായ വെടിവെപ്പിലാണ് സാധാരണക്കാർ കൊല്ലപ്പെട്ടത്. പുതിയ അക്രമ സംഭവങ്ങളോടെ മേഖലയിൽ പാക്ക് ഭരണകൂടത്തിനെതിരെയുള്ള ജനരോഷം അതിരൂക്ഷമായിരിക്കുകയാണ്. മേഖലയിൽ മാസങ്ങളായി ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അമേരിക്കയിലെ വൈറ്റ് ഹൗസിന് മുന്നിൽ കശ്മീരി സ്വദേശികൾ വലിയ പ്രതിഷേധം സംഘടിപ്പിച്ചു. ജനവാസ മേഖലകളിൽ നിന്ന് പാക് സൈന്യത്തെ പിൻവലിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മാനുഷിക പരിഗണന മുൻനിർത്തി ഇന്ത്യ നിയന്ത്രണരേഖ (LoC) തുറന്നുതരണമെന്നും അവർ അഭ്യർത്ഥിച്ചിട്ടുണ്ട്.
സംഘർഷങ്ങളിൽ പാക്കിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. പതിറ്റാണ്ടുകളായുള്ള ചൂഷണത്തിന്റെയും പീഡനത്തിന്റെയും നേരിട്ടുള്ള പ്രതിഫലനമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങളെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെടുത്തുന്നതും ഇന്റർനെറ്റ് റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള പാക്ക് നടപടികളെ ഇന്ത്യ അപലപിച്ചു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിനു പകരം, സ്ത്രീകളെയും കുട്ടികളെയും പോലും പാക്ക് ഭരണകൂടം ക്രൂരമായി നേരിടുകയാണെന്നും നിരായുധരായ ജനങ്ങൾക്ക് നേരെ മാരകായുധങ്ങൾ ഉപയോഗിക്കുന്നതിനെതിരെ രാജ്യാന്തര സമൂഹം പാക്കിസ്ഥാനെ വിചാരണ ചെയ്യണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
പാക് അധിനിവേശ കശ്മീർ: ജനകീയ പ്രക്ഷോഭം അതിരൂക്ഷമാകുന്നു, പാക്കിസ്ഥാൻ സൈന്യം പിന്മാറണം എന്ന് ആവിശ്യം.

