Monday, June 8, 2026
Home » പാക് അധീന കാശ്മീരിൽ സംഘർഷം; അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
പാക് അധീന കാശ്മീരിൽ സംഘർഷം; അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

പാക് അധീന കാശ്മീരിൽ സംഘർഷം; അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

by Editor

കാശ്മീർ: പാക് അധീന കാശ്മീരിലെ (PoK) രാവലകോട്ടിൽ ഇന്ന് നടന്ന കനത്ത ഏറ്റുമുട്ടലിൽ 5 പാക്കിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റുമുട്ടലിനെ തുടർന്ന് പാക്കിസ്ഥാൻ സൈന്യം രാവലകോട്ട് പ്രദേശം പൂർണ്ണമായും വളയുകയും സുരക്ഷ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി PoK-യിൽ നടക്കുന്ന അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പന്ത്രണ്ടായി.

പാക് അധീന കാശ്മീരിൽ (PoK) നിരോധിക്കപ്പെട്ട ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ കനത്ത പ്രക്ഷോഭവും സുരക്ഷാ സേനയുമായി വലിയ തോതിലുള്ള ഏറ്റുമുട്ടലുകളും നടക്കുകയാണ്. ജൂൺ ആദ്യ വാരത്തിൽ രാവലകോട്ട്, മുസാഫറാബാദ് തുടങ്ങിയ പ്രധാന മേഖലകളിൽ പൊട്ടിപ്പുറപ്പെട്ട ഈ അക്രമാസക്തമായ സംഘർഷങ്ങളിൽ 4 പോലീസ് ഉദ്യോഗസ്ഥരും 3 സാധാരണക്കാരും ഉൾപ്പെടെ കുറഞ്ഞത് 7 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ‘ഷഹസൈബ്’ എന്ന പ്രതിഷേധക്കാരന്റെ വിലാപയാത്രയ്ക്കിടെ (Funeral) പാക് സൈന്യം നാട്ടുകാരെ ആക്രമിച്ചതായി ആരോപണമുണ്ട്. ഇത് വലിയ രീതിയിലുള്ള പൊതുജന പ്രകോപനത്തിന് കാരണമാവുകയും ജനങ്ങളും സുരക്ഷാ സേനയും തമ്മിൽ കനത്ത ഏറ്റുമുട്ടലിലേക്ക് വഴിമാറുകയും ചെയ്തു. നാളെ (ജൂൺ 9-ന്) JAAC പ്രഖ്യാപിച്ചിരുന്ന വലിയ തോതിലുള്ള ലോക്ക്ഡൗൺ സമരത്തിന് മുന്നോടിയായി, പാക് ഭരണകൂടം ഈ സംഘടനയെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. നിരോധനത്തിന് പിന്നാലെ സംഘടനയുടെ പ്രധാന നേതാക്കളെയും എഴുപതോളം പ്രവർത്തകരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്യുകയും സംഘടനയുടെ പ്രധാന ഓഫീസുകൾ സീൽ ചെയ്യുകയും ചെയ്തു.

സബ്‌സിഡി നിരക്കിൽ ഗോതമ്പ് മാവും വൈദ്യുതിയും ലഭ്യമാക്കുക, ഭരണവർഗത്തിന്റെ ആഡംബര ആനുകൂല്യങ്ങൾ നിർത്തലാക്കുക, പ്രാദേശിക വിഭവങ്ങളുടെ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ 38 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് JAAC പ്രതിഷേധിക്കുന്നത്. വരുന്ന ജൂലൈ 27-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ, ഇസ്ലാമാബാദിന് രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാൻ പാകത്തിൽ നിയമസഭയിൽ കശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള 12 സീറ്റുകൾ നിർത്തലാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

സംഘർഷാവസ്ഥ കണക്കിലെടുത്ത് യു.എസ്.എ., കാനഡ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് പാക് അധീന കാശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന കർശനമായ ട്രാവൽ അഡ്വൈസറി പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയിലെ കമ്മ്യൂണിക്കേഷൻ ബ്ലാക്കൗട്ടിലും മനുഷ്യാവകാശ ലംഘനങ്ങളിലും ആശങ്ക രേഖപ്പെടുത്തി മുപ്പതോളം ബ്രിട്ടീഷ് എംപിമാർ അവിടുത്തെ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.

ഗിൽ‌ജിത് – ബാള്‍ട്ടിസ്താന്‍ ലഡാക്കിന്റെ ഭാഗം; പാക് അധീന കാശ്മീർ ഇന്ത്യയിൽ ലയിക്കുമോ?.

Send your news and Advertisements

You may also like

error: Content is protected !!