Wednesday, June 10, 2026
Home » പാട്ടുകളുടെ ഗോപിക്കുറി; പി.കെ.ഗോപിക്ക് ജന്മദിനാശംസകൾ
പാട്ടുകളുടെ ഗോപിക്കുറി; പി.കെ.ഗോപിക്ക് ജന്മദിനാശംസകൾ

പാട്ടുകളുടെ ഗോപിക്കുറി; പി.കെ.ഗോപിക്ക് ജന്മദിനാശംസകൾ

വിനോദ് കട്ടച്ചിറ

by Editor

കതിരോലകൾകൊണ്ട് പാട്ടിന്റെ പന്തലൊരുക്കി, ചീരപ്പൂവുകൾക്കുമ്മകൊടുത്ത്, താരാപഥത്തെ ചേതോഹരമാക്കിയെടുത്ത കവി.
ആനയ്ക്കെടുപ്പത് പൊന്നും, ആയിരപ്പറ മുത്തുമുണ്ടെന്ന്, പാടിനടക്കാൻ മലയാളികളെപഠിപ്പിച്ച ഗാന രചയിതാവ്. ഡോ. പി.കെ. ഗോപി.

ചെറുപ്പകാലം തൊട്ട് എഴുതിത്തുടങ്ങിയതാണ് പി.കെ. ഗോപി. ഇൻലന്റ് മാസിക മുതൽ മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും കവിതകൾകൊണ്ട് പൂക്കളംതീർത്ത സാഹിത്യകാരനാണ് അദ്ദേഹം. ഗാനങ്ങളും, കവിതകളും എങ്ങനെയൊക്കെ ശാന്തസുന്ദരമായി അവതരിപ്പിക്കാനാവുമെന്ന് ലളിതഗാനങ്ങളിലൂടെയും പ്രണയ​ഗാനങ്ങളിലൂടെയും, ഭക്തി​ഗാനങ്ങളിലൂടെയുമൊക്കെ തെളിയിച്ചുതന്നു, പി.കെ.ഗോപി.

സമൂഹത്തോട് ശക്തമായിസംവദിക്കാനുള്ള, സാമൂഹികനീതിക്കും, അസമത്വങ്ങൾക്കുമെതിരേ പൊരുതാനുള്ള ഏറ്റവും നല്ലവഴി എഴുത്താണെന്ന് വിശ്വസിക്കുന്ന കവി. പല കവിതകളിലും അക്ഷരങ്ങളെ ജ്വലിപ്പിച്ചു അദ്ദേഹം. എന്നാലൊരു മുഴുവൻസമയ എഴുത്തുകാരനാവാൻ, അല്ലെങ്കിൽ ഗാന രചനയിൽത്തന്നെ ഉറച്ചുനിൽക്കാൻ അന്നൊക്കെ പി.കെ.ഗോപിക്ക് ആവുമായിരുന്നില്ല. കാരണം അദ്ദേഹമൊരു ഫിസിയോതെറാപ്പിസ്റ്റായിരുന്നു.

കേരളത്തിലെ വിവിധജില്ലകളിലെ സർക്കാർ ആശുപത്രികളിൽ അദ്ദേഹം ജോലിചെയ്തുവരികയായിരുന്നു. നാട്ടിന്‍പുറത്തിന്റെ മങ്ങലേല്‍ക്കാത്ത കാഴ്ചകളും വായ്‌മൊഴികളില്‍ എന്നോ നഷ്ടപ്പെട്ട പ്രയോഗങ്ങളുമൊക്കെയായിരുന്നു പി.കെ.ഗോപിയുടെ ഓരോപാട്ടുകളിലും നിറഞ്ഞുനിന്നിരുന്നത്. ഒരു കവിതയിലെന്നപോലെ ബിംബങ്ങള്‍കൊണ്ടും ഉപമകള്‍ക്കൊണ്ടും പാട്ടുകളെ അലങ്കരിച്ചുവച്ചു അദ്ദേഹം. മറ്റുള്ളവരിൽനിന്നും പി.കെ.ഗോപി വ്യത്യസ്തനാകുന്നതും അതുകൊണ്ടാണ്.

1988-ല്‍ ഐ.വി. ശശി സംവിധാനംചെയ്ത ‘മുക്തി‘ എന്ന ചിത്രത്തിലൂടെ ശ്യാമിന്റെ സംഗീതത്തില്‍ പാട്ടുകളെഴുതിക്കൊണ്ടാണ് പി.കെ.ഗോപി സിനിമാരംഗത്തേക്ക് കടക്കുന്നത്. പക്ഷേ, ആ സിനിമയില്‍ നിന്ന് ഗാനങ്ങള്‍ ഒഴിവാക്കിയതോടെ പി.കെ. ഗോപിയുടേതായി ആദ്യംപുറത്തുവരുന്നത് കമലിന്റെ ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ എന്ന ചിത്രത്തിലെ ഗാനങ്ങളാണ്. “കാതിരോലപന്തലൊരുക്കി
പടകാളിമുറ്റമൊരുക്കി മാളോര്…” എന്ന ആദ്യ ഗാനം തന്നെ സൂപ്പർഹിറ്റായി. നാടൻ ശൈലിയിലുള്ള ചില പ്രത്യേകപദപ്രയോഗങ്ങൾ ആസ്വാദകർക്കും ഏറെയിഷ്ടമായി.

ആകാശവാണിയിലെ ശ്രദ്ധേയമായ മിക്ക ലളിതഗാനങ്ങളുടെയും വരികൾ പി.കെ. ഗോപിയുടേതായിരുന്നു. “വെഞ്ചാമരം വീശും മന്ദാനിലന്‍” എന്ന ഗാനം എം.ജി. രാധാകൃഷ്ണന്റെയും പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥി ന്റെയും ഈണത്തിൽ “ലളിതസംഗീതപാഠം” എന്ന പ്രോഗ്രാമിലൂടെ പഠിപ്പിക്കുകയുണ്ടായി.
“താനേപൂവിട്ടമോഹം…” (സസ്നേഹം)
“മാംഗല്യപൂവിലിരിക്കും…” (സസ്നേഹം)
“കിനാവിന്റെകൂടിൻ
കവാടംതുറന്നു….” (ശുഭയാത്ര)
“മേലേമാനത്തേ തേര്….” (നീലഗിരി)
മായാമഞ്ചലിൽ ഇതുവഴിയേ….” (ഒറ്റയാൾപട്ടാളം)
“ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ…” (ധനം)
“താരാപഥം ചേതോഹരം….” (അനശ്വരം)
ഖൽബിലൊരൊപ്പനപ്പാട്ടുണ്ടേ….” (നാരായം) തുടങ്ങി മലയാളികളെന്നും മൂളിനടക്കുന്ന അനേകം പാട്ടുകൾ പി.കെ.ഗോപി, നമുക്ക് സമ്മാനിച്ചു. കവിതാസമാഹാരങ്ങളെപ്പറ്റിയും ലഭിച്ച പുരസ്ക്കാരങ്ങളെപ്പറ്റിയും എഴുതാനാണെങ്കിൽ ഒരുപാടുണ്ട്.

ഡോ.പി.കെ.ഗോപി 73-ന്റെ നിറവിലാണിന്ന്. സർവീസിൽനിന്നും റിട്ടയറായശേഷം കവിതയെഴുത്തും ഗാനരചനയും തുടരുകയാണ് വീണ്ടുമദ്ദേഹം. പുതിയചിത്രം “പച്ചമാങ്ങ“യുടെ പാട്ടുകൾ ഇറങ്ങിക്കഴിഞ്ഞു. മലയാളഭാഷയെ ധന്യമാക്കുന്ന അനേകംവരികൾ ആ തൂലികയിൽ ഇനിയും ജനിയ്ക്കട്ടെ.

പി.കെ. ഗോപിയുടെ ജന്മദിനം 1949 ജൂൺ 8 ആണ്.

ഡോ.പി.കെ.ഗോപിക്ക് ജന്മദിനാശംസകൾ നേരുന്നു.

വിനോദ് കട്ടച്ചിറ

Send your news and Advertisements

You may also like

error: Content is protected !!